2 വിദേശയാത്രകളുടെ രേഖ നല്‍കണം; ജലീലിനോട് കസ്റ്റംസ്: മൊഴി പുറത്ത്
Mail This Article
കൊച്ചി∙ രണ്ടു വിദേശയാത്രകളുടെ രേഖകൾ ഹാജരാക്കാന്‍ മന്ത്രി കെ.ടി. ജലീലിന് കസ്റ്റംസിന്റെ നിർദേശം. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകൾ ഹാജരാക്കാനാണ് നിർദേശം. മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമാണ് തനിക്കെന്നും സിആപ്റ്റിലെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസില്‍ ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ യാത്ര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഷാർജയിൽ നടന്ന പുസ്തകമേളയിലും ദുബായിൽ നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂർവവിദ്യാർഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് ചോദിച്ചിരിക്കുന്നത്.
ഷാർജ പുസ്തകമേളയുടെ യാത്രച്ചെലവ് മേളയുടെ സംഘാടകരാണു വഹിച്ചത്. ദുബായ് യാത്ര സ്വന്തം ചെലവിലായിരുന്നു. പിഎസ്എംഒയിലെ പൂർവ വിദ്യാർഥികളും എംഎൽഎമാരായ മാണി സി.കാപ്പൻ, എൻ.ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നും ജലീൽ മൊഴി നൽകി. 2 യാത്രകളും മുൻകൂർ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റും ഇളവു നല്‍കിയത് കസ്റ്റംസും ആണെന്നിരിക്കെ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. നികുതി ഇളവോടെ ഇറക്കുമതി ചെയ്ത മതഗ്രന്ഥം കോൺസുലേറ്റിനു പുറത്തു വിതരണം ചെയ്യുന്നതു നിയമവിരുദ്ധമാണെന്ന് അറിയില്ലേയെന്ന ചോദ്യത്തിന്, 25 ജീവനക്കാര്‍ മാത്രമുള്ള കോണ്‍സുലേറ്റിലേക്ക് എണ്ണായിരത്തില്‍പ്പരം മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു മറുപടി.
32 മതഗ്രന്ഥങ്ങൾ വീതമുള്ള 32 പാക്കേജുകളാണ് സിആപ്റ്റിലെത്തിച്ചത്. ഇതിൽ, ഒരെണ്ണം മാത്രമാണു പൊട്ടിച്ചത്. അന്വേഷണ ഏജൻസികൾ കൊണ്ടുപോയ രണ്ടോ മൂന്നോ ഒഴിച്ചുള്ളവയെല്ലാം തിരിച്ചു വാങ്ങി ഭദ്രമായി കെട്ടി വച്ചിട്ടുണ്ടെന്നും ജലീൽ കസ്റ്റംസിനോട് പറഞ്ഞു.
English Summary: Customs asks foreign tour details from Minister KT Jaleel