‘ലൗ ജിഹാദ്’ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ബിജെപി നിർമിച്ച വാക്ക്: അശോക് ഗെലോട്ട്
Mail This Article
ജയ്പുർ ∙ ലൗ ജിഹാദ് എന്ന പദം സൃഷ്ടിച്ചു രാജ്യത്തെ ഭിന്നിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമാണു ബിജെപി ശ്രമിക്കുന്നതെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ലൗ ജിഹാദ് തടയാനെന്ന പേരിൽ നിയമം നിർമിക്കുമെന്ന പ്രഖ്യാപനങ്ങൾക്കു പിന്നാലെയാണ് വിമർശിച്ചു രാജസ്ഥാൻ മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഭരണഘടനയുടെ അന്തഃസത്തയെയും പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണു ബിജെപിയുടെ നിയമനിർമാണ നീക്കം. വിവാഹക്കാര്യത്തിൽ ഉഭയ സമ്മതത്തേക്കാൾ സർക്കാർ അധികാരത്തിന്റെ ദയാദാക്ഷിണ്യത്തിനു കാത്തുനിൽക്കേണ്ട അന്തരീക്ഷമാണു ചിലർ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഗെലോട്ട് കുറ്റപ്പെടുത്തി. ഇക്കാര്യത്തിലെ നിയമനിർമാണങ്ങൾ ഭരണഘടനാവിരുദ്ധവും കോടതികളിൽ നിലനിൽക്കില്ലാത്തതുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ആയിരക്കണക്കിനു യുവതികളാണു ഈ കുരുക്കിൽ കുരുങ്ങിയിരിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് രംഗത്തെത്തി. പ്രയോഗങ്ങൾ സൃഷ്ടിക്കുകയും ലഹളയും വെറുപ്പും ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നതു കോൺഗ്രസിന്റെ പാരമ്പര്യമാണ്. സ്ത്രീകൾ ഒരു വിധത്തിലുമുള്ള നീതിനിഷേധത്തിനും വിധേയരാക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കുകയാണു ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
English Summary: "Love Jihad Word Manufactured By BJP To Divide Nation": Ashok Gehlot