ADVERTISEMENT

കാലം അറുപതുകളുടെ തുടക്കം. ഹാസ്യസമ്രാട്ട് ഇവിയുടെ മക്കളും മലയാള നോവലിലെ സിംഹസാന്നിധ്യം സിവിയുടെ കൊച്ചുമക്കളും എന്നതായിരുന്നു അന്ന് ആ ചെറുപ്പക്കാരുടെ പ്രധാന മേൽവിലാസം. (അച്ഛനും മുത്തച്ഛനുമൊപ്പം തലയെടുപ്പുള്ളവരായി പിൽക്കാലം അവരെ വായിച്ചുവെന്നത് ചരിത്രം). മലയാള സാഹിത്യവും നാടകവും സിനിമയുമൊക്കെ മാറ്റത്തിന്റെ കാറ്റൊച്ചയ്ക്കു കാതോർക്കുന്ന അക്കാലത്താണ് ആ ചെറുപ്പക്കാരിൽ ഇളയവൻ കെ. പത്മനാഭൻ നായർ കുട്ടികളുടെ നാടകവേദി എന്നൊരു സ്വപ്നം കണ്ടത്. ചേട്ടൻ കെ. ഭാസ്‌കരൻ നായരുമായി ചേർന്ന് അയാളതു യാഥാർഥ്യമാക്കി. വിടരുന്ന മൊട്ടുകൾ എന്ന പേരിൽ പത്മനാഭൻ നായർ ഒരു നാടകമെഴുതി, അതിലെ പാട്ടുകളെഴുതി, അവയ്ക്ക് ഈണവുമിട്ടു. അന്നേ നാടകവേദികളിൽ സജീവമായിരുന്ന ഭാസ്‌കരൻ നായർ അതു സംവിധാനം ചെയ്തു.

തിരുവനന്തപുരത്ത് അളഗപ്പ ഹാളിലായിരുന്നു അതിന്റെ പ്രദർശന ഉദ്ഘാടനം. നിർവഹിച്ചത് ഇന്ദിരാഗാന്ധി. ഉദ്ഘാടനം കഴിഞ്ഞ് ഒരൊറ്റ രംഗം കണ്ട് ഉടൻ പോകണമെന്നു പറഞ്ഞ ഇന്ദിര കസേരയിൽനിന്ന് എഴുന്നേറ്റത് നാടകം തീർന്നശേഷം. വേദിയിലെത്തി കുട്ടികളെയും പിന്നണിക്കാരെയും അഭിനന്ദിച്ച ശേഷമേ ഇന്ദിര മടങ്ങിയുള്ളൂ. സാക്ഷാൽ കെ. ബാലകൃഷ്ണനടക്കം നാടകത്തെ അഭിനന്ദിച്ച് എഴുതി. മലയാള നാടകവേദിയിലാദ്യമായി കുട്ടികളുടെ നാടകസംഘം എന്ന ആശയം അവതരിപ്പിച്ച കെ. പത്മനാഭൻ നായർ പിൽക്കാലത്ത് മലയാള പത്രപ്രവർത്തനത്തിലെ വലിയ പേരുകളിലൊന്നായി – പത്മൻ. ചേട്ടൻ ഭാസ്കരൻ നായരെ കാലം അടൂർ ഭാസിയെന്നു വിളിച്ചു.

വലിയ പേരുകളുടെ പിൻഗാമിയായിരുന്നു പത്മൻ. അച്ഛൻ ഇ,വി, കൃഷ്ണപിള്ള, അമ്മ മഹേശ്വരിയമ്മയുടെ പിതാവ് സാക്ഷാൽ സി.വി. രാമൻപിള്ള, മൂത്ത സഹോദരൻ ചന്ദ്രാജി മലയാളത്തിൽനിന്ന് ആദ്യമായി ഹിന്ദി സിനിമയിലഭിനയിച്ച ആൾ, മലയാള സിനിയ്ക്ക് ഒരുകാലത്ത് ഒഴിച്ചുകൂടാനാവാതിരുന്ന ചെന്നൈയിലെ ആർ.കെ ലാബ് സ്ഥാപിച്ചത് ചന്ദ്രാജിയാണ്. രണ്ടാമത്തെ ജ്യേഷ്ഠൻ അടൂർ ഭാസി. ഈ വലിയ പേരുകൾക്കിടയിൽ പത്മൻ തന്റെ പേരും എഴുതിച്ചേർത്തത് പ്രതിഭയും പെരുമാറ്റവും കൊണ്ടാണ്.

