ADVERTISEMENT

പട്ന∙ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുളളില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍നിന്ന് വിദ്യാഭ്യാസമന്ത്രി രാജിവച്ചു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മേവാലാല്‍ ചൗധരിയാണു രാജിവച്ചത്. ചൗധരിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മേവാലാല്‍ സ്വമേധയാ രാജി വയ്ക്കുകയായിരുന്നു.

ജെഡിയു എംഎല്‍എയായ മേവാലാല്‍ താരാപുരില്‍നിന്നാണ് നിയമസഭയിലെത്തിയത്. 2017ല്‍ ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കെ ചട്ടവിരുദ്ധമായി അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സയന്റിസ്റ്റ് പോസ്റ്റുകളിലേക്ക് നിയമനം നടത്തിയെന്നതാണ് പരാതി. വിവാദങ്ങളെ തുടര്‍ന്ന് ജെഡിയുവില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മേവാലാലിനെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. അന്നു  പ്രതിപക്ഷത്തായിരുന്ന ബിജെപിയാണ് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയത്.

പരാതിയെ തുടര്‍ന്ന് അന്ന് ബിഹാര്‍ ഗവര്‍ണറായിരുന്ന റാം നാഥ് കോവിന്ദിന്റെ അനുമതിയോടെ മേവാലാലിനെതിരെ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ഇതുവരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ല. അതേസമയം ഒട്ടേറെ എംഎല്‍എമാര്‍ക്കെതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മേവാലാല്‍ പ്രതികരിച്ചു. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഇക്കാര്യം താന്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് മേവാലാലിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. സംസ്ഥാന അധികാരം തിരികെപ്പിടിക്കുവാന്‍ ക്രിമിനലുകളെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമിച്ചിരിക്കുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചിരുന്നു.

English Summary: Nitish Kumar's Minister, Facing Probe, Quits Hours After Taking Charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com