ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാറിലും ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിൽ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത് വന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബലിനെ തള്ളി പാര്‍ട്ടിയുടെ ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. പാർട്ടിക്കു വേണ്ടി ചെറുവിരൽ അനക്കാതെ പൊതുവേദിയിൽ ഇകഴ്ത്തി സംസാരിക്കുന്നവർക്ക് വേറൊരു പാർട്ടിയിൽ ചേരുകയോ അവരുടെ ആശയങ്ങൾക്കു ചേരുന്ന പാർട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നു കപില്‍ സിബലടക്കമുള്ള മുതിർന്ന നേതാക്കളെ സൂചിപ്പിച്ച് അധീർ പറഞ്ഞു.

കപിൽ സിബൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ മാധ്യമങ്ങൾക്കു മുൻപിൽ ഉന്നയിക്കുന്നത് പുതുമയുള്ള കാര്യമല്ല. കോൺഗ്രസിനെ കുറിച്ച് വലിയ ആശങ്കയാണ് അദ്ദേഹത്തിന്. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നാം ആരും അദ്ദേഹത്തെ കണ്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി ഒന്നും ചെയ്യാതെ പൊതുജനമധ്യത്തിൽ പാർട്ടിയെ വിമർശിച്ചതു കൊണ്ട് മാത്രം അത് ആത്മപരിശോധനയാണെന്നു പറയാനാകില്ലെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അധീർ രഞ്ജൻ ചൗധരി കപിൽ സിബലിനെ കടന്നാക്രമിച്ചത്.

പരാതികൾ ഉണ്ടെങ്കിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി നേരിട്ടു സംസാരിക്കാനാകുന്ന അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനു മുൻപിലാണ് അത് പറയേണ്ടത്.അല്ലാതെ പൊതുജനമധ്യത്തിൽ കോൺഗ്രസിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ അത് വിളിച്ചുപറയുകയല്ല. ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പ്രകടനത്തെ വിമർശിക്കുന്നവർ ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു വേണ്ടി ഏത് തരത്തിലുള്ള പ്രവർത്തനമാണ് കാഴ്ചവച്ചതെന്നു കൂടി പറയണമെന്നും അധീർ രഞ്ജൻ ചൗധരി വിമർശിച്ചു.

കോൺഗ്രസിൽ സജീവനേതൃത്വം വേണമെന്നു ചൂണ്ടിക്കാട്ടി മുൻപു കത്തയച്ച 23 നേതാക്കളിലൊരാളായ കപിൽ സിബൽ മാധ്യമ അഭിമുഖത്തിൽ അതൃപ്തി പരസ്യമാക്കിയത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. നേതൃത്വത്തെയല്ല, അവരുടെ ഉപദേശകരെയാണ് ഇക്കുറി സിബൽ ആക്രമിച്ചത്. ഇന്റർവ്യൂ സിബൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവ എംപിയും മുതിർന്ന നേതാവ് പി. ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം അതു റീട്വീറ്റ് ചെയ്തു.

ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായെന്നും ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും കപിൽ സിബൽ വിമർശിച്ചിരുന്നു. തെറ്റുതിരുത്താന്‍ നേതൃത്വം തയാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപിൽ സിബൽ പറഞ്ഞു. കോൺഗ്രസിന്റെ പ്രശ്നം എന്തെന്ന് എല്ലാവർക്കും അറിയാം. പാർട്ടി നേതൃത്വത്തിനും അറിയാം എന്നാൽ ആത്മപരിശോധന നടത്തി അതു തിരുത്താൻ ആരും തയാറാകുന്നില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തിയിരുന്നു.

English Summary: Join Another Party Or Start Your Own": Congress Infighting Worsens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com