ഇ.വി. കൃഷ്ണപിള്ളയുടെ വജ്രമൂർച്ചയുള്ള നർമവും സി.വി. രാമൻപിള്ളയുടെ വാഗ്‌പ്രയോഗപാടവവും സൂക്ഷ്മതയുമായിരുന്നു പത്മന്റെ പ്രതിഭയ്ക്കു തിളക്കമേറ്റിയ ഘടകങ്ങൾ. പത്രപ്രവർത്തകനായത് നാടകവേദിക്കു നഷ്ടമായെന്നു പിന്നീടു പലരും പറഞ്ഞെങ്കിലും അതു പത്രപ്രവർത്തന മേഖലയ്ക്കു സമ്മാനിച്ചത് അതുല്യമികവുള്ള ഒരു മാധ്യമപ്രവർത്തകനെയും പത്രാധിപരെയുമായിരുന്നു. 1965 ൽ മലയാള മനോരമ പത്രത്തിൽ സബ് എഡിറ്ററായി ജോലിക്കു ചേർന്ന പത്മൻ ഏറെക്കാലം പ്രാദേശികവാർത്താ ഡസ്കിന്റെ ചീഫായിരുന്നു.

കെ.ആര്‍. ചുമ്മാർ, വികെബി, ടികെജി തുടങ്ങിയവരുടെ പിൻഗാമിയായി മനോരമയിലെ പ്രഫഷനലിസത്തിനു പുതിയ മാനം മാനം നൽകിയ സംഘത്തിൽ പത്മനും തോമസ് ജേക്കബുമൊക്കെയുണ്ടായിരുന്നു. പ്രാദേശിക ലേഖകരെ കൂടുതൽ നിയമിച്ച്, അവർക്കു പരിശീലനം നൽകി ഗ്രാമങ്ങളിൽ പോലും പത്രത്തിനു പ്രചാരമുണ്ടാക്കുന്നതിൽ അവരുടെ കൂട്ടായ്മ വിജയിച്ചു. പത്രത്തിന്റെ പ്രചാരം അതോടെ കുതിച്ചുകയറി.

മനോരമ ദിനപത്രത്തിൽ ഇന്നുമുള്ള കുഞ്ചുക്കുറുപ്പ് എന്ന ജനപ്രിയ പോക്കറ്റ് കാർട്ടൂണിന് മുപ്പതു വർഷത്തോളം ആശയം നൽകിയതും അടിക്കുറിപ്പെഴുതിയതും പത്മനായിരുന്നു. വാർത്തകൾ കൈകാര്യം ചെയ്യുന്നതിന്റെ തിരക്കിനിടയിലും അദ്ദേഹം കുഞ്ചുവിനു സമയം കണ്ടെത്തി. അതിലെ പല കാർട്ടൂണുകളുടെയും ‘പ്രഹരശേഷി’ മാരകമായിരുന്നു. വാ‌യനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കുഞ്ചുക്കുറുപ്പ് ചിലപ്പോൾ വിവാദമുണ്ടാക്കി, അധികൃതരെ പ്രകോപിപ്പിച്ചു. സർക്കാർ നടപടികളെ സ്വാധീനിക്കാൻ പോലും അതിനു കഴിഞ്ഞു. അസാമാന്യമായ നർമത്തിലൂടെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിയെറിഞ്ഞു പലപ്പോഴും കുഞ്ചുക്കുറുപ്പ്. 

കേരള കോൺഗ്രസ് എമ്മിൽനിന്നു കെ. നാരായണക്കുറുപ്പ് പുറത്തുപോകുന്നുവെന്ന് അഭ്യൂഹം പരക്കുന്ന കാലം. 

