ബിഹാർ തിരഞ്ഞെടുപ്പിൽ ഒരു മലയാളിക്കും ജയം !; പ്രവചനത്തിൽ അബിൻ കിറുകൃത്യം
Mail This Article
ന്യൂഡൽഹി∙ ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു വിജയം പ്രവചിച്ച പ്രമുഖ എക്സിറ്റ് പോളുകളെല്ലാം പിഴച്ചപ്പോൾ, ഫലം ശരിയായി പ്രവചിച്ച് മലയാളിയുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ് സ്ഥാപനം. കൊല്ലം ഓച്ചിറ സ്വദേശി അബിൻ തീപ്പുര നയിക്കുന്ന പൊളിറ്റിക്ക് മാർക്കർ എന്ന സ്ഥാപനമാണ് എൻഡിഎയുടെ വിജയം പ്രവചിച്ചത്. എൻഡിഎ, മഹാസഖ്യം, മറ്റുള്ളവർ എന്നിവർക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും അബിൻ കൃത്യമായി പ്രവചിച്ചു.
എൻഡിഎ 123– 135 സീറ്റ് വരെ നേടുമെന്ന് ഫല പ്രഖ്യാപനത്തിന്റെ തലേന്നു പുറത്തുവിട്ട പൊളിറ്റിക്ക് മാർക്കറിന്റെ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു. മഹാസഖ്യം 104 – 115 വരെയും മറ്റുള്ളവർ 0 – 10 സീറ്റ് വരെയും നേടുമെന്നും പ്രവചിച്ചു.
ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ പ്രഖ്യാപിച്ച അന്തിമ ഫലം ഇങ്ങനെ: എൻഡിഎ – 125, മഹാസഖ്യം – 110, മറ്റുള്ളവർ – 7.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പം 3 വർഷം ജോലി ചെയ്ത അബിൻ കഴിഞ്ഞ വർഷമാണു ഡൽഹി ആസ്ഥാനമായി പൊളിറ്റിക്ക് മാർക്കർ സ്ഥാപിച്ചത്. പ്രശാന്തിന്റെ സ്ഥാപനത്തിൽ ഒപ്പമുണ്ടായിരുന്ന അനിമേഷ് പാണ്ഡേ പൊളിറ്റിക്ക് മാർക്കറിൽ അബിനു കൂട്ടായെത്തി. ബിഹാറിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരുമായി കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് എക്സിറ്റ് പോളിലൂടെ ഫലം പ്രവചിച്ചത്.
കേരളത്തിലും തമിഴ്നാട്ടിലും അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോൾ നടത്താനൊരുങ്ങുകയാണ് അബിൻ.
English Summary : Abbin Theeppura correctly predicts Bihar Election result