ADVERTISEMENT

കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട മൊഴിയുടെ നുണപരിശോധനാ ഫലം വിശ്വസനീയമല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്നറിയിച്ച് കലാഭവൻ സോബി. തന്നെ അപായപ്പെടുത്തി ആത്മഹത്യ ചെയ്തെന്ന് വരുത്തിത്തീർക്കുമെന്ന് ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനി നാട്ടിൽ പലരോടും പറഞ്ഞതായാണ് സോബി പറയുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റീവാക്കിയിട്ട് ബോഡി പോലും ആരെയും കാണിക്കില്ല എന്നും പറഞ്ഞു. കലാഭവൻ സോബി ആത്മഹത്യ ചെയ്തെന്ന വാർത്തയായിരിക്കും വരികയെന്നും അദ്ദേഹം പറയുന്നു.

ഇസ്രയേലിൽ നഴ്സായി ജോലി ചെയ്യുന്ന ഈ യുവതിയാണ് കേസ് നിയന്ത്രിക്കുന്നതെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. 20 ദിവസം മുമ്പ് സിബിഐ ഇത്തരത്തിൽ റിപ്പോർട്ട് നൽകുമെന്ന് നാട്ടിൽ ചിലരെ വിളിച്ച് പറഞ്ഞപ്പോൾ ആ വിവരം താൻ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. അതുപോലെ തന്നെ വാർത്തകൾ വരുമ്പോൾ താൻ അന്വേഷണം അട്ടിമറിക്കപ്പെട്ടതായാണ് വിശ്വസിക്കുന്നത്. ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി അനന്തകൃഷ്ണൻ സാറിനെ വിശ്വാസമാണ്. എന്നാൽ ചിലരെ സംശയമുണ്ട്.

ഇസ്രയേലിലുള്ള യുവതിയെക്കുറിച്ച് വിവരം നൽകിയിട്ട് അന്വേഷണ സംഘം ചെറുവിരൽ പോലും അനക്കിയിട്ടില്ല. ഓരോ തവണയും കാര്യങ്ങൾ മാറ്റിപ്പറയുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. താൻ ഒരു കാര്യവും മാറ്റിപ്പറഞ്ഞിട്ടില്ല. പലപ്പോഴും പറഞ്ഞതിൽ കൂടുതൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വിഐപിയുടെ പേര് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്. ഗതികെട്ടിട്ടാണ് ആ പേര് വെളിപ്പെടുത്തിയത്. വൈകാതെ ഈ യുവതിയുടെയും വിഐപിയുടെയും പേരുകൾ പുറത്തു വിടും.

ഇനി അന്വേഷണ ഏജൻസി വിളിച്ചാൽ കോടതി വഴിയെ ബന്ധപ്പെടൂ. കേസിൽനിന്ന് പിന്മാറുന്നില്ല. തനിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. ഒരിക്കലും ചെയ്യുകയുമില്ല. പക്ഷെ മരിച്ചാൽ ഈ കോതമംഗലം സ്വദേശിനിയും അന്വേഷണ സംഘവുമായിരിക്കും ഉത്തരവാദികൾ. ഈ കേസ് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ എന്നെ ബലിയാടാക്കുകയാണ്. ബാലുവിന്റേത് അപകടമരണമല്ല, ഏറ്റവും വലിയ കൊലപാതകമായിരുന്നെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച തന്റെ വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ തന്റെയടുത്ത് ഒത്തുതീർപ്പിനെന്ന പേരിൽ ഒരു സംഘം എത്തിയിരുന്നതായും അതിന് ഇടനില നിന്നത് കോതമംഗലം സ്വദേശിനിയാണെന്നുമായിരുന്നു സോബി നേരത്തെ വെളിപ്പെടുത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന് പറഞ്ഞിട്ടും അന്വേഷണ സംഘം വേണ്ട താൽപര്യം കാണിച്ചില്ലെന്നാണ് സോബി ഉയർത്തിയ ഒരു ആരോപണം.

Content Highlights: Kalabhavan Sobi, Balabhaskar, CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com