മന്ത്രിമാരുടെ ദൈനംദിന യാത്രാ പരിപാടി പത്രത്തിൽ കൊടുക്കുന്ന പതിവുണ്ട് അന്ന്. ഒരുദിവസത്തെ കുഞ്ചുക്കുറുപ്പിൽ കുറുപ്പ് പത്രം വായിക്കുന്നു– ‘ഗതാഗതമന്ത്രി കെ. നാരായണക്കുറുപ്പ് രാവിലെ മാണിഗ്രൂപ്പില്‍നിന്നു പുറപ്പെട്ട് ഉച്ചയോടെ ജോസഫ് ഗ്രൂപ്പില്‍ എത്തിച്ചേരുന്നതും അവിടെ അല്‍പം വിശ്രമിച്ചശേഷം വീണ്ടും മാണി ഗ്രൂപ്പില്‍ തിരിച്ചെത്തുന്നതും രാത്രിയോടെ വീണ്ടും ജോസഫ് ഗ്രൂപ്പിലെത്തി വിശ്രമിക്കുന്നതുമാണ്.’

പത്രത്തിൽനിന്നു വിരമിച്ചതിന്റെ പിറ്റേക്കൊല്ലം, 1989 ലാണ് പത്മൻ മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപക്കസേരയിലെത്തുന്നത്. അച്ഛൻ ഇവിയായിരുന്നു അതിന്റെ സ്ഥാപക പത്രാധിപർ. വെളുത്ത മുണ്ടും ജൂബയും ധരിച്ച, ഒത്ത ഉയരവും വണ്ണവും മൂർച്ചയുള്ള നോട്ടവുമുള്ള പത്രാധിപർ അതേസമയം സ്നേഹത്തിന്റെയും കരുതലിന്റെയും മറുപേരുമായിരുന്നു സഹപ്രവർത്തകർ അടക്കമുള്ളവർക്ക്. ആഴ്ചപ്പതിപ്പുകൾ തമ്മിൽ കടുത്ത മൽസരമായിരുന്നു അക്കാലത്ത്. സർക്കുലേഷൻ കൂട്ടാൻ സഹായിച്ചിരുന്ന ക്രൈം ഫീച്ചറുകൾ നിർത്തുകയെന്ന സാഹസിക തീരുമാനം പത്മനെടുത്തപ്പോൾ പലരും സംശയിച്ചു. പക്ഷേ ജനപ്രിയ എഴുത്തുകാരെക്കൊണ്ട് കുടുംബനോവലുകളും സിനിമാതാരങ്ങളുെട ആത്മകഥയും വീട്ടമ്മമാർക്കു വേണ്ടിയുള്ള പൊടിക്കൈകളും അടക്കമുള്ള പംക്തികൾ തുടങ്ങി അദ്ദേഹം വാരികയുടെ പ്രചാരത്തെ ആകാശത്തേക്കുയർത്തി. ഉള്ളടക്കത്തിലെ മികവായിരുന്നു വിജയരഹസ്യം. ആഴ്ചപ്പതിപ്പിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ‘പ്രഹ്ലാദൻ സംസാരിക്കുന്നു’ എന്ന പംക്തി വളരെയേറെ ജനപ്രിയമായിരുന്നു. വായനക്കാരുടെ ചോദ്യങ്ങൾക്ക് കുറിക്കു കൊള്ളുന്ന ഉത്തരമായിരുന്നു അതിന്റെ സവിശേഷത. പിൽക്കാലത്ത് അത് കേരള സാക്ഷരതാ മിഷൻ പുസ്തകമാക്കി. 

തന്റെ സഹോദരങ്ങളുമായി ഗാഢമായ അടുപ്പമുണ്ടായിരുന്നു പത്മന്. അതിന്റെ തെളിവാണ് എന്റെ ഭാസിയണ്ണൻ എന്ന പുസ്തകം.

ഉഗ്രപ്രതിഭകളുടെ പിന്മുറക്കാരനെന്ന മേൽവിലാസത്തിലേക്കു വിനയത്തോടെ സ്വയം ചേർത്തു വച്ചപ്പോഴും പത്മൻ തന്റെ വഴികൾ തനിയെ തെളിച്ചെടുത്തിരുന്നു. ആ വഴിയിൽ തെളിഞ്ഞുകിടക്കുന്നുണ്ട് ഒരു കാലഘട്ടത്തിന്റെ ധൈഷണികജീവിതത്തിന്റെ സഞ്ചാരരേഖകൾ.

English Summary : Veteran journalist Padman passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com