ADVERTISEMENT

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനു പിന്നില്‍ സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്ത് നല്‍കി.

ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി നിശ്ചയിച്ച 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം വരെയുള്ള വാര്‍ഷിക ഫീസിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേസ് നടത്തുന്ന കാര്യത്തില്‍ അല്‍പ്പം പോലും ജാഗ്രത കാണിച്ചില്ല. അതുകൊണ്ടാണ് 11 ലക്ഷം മുതല്‍ 22 ലക്ഷം വരെ വാര്‍ഷിക ഫീസ് ഈടാക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുളള അനുമതി ഹൈക്കോടതിയില്‍നിന്നു നേടാന്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തേതില്‍‌നിന്ന് അമ്പതിനായിരം രൂപ കൂടുതല്‍ വാങ്ങിക്കാനാണു സ്വാശ്രയ മാനേജ്‌മെന്റുകളോടു രാജേന്ദ്ര ബാബു കമ്മിഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലുള്ള ഫീസ് നിരക്കില്‍നിന്നു മൂന്നിരട്ടി കൂടുതല്‍ വേണമെന്നാണു മാനേജ്‌മെന്റുകളുടെ ആവശ്യം. ഇതിനു വഴങ്ങിക്കൊടുക്കുന്ന നിലപടാണു സര്‍ക്കാരിന്റേത്. ആറ് മുതല്‍ എട്ട് ലക്ഷം രൂപ വരെയുള്ള ഫീസ് നിരക്ക് ഇരുപത് ലക്ഷം വരെയാക്കണമെന്ന മാനേജ്‌മെന്റുകളുടെ ശാഠ്യത്തെ സര്‍ക്കാര്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കരുത്. ഒറ്റയടിക്ക് അഞ്ചും പത്തും ലക്ഷം രൂപ ഫീസ് വര്‍ധിപ്പിക്കുന്നതു സാധാകണക്കാര്‍ക്ക് എങ്ങനെ താങ്ങാന്‍  കഴിയും. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന നിലപാടിനൊപ്പമാണോ സര്‍ക്കാരെന്നും രമേശ് ചെന്നിത്തല കത്തില്‍ ചോദിക്കുന്നു.

എല്ലാ വര്‍ഷവും ഫീസ് വര്‍ധനയെന്ന മുറവിളി സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ പലപ്പോഴും സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് അവര്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അവര്‍ ഹൈക്കോടതിയില്‍ പോവുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേട് കൊണ്ട് അമിത ഫീസ് ഈടാക്കാനുള്ള വിധ സമ്പാദിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് മാനേജ്‌മെന്റ്കള്‍ക്കു തോന്നിയ പോലെ ഫീസ് ഈടാക്കാനുള്ള അവസരം നല്‍കുന്ന ഈ വിധി റദ്ദു ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

English Summary: Ramesh Chennithala on self financing medical colleges fee hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com