ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 56 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മിക്കതിലും ബിജെപിക്ക് മിന്നും വിജയം. ഗുജറാത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 8 മണ്ഡലങ്ങളും കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി പിടിച്ചെടുത്തു. 

മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളില്‍ രണ്ടിടത്തു ബിജെപി ജയിച്ചു. രണ്ടിടത്തു ലീഡ് ചെയ്യുകയാണ്. ഒരിടത്തു സ്വതന്ത്രന്‍ ജയിച്ചു. ഹരിയാനയിലെ ബറോഡ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇന്ദു രാജ് 10566 വോട്ടുകൾക്ക് ബിജെപിയുടെ യോഗേശ്വർ ദത്തിനെ തോൽപ്പിച്ചു. 

ജാർഖണ്ഡിൽ ദുംഖ മണ്ഡലത്തിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ബസന്ത് സോറനും ബെർമോ മണ്ഡലത്തിൽ കോൺഗ്രസിന്റെ കുമാർ ജയ്‌മംഗളും വിജയിച്ചു. ഇരുവരും ബിജെപി സ്ഥാനാർഥികളെയാണ് പരാജയപ്പെടുത്തിയത്.

കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന സിറ, രാജരാജേശ്വരി നഗർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. നാഗാലാൻഡിൽ സൗത്ത് അംഗാമിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൻഡിപിയും മറ്റൊരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. ഒഡീഷിൽ രണ്ടു മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി ബിജു ജനതാദൾ വിജയക്കൊടി പാറിച്ചു. തെലങ്കാനയിലെ ദുബ്ബക് മണ്ഡലത്തിൽ ടിആർഎസിനെ ബിജെപി പരാജയപ്പെടുത്തി.

ഉത്തർപ്രദേശിൽ ഏഴ് സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത് ബിജെപി വിജയിച്ചു. രണ്ടിടത്ത് അവർ ലീഡ് നിലനിർത്തി മുന്നേറുന്നു.മധ്യപ്രദേശിൽ 28ൽ 19 സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. ബദ്നവാർ, സാൻവെർ, സുവാസ്ര, ബമോരി, അശോക് നഗർ, മൻഗൗലി, മൽഹാര, അനുപ്പുർ, ബയോറ തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. ഹാട്പിപ്‌ലിയ അഗർ എന്നിവിടങ്ങളിൽ കോൺഗ്രസാണ് മുന്നിൽ. ഏഴിടത്താണു കോണ്‍ഗ്രസിനു ലീഡ്.

ഗുജറാത്തില്‍ എട്ടു സീറ്റുകളിലും യുപിയില്‍ ഏഴ് മണ്ഡലങ്ങളിലും മണിപ്പൂരില്‍ 5 സീറ്റുകളിലും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

English Summary : BJP leads in Madhya Pradesh, Gujarat bypolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com