ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ബിജു രമേശിന്റെ ആരോപണങ്ങൾ ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജു രമേശിന്റെ ആരോപണങ്ങളുടെ പേരിലാണ് എൽഡിഎഫ് യുഡിഎഫിനെ ആക്രമിച്ചതെങ്കിൽ, ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ രണ്ടു മുന്നണികളും ആരോപണങ്ങളുടെ ചൂടറിയുന്നു. പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബാർകോഴ വിഷയം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും സജീവ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി. ഇരു മുന്നണികളും ഒത്തുകളിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. ബാർകോഴ വിഷയത്തിൽ അന്വേഷണത്തിനു സാധ്യതയുണ്ടോയെന്നു കേന്ദ്രവും പരിശോധിക്കുന്നു.

ബാർകോഴ വിഷയത്തിൽ സുരക്ഷിത സ്ഥാനത്താണെന്ന സിപിഎമ്മിന്റെ ചിന്തയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ ഇല്ലാതായത്. യുഡിഎഫ് നേതാക്കൾ കോഴ വാങ്ങിയെങ്കിൽ കേസ് ഒതുക്കി തീർക്കാൻ എൽഡിഎഫ് നേതൃത്വം സഹായിച്ചെന്നാണ് ബിജുവിന്റെ വെളിപ്പെടുത്തൽ. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുന്നു. വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കി.

ബാർകോഴക്കേസിൽ ആരോപണവിധേയനായ കെ.എം. മാണി മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രഭാതഭക്ഷണത്തിനുപോയി പുറത്തിറങ്ങിയ ഉടനെ അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടെന്നു ഡിജിപിക്കു നിർദേശം പോയതായാണു ബിജുവിന്റെ ആരോപണം. ബാർകോഴക്കേസ് രാഷ്ട്രീയ വിവാദമാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ എൽഡിഎഫിന്റെ രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചും വാർത്താ സമ്മേളനത്തിൽ ബിജു ചോദ്യങ്ങളുന്നയിച്ചു. കെ.എം. മാണിയുടെ മകനായ ജോസ് കെ. മാണിയെ മുന്നണിയിലെടുത്ത സിപിഎം കേസ് ഒത്തുതീർപ്പാക്കില്ലെന്ന് എന്താണ് ഉറപ്പെന്നാണു പ്രധാനചോദ്യം. ചില നേതാക്കളുടെ അവിഹിത സ്വത്തുസമ്പാദനത്തെക്കുറിച്ചു മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ബിജു വിമർശിച്ചു.

പുതിയ വെളിപ്പെടുത്തലുകളോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിരോധത്തിലായി. രമേശ് ചെന്നിത്തലയും ഭാര്യയും അഭ്യർഥിച്ചതിനെത്തുടർന്നാണു രഹസ്യമൊഴിയിൽനിന്ന് അദ്ദേഹത്തിന്‍റെ പേര് ഒഴിവാക്കിയതെന്നാണു ബിജുവിന്റെ ആരോപണം. കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണു പണം കൈമാറിയതെന്നും രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക സ്ഥിതിയും ഇപ്പോഴത്തെതും പരിശോധിച്ചാൽ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബിജു ആരോപിച്ചു.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ 1 കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നൽകിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സർക്കാർ തുടർ നടപടിക്കു സ്പീക്കറുടെയും ഗവർണറുടെയും അനുമതി തേടിയിരിക്കുകയാണ്.

കേന്ദ്ര ഏജൻസികൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസിനെ ആയുധമാക്കിയ ഭരണപക്ഷത്തിനും ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷത്തിനും പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ജനത്തോടും അണികളോടും വിശദീകരിക്കേണ്ട സാഹചര്യമാണു വന്നിരിക്കുന്നത്. ഇരു മുന്നണികൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ ബിജെപിക്ക് പിടിവള്ളിയായി. മുന്നണികളുടെ ഒത്തുകളി ജനങ്ങൾക്കു മുന്നിൽ വിശദീകരിക്കാനാണ് പാർട്ടി നീക്കം.

English Summary: LDF and UDF in defence to Biju Ramesh's allegation; BJP plans to play a big role

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com