പിടിച്ചുലച്ചിട്ടും പിടിവിടാതെ നിതീഷ്; ജയിച്ചത് ബിജെപിയുടെ കരുനീക്കം
Mail This Article
ബിഹാറിന്‍റെ ഹൃദയം തൊട്ട നേതാവ്
ബിജെപി കാരുണ്യത്തിലെങ്കിലും വീണ്ടും നിതീഷ് മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തുന്നു. ഇത്തവണ ജയം ബിജെപി തന്ത്രങ്ങള്‍ക്കെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ബിഹാറിന്‍റെ മനസറിയാന്‍ നിതീഷിനോളം ആര്‍ക്കും ആയിട്ടില്ലെന്നത് ചരിത്രം. രാഷ്ട്രീയ ചലനങ്ങള്‍ക്കൊപ്പം ചുവടുമാറുന്ന നിതീഷ് ശൈലി ബിഹാറികള്‍ക്ക് പ്രശ്നമായില്ല, ഒരിക്കലും. സീറ്റ് ചര്‍ച്ചയില്‍ നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് മൂന്നാംമുന്നണിയുടെ ഭാഗമായ മുന്‍കേന്ദ്രമന്ത്രി ഉപേന്ദ്ര ഖുശ്‍വാഹയ്ക്കും നിതീഷിനെ കാര്യമായി ക്ഷീണിപ്പിക്കാനായില്ല എന്നുവേണം വിലയിരുത്താന്‍. ക്ഷീണിപ്പിച്ചത് സ്വന്തം സഖ്യകക്ഷി തന്നെയാണ്.
1990ല്‍ പിറന്ന ലാലു യുഗത്തില്‍നിന്ന് നിതീഷ് അധികാരം പിടിച്ചുവാങ്ങിയത് 2005ല്‍. ബിജെപിക്കൊപ്പം ചേര്‍ന്ന് 2014 വരെ ഇളക്കമില്ലാതെ ആ ഭരണം തുടര്‍ന്നു. പിന്നീട് നിതീഷ് മുഖ്യമന്ത്രിപദത്തില്‍നിന്ന് മാറിനിന്നത് 2014-15വരെ മാത്രം. ആ ഒരു വര്‍ഷമൊഴികെ മറ്റൊരു മുഖ്യമന്ത്രി ബിഹാറിനുണ്ടായിട്ടില്ല. 2015 മുതല്‍ 17 വരെ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന നിതീഷ് 2017ല്‍ എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു. ഇരുകൂട്ടര്‍ക്കുമൊപ്പം കൂടിയപ്പോഴും മുഖ്യമന്ത്രി നിതീഷ് തന്നെ.
ലാലുപ്രസാദ് യാദവിന്‍റെ ഭരണത്തിന് അറുതി വരുത്തിയെന്ന ഖ്യാതികൂടിയുണ്ട് നിതീഷ്–ബിജെപി ഭരണത്തിന്. അതുകൊണ്ടാണ് തേജസ്വി ബിഹാര്‍ ഭരിച്ചിരുന്ന പിതാവ് ലാലുവിന്‍റേയും റാബ്രിയുടേയും ശൈലിയില്‍നിന്ന് വേറിട്ട് സഞ്ചരിച്ചത്. തൊഴിലില്ലായ്മ എന്ന വജ്രായുധവുമായി യുവാക്കള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന തേജസ്വിയെ ജനക്കൂട്ടം സ്വീകരിച്ചിരുത്തി. എന്നാല്‍ മുഖ്യമന്ത്രിയാകാനായില്ല.
