ADVERTISEMENT

നിലമ്പൂർ∙ ചുങ്കത്തറ 12-ാം വാർഡിൽ വടക്കേടത്ത് വീട്ടിലെ നാത്തൂൻമാരുടെ അടുക്കളപ്പോര് പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് നീളുകയാണ്. ഇടതു ചിഹ്നത്തിൽ മുതുകാട് ഭാരത് മാത യുപി സ്കൂൾ അധ്യാപിക ഹാൻസി ടീച്ചറും കൈപ്പത്തി ചിഹ്നത്തിൽ വാർഡിലെ തൊഴിലുറപ്പ് മേട്രൺ ലില്ലി പനച്ചയിലും തമ്മിലാണ് മൽസരം. ഇരുവരുടെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നാത്തൂൻമാരിൽ ആരു ജയിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് നാട്ടുകാരും.

‘നാത്തൂനോട് നേരിട്ടു ചോദിച്ചപ്പോൾ മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്, അതിനാലാണ് താൻ മത്സരിക്കാൻ സമ്മതിച്ചതെന്ന്’ ലില്ലി പനച്ചിയിലിന്റെ വാദം. അതേസമയം പാർട്ടി നിർദേശം അനുസരിച്ചാണ് മത്സരത്തിനിറങ്ങിയതെന്ന് ഹാൻസി ടീച്ചർ പറയുന്നു. ‘സമൂഹമാധ്യമത്തിലൂടെ ആദ്യം മത്സര വിവരം പ്രഖ്യാപിച്ചത് താനല്ലേ, അപ്പോൾ നാത്തൂൻ ഒരു മത്സരത്തിന് നിൽക്കണാരുന്നോ’ എന്ന് ഹാൻസി ടീച്ചറും ചോദിക്കുന്നു.

കാര്യങ്ങൾ എന്തായാലും പാർട്ടി തീരുമാനമാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ട്. ഹാൻസി ടീച്ചറുടെ ഭർത്താവ് സർക്കാർ സ്കൂൾ അധ്യാപകനും ഇടതു പ്രവർത്തകനുമാണ്. ടീച്ചറും പാർട്ടി അനുഭാവി. ആദ്യഘട്ടത്തിൽ തന്നെ ഹാൻസി ടീച്ചറോട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്നേ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്ററുകളും പതിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സ്ഥാനാർഥിയുടെ നാത്തൂനെത്തന്നെ എതിരാളിയാക്കാൻ യുഡിഎഫ് തീരുമാനിച്ചതെന്നാണ് ഇടതു പ്രവർത്തകരുടെ വാദം. ഭരണത്തുടർച്ചയാണ് ഇടതു മുന്നണി ഇവിടെ മുന്നോട്ടു വയ്ക്കുന്നത്.

‘ലില്ലി നാട്ടിൽ എല്ലാവരുമായി അടുപ്പമുള്ള അയൽക്കാരിയാണ്, ഏതു സമയത്തും വിളിച്ചാൽ എത്താൻ കഴിയുന്നയാൾ. വർഷങ്ങളായി നാട്ടുകാർക്കു പരിചയമുള്ള ലില്ലിടീച്ചർ ജയിക്കും’ എന്ന വാദമാണ് യുഡിഎഫ് പ്രവർത്തകരുടേത്. പത്തു വർഷമായി എൽഡിഎഫ് ഭരിക്കുന്ന വാർഡിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടു വരാൻ അവർക്കായിട്ടില്ല. ഒരു മാറ്റം വാർഡ് ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് പ്രവർത്തകർ പറയുന്നു.

ഇരു മുന്നണികൾക്കും സ്വാധീനം അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി പ്രവർത്തകർ. കാവലംകോട് വെങ്ങാനൂർ ഉഷയാണ് ബിജെപി സ്ഥാനാർഥി.

Content Highlights: Local Body Election, chungathara panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com