ADVERTISEMENT

പട്ന∙ പത്തൊൻപതു മണിക്കൂറോളം നീണ്ട വോട്ടെണ്ണൽ സസ്പെൻസിനൊടുവിൽ ബിഹാറിൽ ആവേശ ക്ലൈമാക്സ്! ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം നിലനിർത്തി. 243 അംഗ സഭയിൽ എൻഡിഎ 125 സീറ്റുകൾ നേടി(122 സീറ്റാണ് കേവലഭൂരിപക്ഷം). ആർജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളിൽ വിജയിച്ചു. 75 സീറ്റുകൾ നേടി തേജസ്വി പ്രതാപിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ഒരു സീറ്റു മാത്രം പിന്നിൽ ഉജ്വല പ്രകടനവുമായി ബിജെപി 74 സീറ്റുകൾ നേടി. ഭരണം നിലനിർത്തിയെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരഞ്ഞെടുപ്പിൽ നിറംമങ്ങി. 43 സീറ്റുകൾ മാത്രമാണ് ജെഡിയുവിന് നേടാനായത്. നിതീഷിനോട് ഇടഞ്ഞ് എൻഡിഎ വിട്ട് 137 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽജെപി ഒറ്റ സീറ്റിൽ ഒതുങ്ങി. മഹാസഖ്യത്തിൽ ഇടതുപാർട്ടികൾ മികച്ച മുന്നേറ്റം നടത്തിയപ്പോൾ കോൺഗ്രസിന് അടിതെറ്റി.

bihar-election-celebration
വിജയതാളം... ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലെ മുന്നേറ്റം പട്നയിൽ ആഘോഷിക്കുന്ന ബിജെപിപ്രവർത്തകർ ചിത്രം:പിടിഐ.

29 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികൾ 16 ഇടത്ത് വിജയിച്ചു. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് വിജയിക്കാനായത് 19 സീറ്റിൽ മാത്രം. അസദുദ്ദീൻ ഉവൈസിയുടെ എംഐഎംഐഎം നടത്തിയ മുന്നേറ്റം മറ്റൊരുതരത്തിൽ മഹാസഖ്യത്തിന് തിരിച്ചടിയായി. സീമാഞ്ചൽ മേഖലയിൽ എംഐഎംഐഎം 5 മണ്ഡലങ്ങളിൽ വിജയിച്ചു. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 24 സീറ്റുകളിലാണ് എംഐഎംഐഎം മത്സരിച്ചത്. പതിനാലും സീമാഞ്ചലിലായിരുന്നു.

11 ഇടത്ത് ലീഡ് ആയിരത്തില്‍ താഴെ

നേരിയ ഭൂരിപക്ഷത്തോടെയാണ് പലയിടത്തും ജയം. 11 ഇടത്ത് ലീഡ് ആയിരത്തില്‍ താഴെ, 500ൽ താഴെ വോട്ടിനു ജയം ഏഴു മണ്ഡലങ്ങളില്‍.ബിഹാറിലെ ഹില്‍സയില്‍ ജെഡിയു ജയം വെറും 12 വോട്ടിന്. ബര്‍ബിഘ (113 വോട്ട്), ദേഹ്‌രി (464) എന്നിവിടങ്ങളില്‍ ആര്‍ജെഡി ബച്വാരയില്‍ ബിജെപി (484), ഭോറായില്‍ ജെഡിയു (462) മതിഹനിയില്‍ എല്‍ജെപി ജയിച്ചത് 333 വോട്ടിന്.

ട്വിസ്റ്റ്, സസ്പെൻസ് ഒടുവിൽ ക്ലൈമാക്സ്!

പുലർച്ചെ മൂന്നു മണിയോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്തിമഫലം പുറത്തുവന്നത്. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ അര്‍ധരാത്രി പിന്നിട്ടതോടെ വോട്ടെണ്ണൽ ഫലം അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന ഉറപ്പുമായി രാത്രി ഒരു മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്താസമ്മേളനവും പ്രത്യേകതയായി. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യം മുന്നിട്ടുനിന്നത് മഹാസഖ്യമാണ്. എൻഡിഎയെ 20ലധികം സീറ്റുകളിൽ പിന്നിലാക്കി 50 കടന്ന മഹാസഖ്യം വിജയത്തിലേക്കെന്ന പ്രതീതി ജനിപ്പിച്ചു. എന്നാൽ തൊട്ടുപിന്നാലെ ബിജെപി മുന്നേറ്റത്തോടെ എൻഡിഎയ്ക്ക് അനുകൂലമായ ഫലസൂചനകൾ വന്നു. കേവലഭൂരിപക്ഷവും കടന്ന് എൻഡിഎയുടെ ലീഡ് നില കുതിക്കുന്ന കാഴ്ചയായി പിന്നീട്.

എന്നാൽ ഉച്ചയ്ക്ക് ഒന്നരയോടെ അന്തിമഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് എത്തി. എങ്കിലും തുടർന്നുള്ള മണിക്കൂറിൽ എൻഡിഎ ലീഡ് നിലനിർത്തി. വൈകിട്ട് കൂടുതൽ ഫലങ്ങൾ പുറത്തുവന്നപ്പോൾ മഹാസഖ്യം വീണ്ടും മുന്നേറിയെങ്കിലും എൻഡിഎയെ മറികടക്കാനായില്ല. ഇതിനിടെ മഹാസഖ്യത്തിലെ 119 പേർ ജയിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അത് അംഗീകരിക്കുന്നില്ലെന്നും ആരോപിച്ച് ആർജെ‍ഡി നേതാക്കൾ രംഗത്തെത്തിയതും വാർത്തകളിൽ ഇടം നേടി.

Content Highlights: Bihar Assembly Election Results, Bihar Election Results, Madhya Pradesh Bypolls, MP Byelections, Byelection Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com