ചിരാഗെന്ന കരു പാളിയില്ല
ചിരാഗിനെ വച്ച് ബിജെപി കളിച്ചുവെന്നാരോപിക്കപ്പെട്ട തിരഞ്ഞെടുപ്പ് തന്ത്രം ഒരു പരിധിവരെ വിജയിച്ചു എന്നുതന്നെ വേണം കരുതാന്‍. ചിരാഗ് വട്ടപ്പൂജ്യമായെങ്കിലും ബിജെപിയുടെ സീറ്റുകള്‍ കൂടിയതും ജെഡിയു ക്ഷീണിച്ചതും ഇതിന് തെളിവ്. ജെഡിയുവിന് എല്‍ജെപി വോട്ട് ചെയ്യില്ലെന്നാണ് രാംവിലാസ് പാസ്വാന്‍റെ മകന്‍ ഉറക്കെ പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപിക്കൊപ്പമെന്ന് അടിവരയിടുകയും ചെയ്തു. ജെഡിയുവിനെ വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ബിജെപിയെന്നും അതിനുള്ള കരുനീക്കമാണ് നടക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകരെല്ലാം ഉറച്ചു വിശ്വസിച്ചു. നിതീഷിനുശേഷം ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നേതാവില്ലാത്ത ജെഡിയുവിനെ അപ്രസക്തമാക്കാന്‍ ഇതുതന്നെയായിരുന്നു ബിജെപിക്ക് പറ്റിയ അവസരം. താന്‍ ഈ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് നിതീഷ്കുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവസാനമായി ബിഹാറിന്‍റെ മുഖ്യമന്ത്രിയാകുന്നത് ബിജെപിയുടെ ഔദാര്യത്തോടെയാകേണ്ടിവരുന്നു.
നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി
നിയമസഭാംഗമല്ലാതെയാണ് നിതീഷ്കുമാര്‍ 5 തവണ മുഖ്യമന്ത്രിയായത്. ഉപരിസഭയായ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമായാണ് മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നത്. ഉപരിസഭയുള്ള രാജ്യത്തെ ആറു സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. 35 വര്‍ഷം മുന്‍പാണ് നിതീഷ് നിമയസഭയിലേക്ക് അവസാനം മത്സരിച്ചത്.
കൂടുവിട്ട് കൂടുമാറുന്ന പക്ഷി
മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയ നിതീഷിന് കൂടുവിട്ട് കൂടുമാറുന്നില്‍ ലവലേശം മടിയില്ലായിരുന്നു. ലാലുവിനൊപ്പം സോഷ്യലിസ്റ്റ് മുഖവുമായി തുടങ്ങിയ രാഷ്ട്രീയം. പിന്നീട് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ബിജെപി ക്യാംപിലത്തി. ഒട്ടും സങ്കോചമില്ലാതെ തീവ്ര ഇടതുപക്ഷത്തില്‍നിന്ന് വലതുപക്ഷത്തേക്ക് ചേക്കേറി. ബിജെപിയുടെ അധികാരകേന്ദ്രം മാറിയപ്പോഴും നിതീഷ് കൃത്യമായ രാഷ്ട്രീയ കൗശലതയോടെ തന്നെ കരുതിയിരുന്നു. പിന്നീട് നരേന്ദ്രമോദിയുമായി ചങ്ങാത്തവും ശത്രുതയും. ശത്രുതയുടെ പാരമ്യത്തില്‍ മോദിയെ തന്‍റെ സംസ്ഥാനത്ത് കാലുകുത്തിക്കില്ലെന്നുവരെ പറഞ്ഞു. ഒടുവില്‍ ഇൗ തിരഞ്ഞെടുപ്പില്‍ മോദി തന്നെ പ്രചാരകനായി എത്തണമെന്ന് ആവശ്യപ്പെട്ടത് അവസാന ചിത്രം. എന്‍ഡിഎയുടെ ദാനമായ മുഖ്യമന്ത്രിക്കസേര നരേന്ദ്രമോദിയുടെ മധുരപ്രതികാരം കൂടിയാകുന്നു. ബിഹാറില്‍ ഇത്തവണ ജയിച്ചത് മോദിയും അമിത് ഷായുടെ തന്ത്രങ്ങളുമാണ് എന്ന് വ്യക്തം. ദേവേന്ദ്ര ഫഡ്നാവിസിനായിരുന്നു ബിജെപിയുടെ ബിഹാറിലെ തിരഞ്ഞെടുപ്പ് ചുമതല. മഹാരാഷ്ട്രയ്ക്ക് പുറത്ത് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഫഡ്നാവിസിനെയാണ് ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന ബിഹാർ ഏല്‍പ്പിച്ചത്.
