മക്കൾ തകർത്ത മാനം, പാർട്ടിക്കുവേണ്ടി പിൻമാറ്റം; കണ്ണൂരിനെ കൈവിട്ട് ‘സെക്രട്ടറി’
Mail This Article
തിരുവനന്തപുരം∙ ‘‘പാർട്ടി വേറെ മകൻ വേറെ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ലെന്നും രണ്ടും ഒന്നാണെന്നും എല്ലാവർക്കും ബോധ്യമായി. മകൻ തെറ്റു ചെയ്താൽ പാർട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം എന്നായിരുന്നു ചോദിച്ചിരുന്നത്. ഇപ്പോൾ അതു മാറിയല്ലോ.’’ – കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. രാഷ്ട്രീയവഴികളിൽ സ്വയം ചീത്തപ്പേരു വരുത്തിയില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായും 2008 മുതൽ പാർട്ടിയുടെ സമുന്നത തലമായ പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും തലയുയർത്തി നിന്ന കോടിയേരിയുടെ പിൻമാറ്റം വിവാദപ്പൂക്കൾ കൊണ്ടു മൂടിയ പാർട്ടിയുെട പ്രതിച്ഛായ തിരിച്ചുപിടിക്കാനാണ്. ഭാവി മുഖ്യമന്ത്രിയെന്നു പോലും ഒരുവേള വിശേഷിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്റെ വഴികൾ എക്കാലത്തും വിവാദങ്ങൾ കൊണ്ടു മൂടിയതു മക്കളും.
മന്ത്രിയായിരുന്നപ്പോഴും പാർട്ടി സെക്രട്ടറിയായപ്പോഴും അച്ഛനെ മക്കൾ വിവാദക്കുരുക്കുകൾ കൊണ്ടു മുറുക്കി. ഇളയ മകനായ ബിനീഷ് കോടിയേരിയായിരുന്നു വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ എന്നും മുന്നിൽ. സാമ്പത്തിക തട്ടിപ്പിൽ തുടങ്ങി പിതൃത്വപരിശോധന വരെ നേരിട്ട മൂത്ത മകൻ ബിനോയും പിന്നിട്ട വർഷങ്ങളിൽ പിതാവിന്റെ രാഷ്ട്രീയ പ്രതിച്ഛായ പോലും ഉടച്ച കേസുകളിൽ പിന്നിലായില്ല. ഒരു ഘട്ടത്തിൽ, മക്കളുടെ വിഷയത്തിൽ ഇനി ഇടപെടാനാകില്ലെന്ന സന്ദേശം പാർട്ടി കോടിയേരിക്കു നൽകി. മക്കളെ നിയന്ത്രിക്കാനാകാത്തയാൾക്ക് എങ്ങനെ പാർട്ടിയെ നയിക്കാനാകുമെന്ന ചോദ്യമായിരുന്നു വിമർശകരുടേത്. ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത് ബെംഗളൂരു ജയിലിലടച്ചതോടെ പാർട്ടിയിൽ രാജി സമ്മർദം ശക്തമായി. നേതൃത്വം പിന്തുണച്ചില്ലെന്ന തോന്നൽ കൂടി ഉള്ളിലൊതുക്കിയാണ് കോടിയേരി രാഷ്ട്രീയ അവധിയെടുക്കുന്നതും
വാർത്തകളില്‍ എന്നും ബിനീഷ്
സിപിഎമ്മിനകത്തെ പ്രതിച്ഛായാ ചർച്ചകളിൽ ബിനീഷ് കോടിയേരി സ്ഥാനമുറപ്പിക്കുന്നത് വർഷങ്ങൾക്കു മുൻപ് കിളിരൂർ കേസിലെ ‘വിഐപി’ വിവാദമുയർന്നപ്പോഴാണ്. പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ പേരിൽ വി.എസ്. അച്യുതാനന്ദൻ നേരിട്ടു പറയാതെ, ഒരു വിഐപിയുടെ പേര് എടുത്തിട്ട്, ബിനീഷിനെ സംശയമുനയിൽ നിർത്തിയതാണ് അന്ന് ആരോപണമായത്. ബെംഗളൂരുവിൽ വിദേശ വനിതയ്ക്കൊപ്പം നിൽക്കുന്ന ബിനീഷിന്റെ ഫോട്ടോ പ്രചരിച്ചതും വിവാദമായി. കടലിൽ കുളിക്കുന്നവനെ ഉപ്പുവെള്ളം കാണിച്ച് പേടിപ്പിക്കരുതെന്നായിരുന്നു ഇതിന് അന്നു ബിനീഷിന്റെ മറുപടി.
