ട്രംപിനെ ആയുധമാക്കി മോദിയെ തള്ളി ശിവസേന: ‘ബിഹാറിൽ ബിജെപി പരാജയപ്പെടും’
Mail This Article
പട്ന∙ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. അമേരിക്കയില്‍ ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറില്‍ ബിജെപി പരാജയപ്പെടുമെന്ന് ശിവസേന പറയുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് വിമര്‍ശനം. ഇന്നാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
മൂന്ന് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരുന്നു. അമേരിക്കയില്‍ ട്രംപിനുണ്ടായ അതേ വിധിയാണ് ബിജെപിയ്ക്ക് ഉണ്ടാകുകയെന്നും ലേഖനത്തില്‍ പറയുന്നു. ജനങ്ങള്‍ മോദിക്ക് മുന്പിലോ നിതീഷ് കുമാറിനു മുന്പിലോ മുട്ടുമടക്കില്ല. യുവാവായ തേജസ്വി യാദവിനെ ബിഹാറിലെ ജനങ്ങള്‍ എറ്റെടുത്തു കഴിഞ്ഞു. ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും ബിജെപിയ്ക്ക് പകരമാകാന്‍ മറ്റു പാര്‍ട്ടികളുണ്ട് എന്ന് ജനങ്ങള്‍ മനസിലാക്കണം.
നമസ്തേ ട്രംപ് പരിപാടിയെക്കുറിച്ചും ലേഖനത്തില്‍ വിമര്‍ശനങ്ങളുണ്ട്. കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെയാണ് ഗുജറാത്തില്‍ നമസ്തേ ട്രംപെന്ന പേരില്‍ കോടികള്‍ മുടക്കി പരിപാടി നടത്തിയത്. ഗുജറാത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ ഇത് കാരണമായി. ഇന്ത്യന്‍ പ്രധാനമന്ത്രി ട്രംപിനു സ്വീകരണം നല്കിയപ്പോള് അമേരിക്കന്‍ ജനങ്ങള്‍ അദ്ദേഹത്തിന് ബൈ ബൈ പറയുകയായിരുന്നു. അമേരിക്കന്‍ ജനങ്ങള്‍ ട്രംപെന്ന വൈറസ് ബാധയെ ഇല്ലാതാക്കുകയും ചെയ്തുവെന്ന് ലേഖനത്തിലുണ്ട്.
മഹാസഖ്യത്തിനു ഭൂരിപക്ഷമുണ്ടാകുമോയെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കും. ബിഹാറിലെ രാഷ്ട്രീയ ഭാവിയെ രാജ്യം ഉറ്റുനോക്കുന്നുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് നിതീഷ് കുമാറിനെതിരെ വന്‍ ഭരണവിരുദ്ധ വികാരമാണ് ഉള്ളത്. ബിഹാറിലെ തൊഴിലില്ലായ്മയും കോവിഡ് വ്യാപനവും നിതീഷ് കുമാറിനെതിരെയുള്ള തുറുപ്പുചീട്ടായി തേജസ്വി യാദവ് പ്രചാരണ വേളകളില്‍ ഉപയോഗിച്ചിരുന്നു.
English Summary: Shiv Sena says BJP will lose in Bihar like Donald Trump lost in US