ADVERTISEMENT

പിൻസീറ്റിൽ വർഷങ്ങൾ കാത്തിരുന്നശേഷം മുൻസീറ്റിലേക്ക് രാജകീയമായ ആനയിക്കപ്പെട്ട സ്ഥിതിയിലാണ് ബിഹാർ തിരഞ്ഞെടുപ്പിനുപിന്നാലെ ഇടതുപക്ഷം. 2015ലെ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനത്തിനുശേഷം 16 സീറ്റിൽ വിജയം നേടി മികവാർന്ന പ്രകടനം ഇടതുകക്ഷികൾ കാഴ്ചവച്ചു. സിപിഐ എംഎൽഎൽ 12 സീറ്റു നേടിയപ്പോൾ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളിൽ ജയിച്ചു. ബിഹാറില്‍ വീണ്ടും ഇടതുപാർട്ടികൾ പ്രസക്തരാകുന്ന കാഴ്ച. ഇന്ത്യൻ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാർ ഫലം നൽകുന്നതും. 

ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ കൂടുതൽ വിജയം ഉറപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നുമാണ് ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം.

സിപിഎം നേതാവ് വൃന്ദ കാരാട്ടും സിപിഐ നേതാവ് കനയ്യ കുമാറും ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ. (PTI Photo)
സിപിഎം നേതാവ് വൃന്ദ കാരാട്ടും സിപിഐ നേതാവ് കനയ്യ കുമാറും ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ. (PTI Photo)

സംസ്ഥാനത്ത് കാര്യമായ രാഷ്ട്രീയ ശക്തിയായിരുന്ന ഇടതുപക്ഷം കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. 2010 ൽ സിപിഐ ഒരു സീറ്റ് നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ ഇടതുകക്ഷികൾക്ക് ആയില്ല. 2015 ൽ സിപിഐ–എംഎൽ(ലിബറേഷൻ) മൂന്നു സീറ്റുകൾ നേടിയപ്പോൾ മറ്റു രണ്ടു ഇടതു പാർട്ടികൾക്കും അക്കൗണ്ട് തുറക്കാനായില്ല. ഈ നിലയിൽ നിന്നാണ് 16 സീറ്റിൽ വിജയവുമായി ഇടതിന്റെ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്.

2015 ലെ മോശം പ്രകടനം പരിഗണിച്ചാകും ഇടതു പാർട്ടികളുമായി, പ്രത്യേകിച്ചു സിപിഐയുമായി സഖ്യത്തിന് ആർജെഡി നേതാവ് തേജസ്വി യാദവിനു തുടക്കത്തിൽ വലിയ താൽപര്യമില്ലാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവൻ നിരീക്ഷിച്ചിരുന്നു.

വൻ വരവേൽപ്പ്, മഹാസഖ്യത്തിന്റെ ഭാഗം

ബിഹാറിലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ്. ചിത്രം: മനോരമ ആർക്കൈവ്സ്
ബിഹാറിലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ്. ചിത്രം: മനോരമ ആർക്കൈവ്സ്

മുൻപും ലാലു പ്രസാദ് യാദവിന്റെ ആർജെഡിയെ സിപിഐയും സിപിഎമ്മും പിന്തുണച്ചിരുന്നെങ്കിലും ആദ്യമായാണ് സിപിഐ എംഎൽ മഹാസഖ്യത്തിന്റെ ഭാഗമാകുന്നത്. 29 സീറ്റുകളാണ് ഇടതു പാർട്ടികൾക്കു നൽകി. 144 സീറ്റുകളിൽ ആർജെഡിയും 70 സീറ്റുകളിൽ കോൺഗ്രസും മൽസരിക്കുന്നു. ഇടതിനു നൽകിയവയിൽ 19 സീറ്റുകളിൽ സിപിഐ എംഎൽഎൽ ആണ് മൽസരിക്കുന്നത്. സിപിഐ ആറിലും സിപിഎം നാലു സീറ്റിലും മൽസരിക്കുന്നു. നിലവിൽ മൂന്നു അംഗങ്ങളേ സിപിഐ എംഎൽഎല്ലിന് ഉള്ളൂവെങ്കിലും സിവാൻ, അർവാൽ, ജഹനാനന്ദ്, റൂറൽ പട്ന, കത്തിഹാർ മേഖലകളിലെ ശക്തമായ സാന്നിധ്യമാണ് സിപിഐ എംഎൽഎല്ലിനെ ഭൂരിഭാഗം സീറ്റുകളും നേടാൻ പ്രാപ്തരാക്കിയത്.