എന്നാൽ പലതലങ്ങൾ പിന്നിട്ട് ഒടുവിൽ ലഹരിമരുന്നു കേസിൽ ബിനീഷ് കുടുങ്ങിയതോടെ പാർട്ടിക്ക് ഒരു തരത്തിലും അത് ന്യായീകരിക്കാനാകാത്ത സ്ഥിതിയായി. സംസ്ഥാനത്തെ വലിയ വിദ്യാർഥി–യുവജനസംഘടനകൾക്ക് നേതൃത്വം കൊടുക്കുന്നുവെന്നതിൽ അഭിരമിക്കുന്ന പാർട്ടിക്ക് സംസ്ഥാന സെക്രട്ടറിയുടെ മകൻ ലഹരിമരുന്നു കേസിൽ അകപ്പെട്ടത് ന്യായീകരിക്കാൻ ആകുന്നതായില്ല
വിവാദച്ചുഴിയിൽ ബിനോയിയും
രണ്ടു വർഷം മുൻപ് ബിനോയിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചതു മുംബൈ ഓഷിവാര പൊലീസാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ബന്ധത്തിൽ 8 വയസ്സുള്ള മകനുണ്ടെന്നും ആരോപിച്ച് ബിനോയിക്കെതിരെ ബിഹാർ സ്വദേശിയായ യുവതി മുംബൈ അന്ധേരിയിലെ ഓഷിവാര പൊലീസിൽ പരാതി നൽകിയത് 2019 ജൂണിൽ. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനു പിന്നാലെ ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിച്ച ഹൈക്കോടതി, കേസ് റദ്ദാക്കണമെന്ന ഹർജി 2021 ജൂണിലേക്കു മാറ്റി. കേസിൽ മുംബൈ പൊലീസ് ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
10 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിൽ ബിനോയിക്കെതിരെ 2018 ൽ തന്നെ യുഎഇ സ്വദേശിയുടെ ജാസ് ടൂറിസം കമ്പനി കേസ് നൽകിയിരുന്നു. കോടതി ചെലവുൾപ്പെടെ 13 കോടി രൂപ നൽകാനുണ്ടെന്നു കാണിച്ചു യുഎഇ പൗരൻ സിപിഎം കേന്ദ്ര നേതൃത്വത്തെയും സമീപിച്ചു. യുഎഇ അധികൃതർ യാത്രാവിലക്കും ഏർപ്പെടുത്തി. എന്നാൽ പിന്നീട് കേസ് ഒത്തുതീർപ്പാക്കിയതിനെ തുടർന്നു യാത്രാവിലക്കു നീങ്ങി.
സാമ്പത്തികത്തട്ടിപ്പു കേസിൽ യുഎഇ കോടതി വിധിച്ച 2 മാസം തടവിൽ നിന്നു ബിനീഷ് രക്ഷപ്പെട്ടത് പണം തിരിച്ചടച്ച് ഒത്തുതീർപ്പിലൂടെയാണ്. സൗദി ആസ്ഥാനമായ സാംബ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചയ്ക്കാതിരുന്നതിനെ തുടർന്നു ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ബിനീഷിനെതിരെ 2015 ഓഗസ്റ്റ് 6നു കേസ് റജിസ്റ്റർ ചെയ്തു. 2,25,000 ദിർഹം (ഏകദേശം 45.6 ലക്ഷം രൂപ) അടയ്ക്കാനുണ്ടെന്നായിരുന്നു റിപ്പോർട്ട്.
