ADVERTISEMENT

പട്‌ന∙ ഏതുനിമിഷവും അകന്നുപോകാവുന്ന ഒരു അടുപ്പക്കാരനായാണ് ബിജെപി എക്കാലവും നിതീഷ് കുമാറിനെ കരുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അത്ര ഊഷ്മളമായ ബന്ധമായിരുന്നില്ല നിതീഷിന് മുമ്പ് ഉണ്ടായിരുന്നതു താനും. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് ബിജെപി നിതീഷിനെ കൈകാര്യം ചെയ്യുന്നത്. ബിഹാറില്‍ കാറ്റ് നിതീഷിന് എതിരെയാണു വീശുന്നതെന്നു തിരിച്ചറിഞ്ഞ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇക്കുറി 'ബിജെപി മുഖ്യമന്ത്രി' എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തന്ത്രങ്ങള്‍ വിജയത്തിലെത്തുമോ എന്നു മണിക്കൂറുകള്‍ക്കകം വ്യക്തമാകും.  

കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പസ്വാന്റെ മകനും ദലിത് നേതാവുമായി ചിരാഗ് പസ്വാനെ എതിര്‍ത്തും എതിര്‍ക്കാതെയും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി കളിച്ചതും നിതീഷിനെ ലക്ഷ്യമിട്ടു തന്നെയാണെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. നിയമസഭയില്‍ തേജസ്വി യാദവിന്റെ ആര്‍ജെഡി മുന്‍തൂക്കം നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ചിരാഗിന്റെ എല്‍ജെപി നിതീഷിന്റെ ജെഡിയുവിന്റെ സീറ്റുകള്‍ കുറയ്ക്കുകയും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉരുത്തിരിയുകയും ചെയ്താല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാനാകുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. 

modi-nitish

ഈ സാഹചര്യത്തില്‍ ചിരാഗ് കിങ്‌മേക്കറാകും. ബിജെപിക്കു മുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കാനായാല്‍ പിതാവിന്റെ വഴിയേ കേന്ദ്രമന്ത്രി പദവിയായിരിക്കും ചിരാഗിന് സമ്മാനമായി ലഭിക്കുക. കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കു ലഭിച്ചാല്‍ നിതീഷിന് മാന്യമായ പടിയിറക്കത്തിന് അവസരം നല്‍കാനും സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറച്ചുനാള്‍ മുഖ്യമന്ത്രിയായിരുന്ന ശേഷം രാഷ്ട്രീയ വനവാസത്തിലേക്കു നിതീഷ് മടങ്ങുമെന്നും സൂചനയുണ്ട്. ബിജെപി സംസ്ഥാന രാഷ്ട്രീയത്തില്‍ കരുത്താര്‍ജിക്കുന്നതോടെ നിതീഷിന്റെ ജെഡിയുവിലെ വലിയൊരു വിഭാഗം നേതാക്കളും അവിടേക്കു ചേക്കേറുമെന്നാണു ദേശീയനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിതീഷ് വീണാല്‍ മറ്റൊരു നേതാവില്ലാത്ത ജെഡിയുവിന്റെ പിന്നാക്ക വോട്ട് ബാങ്ക് തങ്ങള്‍ക്കൊപ്പമാകുമെന്ന പ്രതീക്ഷയാണു ബിജെപിക്കുള്ളത്. 

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹനുമാനാണെന്ന ചിരാഗിന്റെ പ്രസ്തവനയും ചിരാഗിനെ മുറിവേല്‍പ്പിക്കാതെയുള്ള മോദിയുടെ പ്രചാരണവും ബിജെപിയുടെ രാഷ്ട്രീയ കൗശലത്തിന്റെ തെളിവായാണ് ജെഡിയു നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിനിടയില്‍, നിതീഷിന്റെ സ്വപ്ന ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ ചിരാഗ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍ കേന്ദ്രം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും നേതാക്കള്‍ കരുതുന്നു. ചിരാഗിനെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന നീക്കങ്ങളിലെ അപകടം തിരിച്ചറിഞ്ഞ ജെഡിയു നേതാക്കള്‍ പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 

1200-tejashwi-chirag-nithish

പൗരത്വനിയമത്തിന്റെ പേരിലും നിതീഷ് ബിജെപിയുമായി വ്യക്തമായ അഭിപ്രായഭിന്നതയിലായിരുന്നു. ഒരുഘട്ടത്തില്‍ ജെഡിയു ആര്‍ജെഡിയുടെ മഹാസഖ്യത്തിലേക്കു മടങ്ങുമോ എന്നു പോലും ബിജെപി ആശങ്കപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ ജെഡിയു പിന്തുണച്ചെങ്കിലും പിന്നീട് ബിഹാറില്‍ പൗരത്വ നിയമത്തിന്റെയും പൗരരജിസ്റ്ററിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് പൗരരജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞതും ബിജെപി നേതൃത്വത്തെ കുരുക്കിലാക്കിയിരുന്നു. 

കേന്ദ്രമന്ത്രിസഭാ രൂപീകരണ വേളയില്‍ ജെഡിയുവിന് അംഗബലത്തിന് ആനുപാതികമായി മന്ത്രിസ്ഥാനം വേണമെന്ന നിതീഷിന്റെ ആവശ്യം ബിജെപി തള്ളിയിരുന്നു ഒരു മന്ത്രിസ്ഥാനം മാത്രമാണു നല്‍കിയത്. അതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയാണ് നിതീഷ് തിരിച്ചടിച്ചത്. ഇരുകൂട്ടരും മന്ത്രിസ്ഥാനം നിരസിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com