ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പീരങ്കിയാക്രമണം നടത്തിയതിൽ പ്രതിഷേധമറിയിക്കാൻ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തുമെന്നു റിപ്പോർട്ട്. വെള്ളിയാഴ്ച പാക്ക് സൈന്യം നടത്തിയ ആക്രമണത്തിൽ 4 ഇന്ത്യൻ ഭടന്മാർ വീരമൃത്യു വരിച്ചിരുന്നു. 3 ഗ്രാമീണരും മരിച്ചു. തുടർന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കമാൻഡോകളടക്കം 11 പാക്ക് സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇന്ത്യ – പാക്ക് അതിർത്തിയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ജെ.പി.സിങ്, പാക്ക് ഹൈക്കമ്മിഷനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അതു കൂടാതെയാണ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനുള്ള നീക്കം എന്നാണു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ രണ്ടുതവണ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയായും റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഉറി, പൂഞ്ച്, കുപ്‍വാര എന്നിവിടങ്ങളിലാണു പാക്ക് സൈന്യം ആക്രമണം നടത്തിയത്.

കേരൻ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തകർത്തതിനു പിന്നാലെ വെള്ളിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് അതിർത്തിയിലുടനീളം പാക്കിസ്ഥാൻ ആക്രമണം തുടങ്ങിയത്. ജനവാസ മേഖലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പീരങ്കി ഷെല്ലുകൾ തുടർച്ചയായി പതിച്ചതോടെ വീടുകളിൽനിന്ന് ഇറങ്ങിയോടിയ ഗ്രാമീണരെ സുരക്ഷാ സേന ഭൂഗർഭ ബങ്കറുകളിലേക്കു മാറ്റി. ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാക്ക് സേനാ പോസ്റ്റുകൾ കത്തിയമരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു.

English Summary: India to summon Pakistani diplomat over ceasefire violation in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com