ബിഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വി; പാര്‍ട്ടി നേതൃത്വത്തിന് എതിരെ തുറന്നടിച്ച് ചിദംബരം
Mail This Article
ന്യൂഡൽഹി∙ താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന് മുതിർന്ന നേതാവ് പി. ചിദംബരം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിച്ചാണ് ചിദംബരത്തിന്റെ പ്രസ്താവന.
പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരവും പ്രസ്താവന നടത്തിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും ചിദംബരം പറഞ്ഞു.
ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബിഹാറിൽ മത്സരിച്ചു. എന്നാൽ നേട്ടമുണ്ടാക്കാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കോൺഗ്രസിന് ജയിക്കാനായി. ബിഹാറിൽ ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്തുകൊണ്ട് തോറ്റുവെന്ന് വിശദമായി പഠിക്കണം.
സിപിഐഎംഎൽ, എഐഎംഐഎം പോലുള്ള ചെറിയ പാർട്ടികൾ പോലും അടിത്തട്ടിൽ പ്രവർത്തിക്കുകയും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. അടിത്തട്ടിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Congress has no organisational presence on the ground: P Chidambaram