ബജ്‌രങ് ദൾ നേതാവ് വെടിയേറ്റു മരിച്ചു; ജെഡിയു മന്ത്രിക്കെതിരെ കൊലക്കേസ്
Mail This Article
പട്ന∙ ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കവേ, ഭരണകക്ഷിയായ ജെഡിയുവിനു തിരിച്ചടിയായി മന്ത്രിക്കെതിരെ കൊലക്കുറ്റത്തിനു കേസ്. ബജ്‌രങ് ദൾ നേതാവ് ജയ് ബഹാദുർ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മന്ത്രി രാംസേവക് സിങ്ങിന് എതിരെയാണു കേസെടുത്തത്. ബഹാദുർ സിങ്ങിന്റെ പേരക്കുട്ടി ധീരേന്ദ്ര സിങ്ങിന്റെ പരാതിപ്രകാരമാണു മന്ത്രിക്കെതിരെ ഐപിസി 120 ബി (ഗൂഢാലോചന), 302 (കൊലപാതകം) എന്നീ വകുപ്പുകൾ ചുമത്തിയത്.
ഭരണകക്ഷിക്കു വോട്ട് ചെയ്യണമെന്ന പ്രചാരണത്തെ എതിർത്തതിനു ജയ് ബഹാദുർ സിങ്ങിനെ വകരുത്താൻ മന്ത്രി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണമെന്നു മിർഗഞ്ജ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശശി രഞ്ജൻ പറഞ്ഞു. മോട്ടർ ബൈക്കിലെത്തിയ രണ്ടുപേർ ബഹാദുർ സിങ്ങിനെ വെടിവയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആശുപത്രിയിൽ ഓടിയെത്തിയ ബന്ധുക്കളും അനുയായികളും പൊലീസ് ജീപ്പ് നശിപ്പിച്ചു. ആറു മണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു.
ജയ് ബഹാദുർ സിങ്ങിനെ അറിയാമെന്നും എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും രാംസേവക് സിങ് പറഞ്ഞു. പ്രതിപക്ഷത്തെ ആർജെഡി മനഃപൂർവം തന്റെ പേര് ഈ സംഭവത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിയെക്കൂടാതെ മറ്റ് അഞ്ചു പേർക്കെതിരെയും ആരോപണമുണ്ടെന്നും ഭൂമിത്തർക്കം ഉൾപ്പെടെ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും ഗോപാൽഗഞ്ജ് പൊലീസ് സൂപ്രണ്ട് മനോജ് തിവാരി പറഞ്ഞു.
English Summary: JD(U) minister booked for murder, blames political rivals