വീണ്ടും ട്വിസ്റ്റ്, നാമനിർദേശ പത്രിക നല്കി; 100 ശതമാനം വിജയം ഉറപ്പെന്ന് ഫൈസല്‍
Mail This Article
കോഴിക്കോട്∙ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലേക്കാണ് ഫൈസൽ മത്സരിക്കുന്നത്. എന്നാൽ കാരാട്ട് ഫൈസലാണ് എൽഡിഎഫിന്റെ യഥാർഥ സ്ഥാനാർഥിയെന്നും ഔദ്യോഗിക സ്ഥാനാർഥി ഡമ്മിയാണെന്നും യുഡിഎഫ് ആരോപിച്ചു.
അവസാന മണിക്കൂറിലാണ് കാരാട്ട് ഫൈസൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. പത്രിക സമർപ്പിക്കുന്നത് കാണാൻ ഐഎൻഎൽ നേതാക്കളും എത്തിയിരുന്നു. കൊടുവള്ളിയിലെ ജനങ്ങൾ ഒപ്പമുണ്ടെന്നും 100 ശതമാനം വിജയം ഉറപ്പാണെന്നും ഫൈസൽ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്തുണ പിൻവലിച്ചു. ഐഎൻഎൽ നേതാവ് ഒ.പി.റഷീദിനെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രാദേശിക നേതൃത്വത്തിന്റെ യഥാർഥ പിന്തുണ കാരാട്ട് ഫൈസലിനാണോ അതോ ഒ.പി.റഷീദിനാണോയെന്നറിയാൻ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരും.
English Summary: Karat Faisal decides to contest LSG polls as independent candidate