ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്: തെറ്റില്‍ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍
Mail This Article
ന്യൂഡല്‍ഹി∙ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്ടര്‍ അനുവദിച്ചതിനെക്കുറിച്ചുള്ള ഒക്‌ടോബര്‍ 21ലെ ട്വീറ്റില്‍ പിശക് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മധ്യപ്രദേശ് സര്‍ക്കാരിന്റെ വിധി നിര്‍ണയിക്കുന്ന, എംഎല്‍എമാരുടെ അയോഗ്യതാ കേസ് വിധി പറയാനിരിക്കെയാണ് കന്‍ഹ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രശാന്ത ഭൂഷന്റെ ട്വീറ്റ്.
അതേസമയം, ആ സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് നടന്നുവെന്നും ശിവരാജ് സിങ് സര്‍ക്കാരിന്റെ നിലനില്‍പ് തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി നടപടിയെ അടിസ്ഥാനമാക്കിയല്ലെന്നും തെറ്റില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിക്കുകയായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാരെ മന്ത്രിമാരാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീര്‍പ്പാക്കിയിരുന്നു.
ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്നു മുമ്പ് കോടതി വിധിച്ചിരുന്നു. ശിക്ഷയായി ഒരു രൂപ പിഴയടയ്ക്കുകയും ചെയ്തിരുന്നു.
English Summary: "Regret Error": Prashant Bhushan After Tweet On Chief Justice Of India