പിണക്കാനാകാതെ ബിജെപി
പിടിച്ചുലച്ചെങ്കിലും നിതീഷിനെ വിട്ടൊരു കളിക്കുള്ള ശേഷി ബിജെപിക്ക് ഇപ്പോഴുമില്ല. പിണക്കിയാല്‍ മഹാസഖ്യവുമായി ചേര്‍ന്നാരു സര്‍ക്കാരിന് നിതീഷ് മടിക്കില്ല എന്നതുതന്നെ. മഹാരാഷ്ട്ര ആവര്‍ത്തിക്കാതിരിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്.
മാറ്റത്തിന്‍റെ കൊടുങ്കാറ്റ്
ബിഹാറിന് നിതീഷ്കുമാര്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റായിരുന്നു. അക്രമങ്ങളുടെ അരങ്ങായിരുന്ന ബിഹാറില്‍ അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പ്രവര്‍ത്തശൈലി. നിതീഷിനെ ജനപ്രിയനാക്കിയത് അതുതന്നെയായിരുന്നു. സ്ത്രീകള്‍ക്കെതിരായ നിരന്തര അക്രമങ്ങള്‍ക്ക് വേദിയായിരുന്ന ബിഹാറില്‍ സ്ത്രീ ശാക്തീകരണം നിതീഷ് നടപ്പാക്കി. ഭരണത്തിലും സ്ത്രീകള്‍ക്ക് വലിയ പ്രാതിനിധ്യം ഉറപ്പാക്കി. ഗ്രാമങ്ങളില്‍ വൈദ്യുതി, വിദ്യാഭ്യാസപദ്ധതികള്‍, ആരോഗ്യമേഖലയിലെ വികസനം എന്നിവയിലൂടെ ബിഹാറിനെ മുന്നോട്ട് നടത്താന്‍ നിതീഷ് ഭരണത്തിനായി. 2016ല്‍ സംസ്ഥാനത്ത് മദ്യം നിരോധിച്ചും സ്ത്രീകളുടെ വോട്ടുകള്‍ ഉറപ്പിച്ചു. വോട്ട് ജാതിയുടെ അടിസ്ഥാനത്തിലല്ലെന്നും വികസനത്തിന് വേണ്ടിയെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. നിതീഷ് കൊണ്ടുവന്ന മാറ്റങ്ങള്‍ വീണ്ടും വോട്ടാക്കുക എന്നതുതന്നെയായിരുന്നു ലക്ഷ്യം.
ബിഹാറിന്‍റെ വലിയൊരു വിഭാഗം കുടിയേറ്റത്തൊഴിലാളികളായി അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയാണ്. ലോക്ഡൗണ്‍ കാലത്ത് കൂട്ടമായി സ്വന്തം നാട്ടിലേക്കെത്തിയ ഇവര്‍ക്കായി നിതീഷ് കുമാര്‍ ചെറുവിരലനക്കിയില്ല എന്ന് പ്രചാരണത്തിലൂടനീളം പ്രതിപക്ഷം വിമര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ 10 ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവുമായെത്തിയ തേജസ്വിക്ക് എന്‍ഡിഎയെ മറികടക്കാനായില്ല. 69 കാരനായ നിതീഷും 32 കാരനുമായ തേജസ്വിയുമായിരുന്നു ബിഹാറില്‍ അങ്കം കുറിച്ചത്. 69 തന്നെയാണ് വലുതെന്ന് ബിജെപിയുടെ സഹായത്തോടയെങ്കിലും നിതീഷ് തെളിയിച്ചുകഴിഞ്ഞു.
നിതീഷിനുശേഷം ആര്?
പറഞ്ഞവാക്ക് പ്രാവര്‍ത്തികമായാല്‍ മുഖ്യമന്ത്രി സ്ഥാനത്തും പാര്‍ട്ടിയിലും നിതീഷിന്‍റെ അവസാന ഉൗഴമായിരിക്കും ഇത്. നിതീഷിനുശേഷം ആര്? എന്നത് തന്നെയാണ് ജെഡിയുവിന്‍റേയും ബിഹാറിന്‍റേയും മുന്നില്‍ ബാക്കിയാകുന്ന ചോദ്യം. ഒപ്പം തൊഴിലില്ലായ്മ നേരിടുന്ന യുവാക്കള്‍, തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റത്തൊഴിലാളികള്‍ ഇവരെ എങ്ങനെ പരിഗണിക്കുന്നു എന്നതും.
Content Highlights: Nitish Kumar, Bihar Election 2020, BJP, NDA