ADVERTISEMENT

കോഴിക്കോട് ∙ മലബാറിന്റെ ഐടി വികസനം ത്വരിതപ്പെടുത്തി കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ 6 കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങുന്നു. 9 സ്റ്റാർട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും. 42 കമ്പനികളും 36 സ്റ്റാർട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങൾ നിലവിലുള്ള പാർക്കിൽ ഇതോടെ 93 സ്ഥാപനങ്ങളാകും.

പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള യുഎൽ സൈബർ പാർക്കിൽ പ്രവർത്തിക്കാനുള്ള അംഗീകാരം പുതിയ കമ്പനികൾക്കു ലഭിച്ചുകഴിഞ്ഞു. പുതിയതായി വന്ന കമ്പനികൾ ഹൈപ്പർബ്ലോക്സ് ഇന്ത്യ (Hyperblox India), ടെലി സ്റ്റേഷൻ (Telestation), പാംട്രിസ് ടെക്നോളോജിസ് (Palmtrix Technologies), ഐഓകോഡ് ഇൻഫോടെക് (IOCOD Infotech), ടെക് ടാഡ് (TECHTADD), എയ്ത് അനലിറ്റിക്ക (Aeth Analytica) എന്നിവയാണ്.

ടെലികോം സർവീസസ്, ഇ-കൊമേഴ്സ്, മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഫ്ലീറ്റ് മാനേജ്മെന്റ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, എജ്യുക്കേഷൻ, ഹെൽത്ത് കെയർ, എംപ്ലോയ്‌മെന്റ് സെക്ടർ, ഹോസ്പിറ്റാലിറ്റി, റീട്ടയിൽ, മീഡിയ, ട്രാൻസ്പോർട്ടേഷൻ, എൻജിനീയറിങ്, എഐ സൊല്യൂഷൻസ് തുടങ്ങിയ മേഖലയിലാണ് കമ്പനികൾ പ്രവർത്തിക്കുന്നത്.

ul

നിലവിൽ യുഎൽ സൈബർ പാർക്കിലുള്ള ഐടി ജീവനക്കാരുടെ എണ്ണം 2,046 കടന്നു. ഇതിനുപുറമെ പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ 475 ഐടി ജീവനക്കാരെക്കൂടി നിയമിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. തുടർച്ചയായ വളർച്ച കാണിക്കുന്ന മറ്റു കമ്പനികളുടേതിനു സമാനമായ പ്രകടനമാണ് ഇവയും ലക്ഷ്യമിടുന്നത്.

കോവിഡ് കാലത്തും നൂറുകണക്കിനു തൊഴിലവസരം സൃഷ്ടിച്ചു വാർത്തയിൽ ഇടം നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഐടി പാർക്കാണ് ഇതേകാലത്തു വളർച്ചയും തൊഴിലും സൃഷ്ടിച്ചിരിക്കുന്നത്. ഐടി അടിസ്ഥാന സൗകര്യത്തിൽ മൂന്നാം സ്ഥാനമുള്ള കോഴിക്കോടിന് ആ പദവി നേടിക്കൊടുത്തതും കൂടുതൽ ഐടി കമ്പനികളെ ആനയിക്കുന്നതും മലബാറിലെ ആദ്യ ഐടി പാർക്കായ യുഎൽ സൈബർ പാർക്കാണ്.

പാർപ്പിടരംഗം മുതൽ മാനവ വിഭവ വികസനം വരെയുള്ള ആധുനിക സാങ്കേതികവിദ്യാ സേവനങ്ങൾ നൽകുന്ന ആഗോള സ്ഥാപനങ്ങൾക്കെല്ലാം ഇണങ്ങുന്ന സുസജ്ജമായ ഇടമാണു സൈബർ പാർക്ക്. 27 ലക്ഷം ചതുരശ്രയടി പാർക്കിൽ സംരംഭകർക്ക് ആയിരം മുതൽ ഒരുലക്ഷം വരെ ചതുരശ്രയടി വിസ്തൃതിയിൽ സ്ഥലം എടുക്കാനാകും. 

Content highlights: Calicut UL cyber park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com