സൈനികർ പിന്മാറില്ല, പരസ്പര പ്രകോപനവും ഇല്ല; ലഡാക്കിൽ ഇന്ത്യ–ചൈന എട്ടാം ചർച്ച
Mail This Article
ന്യൂഡൽഹി∙ ലഡാക്ക് സംഘർഷം സംബന്ധിച്ച് ചൈനീസ് സേനയുമായി നടത്തിയ എട്ടാമത്തെ ചർച്ചയും ക്രിയാത്മകമായിരുന്നെന്ന് ഇന്ത്യ. എന്നാൽ മേഖലയിൽനിന്നുള്ള ഇരുപക്ഷത്തിന്റെയും സൈനിക പിന്മാറ്റം സംബന്ധിച്ച് ഈ ചർച്ചയിലും തീരുമാനമായില്ല. രണ്ടു രാജ്യത്തെയും നേതാക്കൾ ചേർന്നെടുത്ത പൊതുതീരുമാനം നടപ്പാക്കും. ഇരുവിഭാഗവും തമ്മിലുള്ള തെറ്റിദ്ധാരണകളും അതിർത്തിയിലെ സൈനിക മുന്നേറ്റങ്ങളും ഒഴിവാക്കാനും ശ്രമമുണ്ടാകുമെന്നും ഇന്ത്യ–ചൈന സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇരു പക്ഷത്തും സൈനിക–നയതന്ത്ര ചർച്ച തുടരാൻ തീരുമാനമായിട്ടുണ്ട്. നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളും തുടരും.
കിഴക്കൻ ലഡാക്കിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ വെള്ളിയാഴ്ചയാണ് എട്ടാം വട്ട ചർച്ച നടന്നത്. ലേ ആസ്ഥാനമായ 14 കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ആഭ്യന്തര മന്ത്രാലയം ജോയിന്റെ സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചർച്ചയിൽ പങ്കെടുത്തു. പത്തര മണിക്കൂറോളം ചർച്ച നീണ്ടു. ചൈനയുമായുള്ള ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുന്നതായും ചർച്ചയുടെ അടുത്തഘട്ടം ഉടൻ തന്നെയുണ്ടാകുമെന്നും കേന്ദ്രം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യ– ചൈന അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപത്തെ സേനാവിന്യാസം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ ഇരുരാജ്യങ്ങളും മുന്നോട്ടുവച്ചു. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ വിവിധ മലനിരകളിലായി 50000 ത്തോളം ഇന്ത്യൻ സൈനികരാണ് യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്നത്. അതികഠിനമായ മഞ്ഞായിട്ടും ഇതാണ് നിലവിലെ സ്ഥിതി. ചൈനയും അരലക്ഷത്തോളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി സംഘര്‍ഷങ്ങളും യാതൊരു പ്രകോപനവുമില്ലാത്ത സൈനിക നീക്കങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ചൈനയുമായി ‘വലിയ സംഘട്ടനം’ തള്ളിക്കളയാനാവില്ലെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.
ചൈനയും പാക്കിസ്ഥാനും രഹസ്യധാരണയോടെ പ്രവര്‍ത്തിക്കുന്നത് മേഖലയില്‍ അസ്ഥിരതയ്ക്കും സംഘര്‍ഷത്തിനും കാരണമാകുമെന്നും എട്ടാംവട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ചൈനയുമായി പൂര്‍ണതോതിലുള്ള യുദ്ധമുണ്ടാകില്ലെങ്കിലും വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയ് മുതൽ ലഡാക്കില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ കൈവിട്ടുപോയേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇത്ര ഗുരുതരമായി നേരിട്ടു പ്രതികരണം നടത്തുന്നത് ഇതാദ്യമായാണ്.
കൂടുതൽ സൈനികരെ ലഡാക്ക് മേഖലയിലേക്ക് എത്തിക്കില്ലെന്ന് ഇന്ത്യയും ചൈനയും ആറാം ഘട്ട ചർച്ചയ്ക്കൊടുവിൽ തീരുമാനിച്ചിരുന്നു. നിലവിലെ സമാധാനാവസ്ഥ തകിടം മറിക്കുന്ന യാതൊരു നീക്കവുമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ മോസ്കോയിലായിരുന്നു ആറാം ഘട്ട ചർച്ച. ഷാങ്‌ഹായ് സഹകരണ ഉച്ചകോടിക്കിടെ സെപ്റ്റംബർ 10നായിരുന്നു ഇത്.
English Summary: Constructive talks were held with China, says India; Next round of meeting soon