പിതാവിന്റെ പാർട്ടിയുമായി സഹകരിക്കരുതെന്നു വിജയ്: ഭാരവാഹി യോഗം വിളിച്ചു
Mail This Article
ചെന്നൈ∙ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് പിതാവ് എസ്.എ.ചന്ദ്രശേഖറുമായി അഭിപ്രായ ഭിന്നത നിലനിൽക്കെ നടൻ വിജയ് തന്റെ ഫാൻസ് അസോസിയേഷൻ (വിജയ് മക്കൾ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചു. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേർന്നത്.
പിതാവ് രൂപീകരിക്കുന്ന പാർട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു താരം ഭാരവാഹികളോട് പറഞ്ഞതായാണു വിവരം. മധുരയിൽ വിജയ് ആരാധകർ യോഗം ചേർന്ന്, ചന്ദ്രശേഖർ രൂപീകരിക്കുന്ന പാർട്ടിയുമായി ചേർന്നു പ്രവർത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു.
വിജയ് ഫാൻസ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കമെന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി റജിസ്റ്റർ ചെയ്യാൻ ചന്ദ്രശേഖർ തിരഞ്ഞെടുപ്പു കമ്മിഷനിൽ അപേക്ഷ നൽകിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകർ പാർട്ടിയിൽ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കി.
പേരോ ചിത്രമോ ദുരുപയോഗം ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതോടെയാണ്, പിതാവും മകനും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായത്. വിജയ്‌യുടെ അമ്മ ശോഭ പിന്നീട് ഇതു സ്ഥിരീകരിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരസ്യ പ്രസ്താവന അരുതെന്ന വിലക്കിയിട്ടും ചെവിക്കൊള്ളാത്ത പിതാവുമായി അഞ്ചു വർഷമായി വിജയ് മിണ്ടാറില്ലെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. പുതിയ രാഷ്ട്രീയ പാർട്ടിയിലേക്കു ആരാധകർ പോകുന്നതു തടയണമെന്നു ജില്ലാ ഭാരവാഹികൾക്കു വിജയ് നിർദേശം നൽകി.
English Summary: Vijay fans pledge to stay away from party started by his father