സ്വാശ്രയ ഫീസ് വർധന; സർക്കാരിന്റെ ഹർജി കണ്ണിൽ പൊടിയിടാനെന്ന് കെ.സുരേന്ദ്രൻ
Mail This Article
തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കൽ ഫീസ് വർധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സർക്കാരും സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് ഫീസ് വർധനവിന് കാരണമായത്.
സർക്കാർ ഹൈക്കോടതിയിൽ മനഃപൂർവം തോറ്റു കൊടുക്കുകയായിരുന്നു. ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി നിശ്ചയിച്ച ഫീസിനെതിരെ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ കാണിച്ച അലംഭാവമാണ് കേസ് തോൽക്കാൻ കാരണമായത്. 6.22 ലക്ഷം മുതൽ 7.65 ലക്ഷം വരെയുള്ള വാർഷിക ഫീസ് 11 ലക്ഷം മുതൽ 22 ലക്ഷം വരെ ആക്കി വിജ്ഞാപനം പുറപ്പെടുവിക്കാനുളള അനുമതി ഹൈക്കോടതിയിൽനിന്നു നേടാൻ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് സർക്കാർ കൂട്ടുനിൽക്കുകയായിരുന്നു.
രാജേന്ദ്ര ബാബു കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ച് നിലവിലുള്ള ഫീസ് നിരക്കിൽനിന്ന് മൂന്നിരട്ടി കൂടുതൽ വേണമെന്ന മാനേജ്‌മെന്റുകളുടെ ഇംഗിതത്തിന് സർക്കാർ വഴങ്ങിക്കൊടുത്തത് വിദ്യാർഥികളെ ഒറ്റുകൊടുക്കലാണ്. പാവപ്പെട്ട വിദ്യാർഥികൾ പഠിക്കേണ്ടായെന്ന നിലപാടാണ് പിണറായി സർക്കാരിനുള്ളത്. സുപ്രീംകോടതിയിലെങ്കിലും വിദ്യാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
English Summary: BJP state president K.Surendran against self financing medical colleges fees hike