എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ കോവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം
Mail This Article
ന്യൂഡൽഹി∙ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. 2020-21 അധ്യയന വർഷത്തിൽ രണ്ടു കോഴ്സുകളിലേക്കും കേന്ദ്ര പൂളിൽ നിന്നുള്ള പ്രവേശനത്തിന്റെ മാർഗനിർദേശങ്ങളിൽ കോവിഡ് പോരാളികളുടെ കുട്ടികൾക്കായി ‘വാർഡ്‌സ് ഓഫ് കോവിഡ് വാരിയേഴ്‌സ്’ എന്ന പുതിയ വിഭാഗം കൂടി ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.
ഈ പുതിയ വിഭാഗത്തിനായി കേന്ദ്ര പൂളിൽ നിന്ന് അഞ്ച് സീറ്റുകളാണ് നീക്കിവയ്ക്കുക. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവർ, രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്തവർ തുടങ്ങി എല്ലാവരുടെയും സംഭാവനകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഈ നീക്കം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലെയോ കരാർ അടിസ്ഥാനത്തിൽ ഉള്ളതോ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നതോ താൽകാലിക അടിസ്ഥാനത്തിൽ ഉള്ളതോ ആയ കേന്ദ്ര–സംസ്ഥാന ആശുപത്രി ജീവനക്കാർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും.
ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ യോഗ്യത അതത് സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാർ പരിശോധിച്ച് ഉറപ്പാക്കും. നീറ്റ് -2020 ൽ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷയിലൂടെ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി) യോഗ്യരായവരെ തിരഞ്ഞെടുക്കും.
English Summary: Quota for Covid warriors’ children in MBBS, BDS seats