2000ൽ ആറു സീറ്റുകളാണ് സിപിഐ എംഎൽഎൽ നേടിയത്. 2005 ഫെബ്രുവരിയിൽ ഏഴും അതേ വർഷം ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചും സീറ്റുകൾ സിപിഐ എംഎൽഎൽ നേടി. എന്നാൽ എൻഡിഎ മഹാശക്തിയായ 2010ൽ ഇവർക്ക് ഒരു സീറ്റു പോലും നേടാനായില്ല. സിപിഐക്ക് ബേഗുസാരായ്, മധുബനി, ഖാഗരിയ ഉൾപ്പെടെയുള്ള ചില ജില്ലകളിൽ ശക്തമായ സ്വാധീനമുണ്ട്. ഇടതു പാർട്ടികൾക്കു നൽകിയ സീറ്റുകളിൽ ചിലത് ആർജെഡിയുടെ സിറ്റിങ് സീറ്റുകളാണ്. ആർജെഡിയുടെ ഈ അസാധാരണ നീക്കങ്ങൾക്കു പിറകിൽ ലാലു പ്രസാദ് യാദവിന്റെ ബുദ്ധിയാണു പ്രവർത്തിച്ചതെന്നും എൻ.എസ്. മാധവൻ പറയുന്നു.

യുവാക്കളെ ആകർഷിച്ച് ഇടതുപാർട്ടികൾ

ദീർഘകാലം കർഷകത്തൊഴിലാളികൾക്കും പാട്ടക്കുടിയാന്മാർക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ ബിഹാറിൽ പലയിടങ്ങളിലും വോട്ടാക്കി മാറ്റാൻ കമ്യൂണിസ്റ്റ് പാർട്ടിക്കു കഴിഞ്ഞിരുന്നു. 1972ൽ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ പാർട്ടി സിപിഐ ആയിരുന്നു. 1995 വരെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഐക്ക് 20ൽ കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ സ്വാധീനം കുറച്ചു പോക്കറ്റുകളിൽ മാത്രം ഒതുങ്ങിനിന്നു.

കാലക്രമേണ സിപിഐ ക്ഷയിക്കാൻ തുടങ്ങി. യുവാക്കളെ ആകർഷിക്കാൻ കഴിയാത്തതായിരുന്നു പ്രധാന കാരണം. 1970കൾ മുതൽ മൂന്നു പതിറ്റാണ്ടു കാലം ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാർ നക്സലുകളായി. തെക്കൻ ബിഹാറിലെ, ഭോജ്പുരി സംസാരിക്കുന്ന ജില്ലകളിൽ നക്സൽ ഗ്രൂപ്പുകളാണു ദലിതരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ശാക്തീകരണം സാധ്യമാക്കിയത്. സ്ത്രീപീഡനം, ദേഹോപദ്രവം, ജാതിവെറി എന്നിവ ശീലമാക്കിയ ജന്മിമാരെ അവർ നിലയ്ക്കുനിർത്തി. 1974 മുതൽ അവരിൽ ചില ഗ്രൂപ്പുകൾ ആയുധമുപേക്ഷിച്ച് തിരഞ്ഞെടുപ്പു മാർഗം സ്വീകരിച്ചു. അങ്ങനെ പരിണമിച്ചുണ്ടായതാണ് സിപിഐ എംഎൽ – ബിഹാറിലെ ഏറ്റവും വലിയ ഇടതു പാർട്ടി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടതുപാർട്ടികൾ ബിഹാറിൽ വീണ്ടും യുവാക്കളെ ആകർഷിച്ചു തുടങ്ങിയിരിക്കുന്നു. ജെഎൻയുവിൽനിന്ന് ഇടതുരാഷ്ട്രീയം പഠിച്ചെത്തിയ കനയ്യകുമാറിനെ പോലുള്ളവർ നേതൃനിരയിലേക്ക് എത്തി. അദ്ദേഹം ഇത്തവണ മഹാസഖ്യത്തിന്റെ താരപ്രചാരകനായിരുന്നു. സിപിഐയുടെ വിദ്യാർഥിസംഘടനയായ എഐഎസ്എഫ്, സിപിഐ എംഎല്‍എല്ലിന്റെ വിദ്യാർഥിസംഘടനയായ എഐഎസ്എ എന്നിവയുടെ നേതാക്കളായ അര ഡസനോളം പേർക്ക് ഇടതുകക്ഷികൾ ഇത്തവണ ടിക്കറ്റ് കൊടുത്തിരുന്നു. ഈ തിരഞ്ഞെടുപ്പ്, ബിഹാറിൽ ഇടതു കക്ഷികൾക്കു നഷ്ടപ്പെട്ടുപോയ ഊർജം വീണ്ടെടുക്കാനുള്ള അവസരം നൽകിയെന്നാണ് വ്യക്തമാകുന്നത്.

English Summary: Left parties get impressive win in Bihar Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com