ബിഹാറിൽ എക്സിറ്റ് പോളുകളെ ഞെട്ടിച്ച വോട്ടെണ്ണൽ; തിളക്കം മങ്ങിയെങ്കിലും വീണ്ടും എൻഡിഎ
Mail This Article
പട്ന∙ ബിഹാർ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരുമ്പോൾ പാളുന്നത് വിവിധ കേന്ദ്രങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളും. എൻഡിഎ ഭരണത്തുടർച്ച ഉറപ്പാക്കാത്ത എക്സിറ്റ് പോൾ സർവേ ഫലങ്ങൾ ആകെ പാളി. ചിരാഗ് പസ്വാൻ മികച്ച മുന്നേറ്റം നടത്തുമെന്ന് വിവിധ സർവേകൾ പറഞ്ഞെങ്കിലും ഒറ്റ സീറ്റു മാത്രം നേടി ഒതുങ്ങാനാണ് ചിരാഗിന്റെ എൽജെപിക്ക് ആയത്. നിതീഷിന്റെ ജെഡിയു പിന്നോട്ടു പോകുമെങ്കിലും ബിജെപി നേട്ടമുണ്ടാക്കുമെന്ന് ചില സർവേകൾ പ്രവചിച്ചതു മാത്രമാണ് അൽപമെങ്കിലും ശരിയായത്.
തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പും അവസാനിച്ചതിനു പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിപക്ഷവും തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തെ തുണയ്ക്കുന്നതായിരുന്നു. സിഎൻഎൻ ന്യൂസ് 18– ടുഡേസ് ചാണക്യ സർവേയിൽ മഹാസഖ്യത്തിന് 180 സീറ്റുകൾ വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകൾ വേണ്ടപ്പോൾ 44 ശതമാനം വോട്ടുവിഹിതത്തോടെ വൻ മുന്നേറ്റം മഹാസഖ്യം നടത്തുമെന്നായിരുന്നു ഇവരുടെ സർവേഫലം. അതേസമയം ജെഡിയു ബിജെപി സഖ്യം നയിക്കുന്ന എൻഡിഎ 55 സീറ്റുകളിൽ ഒതുങ്ങുമെന്നും എൽജെപി ബിഎസ്പി തുടങ്ങിയ മറ്റുള്ളവയ്ക്ക് 8 സീറ്റ് ലഭിക്കുമെന്നുമായിരുന്നു പ്രവചനം.
സി വോട്ടർ സർവേയിൽ മഹാസഖ്യത്തിന് 120 സീറ്റുകൾ വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. എൻഡിഎയ്ക്ക് 116, എൽജെപി– 1, മറ്റുള്ളവർ–6 എന്നിങ്ങനെയായിരുന്നു സർവേ ഫലം. റിപബ്ലിക്– ജൻകി ബാത് സർവേയിൽ മഹാസഖ്യത്തിന് 118 മുതൽ 138 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എൻഡിഎ 91 മുതൽ119 സീറ്റുകളിൽ ഒതുങ്ങുമെന്നും സിപിഐ (എംഎൽ) 8 മുതൽ14 സീറ്റുകൾ വരെ നേടുമെന്നും പറഞ്ഞിരുന്നു.
എബിപി സർവേയിൽ മഹാസഖ്യം 108 മുതൽ 131 വരെ സീറ്റുകൾ വരെ നേടുമെന്നാണ് പറഞ്ഞിരുന്നത്. എൻഡിഎയ്ക്ക് 104 മുതൽ 128 സീറ്റുകൾ, എൽജെപി 1 മുതൽ 3 സീറ്റുകളും മറ്റുള്ളവർ 4 മുതൽ 8 സീറ്റുകളും നേടിയേക്കുമെന്നാണ് സർവേയിൽ പറഞ്ഞിരുന്നത്. മഹാഗഡ്ബന്ധൻ വൻ നേട്ടം കൈവരിക്കുന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനെ മറിച്ചിട്ട് തേജസ്വി യാദവ് മുഖ്യമന്ത്രി പദത്തിലേറുമെന്നുമായിരുന്നു പ്രവചനം. സിപിഐ(എംഎൽ) ഉൾപ്പെടെ ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.
എന്നാൽ എൻഡിഎയ്ക്ക് വിജയം പ്രവചിക്കുന്നതായിരുന്നു ഡൽഹി സർവകലാശാലയുടെ ഡെവലപ്പിങ് സ്റ്റേറ്റ് റിസർച്ച് സെന്ററും പൊളിറ്റിക്കൽ സയൻസ് വിഭാഗവും ചേർന്നു നടത്തിയ സർവേയും ദൈനിക് ഭാസ്കർ എക്സിറ്റ് പോൾ ഫലങ്ങളും. എൻഡിഎയ്ക്ക് 44.95 ശതമാനം വോട്ട് (129 സീറ്റ്) ലഭിക്കുമെന്നാണ് ഡൽഹി സർവകലാശാലയുടെ സർവേഫലം. അതേസമയം മഹാസഖ്യത്തിന് 106 സീറ്റുകളിൽ ഒതുങ്ങുമെന്നും പറയുന്നു. ഏറ്റവും ജനകീയനായ നേതാവ് നിതീഷ് കുമാറാണെന്നു പറയുമ്പോൾ 41.49 ശതമാനം പേർ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും അഭിപ്രായപ്പെട്ടു.
ദൈനിക് ഭാസ്കറിന്റെ സർവേ പ്രകാരം എൻഡിഎ സഖ്യം 120 മുതൽ 127 സീറ്റുകൾ വരെ നേടുമെന്നാണ്. ഇവരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 12 മുതൽ 23 സീറ്റുകൾ വരെ ലഭിക്കുമെന്നും പറഞ്ഞു. എൽജെപിക്ക് ഇത്രയധികം സീറ്റുകൾ പ്രവചിച്ച ഏക എക്സിറ്റ് പോൾ ഇതാണ്. അതേസമയം മഹാസഖ്യം 71 മുതൽ 81 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവർക്ക് 19 മുതൽ 27 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിച്ചിരുന്നു.
2015ൽ എക്സിറ്റ് പോളുകളുടെ പ്രവചനം പോലെ മഹാഗഡ്ബന്ധൻ സഖ്യം തന്നെ അധികാരത്തിൽ ഏറിയിരുന്നു. അന്ന് രണ്ട് എക്സിറ്റ് പോളുകൾ ഒഴികെ ബാക്കിയെല്ലാം മഹാസഖ്യത്തിനാണ് വിജയം പ്രവചിച്ചിരുന്നത്. മൂന്ന് എക്സിറ്റ് പോളുകൾ മഹാസഖ്യം കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഏറുമെന്നും പ്രവചിച്ചിരുന്നു. 2015 ൽ എക്സിറ്റ് പോളുകളെ ശരിവച്ച് മഹാസഖ്യം 178 സീറ്റുകളുടെ ഭൂരിപക്ഷം നേടി അധികാരത്തിൽ ഏറിയപ്പോൾ എൻഡിഎ സഖ്യം 58 സീറ്റുകളിൽ ഒതുങ്ങിയിരുന്നു.