ജി–20 ഉച്ചകോടിയിലെ കോവിഡ് യോഗം: ഗോൾഫ് കളിക്കാനായി സ്ഥലംവിട്ട് ട്രംപ്
Mail This Article
വാഷിങ്ടൻ∙ ജി–20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കോവിഡ്19മായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാതെ സ്ഥലംവിട്ടു. പിന്നീട് വാഷിങ്ടണിനു പുറത്തുള്ള സ്വന്തം ഗോൾഫ് കോഴ്സിൽ അദ്ദേഹത്തെ കണ്ടെത്തിയതായി റിപ്പോർട്ടുകളും പുറത്തുവന്നു. കോവിഡ് കാരണം വെർച്വൽ ആയാണ് ജി–20 ഉച്ചകോടി നടന്നത്.
വൈറ്റ് ഹൗസിന്റെ സിറ്റ്വേഷൻ റൂമിൽനിന്നാണ് ലോകനേതാക്കൾക്കൊപ്പം ട്രംപ് ഉച്ചകോടിയിൽ പങ്കെടുത്തത്. എന്നാൽ ഉച്ചകോടി തുടങ്ങി 13ാം മിനിറ്റ് ആയപ്പോഴേക്കും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രാദേശിക സമയം പകല്‍ പത്തുമണി ആയപ്പോഴേക്കും വൈറ്റ് ഹൗസിനു പുറത്തേക്ക് പ്രസിഡന്റ് പോയി.
മഹാമാരിയെ നേരിടാൻ സജ്ജമാകുന്നതുനെക്കുറിച്ചുള്ള സമ്മേളനം ആരംഭിക്കാനിരിക്കെയാണ് അദ്ദേഹം സ്ഥലം വിട്ടത്. പ്രസിഡന്റ് പദവിയില്‍ അവസാനത്തെ ജി–20 ഉച്ചകോടിക്കാണ് അദ്ദേഹം പങ്കെടുത്തത്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ആ പരാജയത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്തത് ജി–20 നേതാക്കൾക്കിടയിൽ ട്രംപിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മിക്ക ജി–20 നേതാക്കളും ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
English Summary: Trump Skips G20 Pandemic Session, Then Spotted At His Golf Course: Report