പാർട്ടി പിന്തുണയില്ലാതെ, ആരോഗ്യപ്രശ്നത്തിൽ പിൻമാറ്റം
വിവാദങ്ങൾക്കിടെ ആരോഗ്യപ്രശ്നങ്ങളും കോടിയേരിയെ ഏറെ വലച്ചു. 2019 ഒക്ടോബർ 28ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ പാൻക്രിയാസ് കാൻസറിനുളള അടിയന്തര ചികിത്സയ്ക്കു കോടിയേരി പോയി. അന്ന് ആഴ്ചകൾ നീണ്ട ചികിൽസയ്ക്കും വിശ്രമത്തിനുമിടയിൽ മറ്റൊരാൾക്കു ചുമതല നൽകാതെ പാർട്ടി സെന്റർ തന്നെയാണ് സെക്രട്ടറിയുടെ ചുമതലകൾ ഏകോപിപ്പിച്ചത്. എന്നാൽ പുതിയ സംഭവവികാസങ്ങൾക്കിടെ പാർട്ടിയുടെ സജീവ പിന്തുണ കോടിയേരിക്കു നഷ്ടമായി. തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കിടെ ബിനീഷ് വിഷയം വീണ്ടും സിപിഎമ്മിനെതിരെ എതിരാളികൾ ശക്തമായി ഉന്നയിക്കാതിരിക്കാനാണ് ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി കോടിയേരിയുടെ പിൻമാറ്റമെന്നും വിലയിരുത്തലുണ്ട്. വിദേശത്തു ചികിൽസയ്ക്കു പോയപ്പോൾ പോലും കോടിയേരി അവധിക്ക് അപേക്ഷിച്ചിരുന്നില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കാം. 2015 ൽ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി പാർട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്. 2018 ൽ തൃശൂർ സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ ലോബി കൈവിട്ട ‘സെക്രട്ടറി’ പദവി
വെള്ളിയാഴ്ച രാവിലെ ചേർന്ന അവെയ്‌ലബിൾ പിബിയിലാണ് കോടിയേരി രാജി സന്നദ്ധത വ്യക്തമാക്കിയത്. കോടിയേരി സ്ഥാനം ഒഴിയേണ്ടെന്ന നിലപാടായിരുന്നു മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേത്. എന്നാൽ തീരുമാനത്തിൽ കോടിയേരി ഉറച്ചുനിന്നു. പിബി യോഗത്തിനെത്തും മുൻപ് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കോടിയേരി രാജിസന്നദ്ധത അറിയിച്ചെന്നാണ് വിവരം. പിബിയോഗത്തിനു ശേഷം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം റിപ്പോർട്ട് ചെയ്തത്. പകരം എ.വിജയരാഘവന്റെ പേരു കോടിയേരി നിർദ്ദേശിച്ചപ്പോഴും ചർച്ചകൾക്കു നിൽക്കാതെ സെക്രട്ടേറിയറ്റ് ഉടനടി അത് അംഗീകരിച്ചു.
പാർട്ടി സെക്രട്ടറി ചുമതല എ.വിജയരാഘവന് കൈമാറിയതോടെ വർഷങ്ങൾ കണ്ണൂർ ലോബി കയ്യടിക്കിയ സെക്രട്ടറി പദവിക്കു കൂടിയാണ് മാറ്റം വരുന്നത്. തൊണ്ണൂറുകളിൽ വി.എസ്. അച്യുതാനന്ദനാണ് ഇതിനുമുൻപ് കണ്ണൂരിനു പുറത്തുനിന്ന് സംസ്ഥാന സെക്രട്ടറിയായിരുന്നത്. അതേസമയം, ഇത് താൽക്കാലികമായ മാറ്റം മാത്രമാണെന്നും എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ എന്നിവരിൽ ഒരാളെ തദ്ദേശതിരഞ്ഞെടുപ്പിനു ശേഷം ഈ പദവിയിലേക്ക് പാർട്ടി പരിഗണിക്കുമെന്നും സൂചനയുണ്ട്.
സാധാരണഗതിയിൽ സംസ്ഥാന സമ്മേളനത്തിലാണ് പാർട്ടി സെക്രട്ടറിയെ തിരഞ്ഞെടുക്കാറുള്ളത്. ഷെഡ്യൂൾ പരിഗണിച്ചാൽ 2021 ഏപ്രിൽ– മേയ് മാസങ്ങളിലാണ് അടുത്ത സംസ്ഥാന സമ്മേളനം നടക്കേണ്ടത്. എന്നാൽ കോവിഡ് വ്യാപനത്തിനിടെ കീഴ്‍ഘടകങ്ങളിലെ സമ്മേളനങ്ങൾ നടക്കാത്തതിനാലും 2021 തിരഞ്ഞെടുപ്പ് വർഷമായതിനാലും 2021 അവസാനമോ, 2022 ആദ്യമോ ആകും അടുത്ത സംസ്ഥാന സമ്മേളനം. അങ്ങനെയെങ്കിൽ തദ്ദേശതിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമിടയിൽ പ്രത്യേക സംസ്ഥാന സമിതി യോഗം ചേർന്ന് സെക്രട്ടറിയെ നിർദ്ദേശിക്കുകയും പിബിയുടെ അംഗീകാരത്തോടെ അതിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകാനുമാണ് സാധ്യത.
Content Highlight: Kodiyeri Balakrishnan, CPM