ADVERTISEMENT

കാലങ്ങളോളം പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുന്ന ഭീകരതയുടെ ലക്ഷ്യസ്ഥാനമായിരുന്നു ഇന്ത്യ. നേര്‍ക്കുനേര്‍ പോരാടാതെതന്നെ ഇന്ത്യയെ വേദനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ എന്ന അയല്‍രാജ്യം കണ്ടുപിടിച്ച എളുപ്പവിദ്യ. പാക്ക് കടന്നുകയറ്റങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എന്നും തക്കതായ തിരിച്ചടികള്‍ ഇന്ത്യയും സൈന്യവും നല്‍കിയിരുന്നു. എങ്കിലും വലിയ ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചു പാക്കിസ്ഥാന്‍ തനിസ്വഭാവം കാണിച്ചുകൊണ്ടിരുന്നു. പാക്കിസ്ഥാന്റെ അതേരീതിയിലോ കൂടിയ അളവിലോ പ്രത്യാക്രമണം നടത്താതെ നയതന്ത്രപരമായാണ് ഇന്ത്യ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. 

പക്ഷേ 2014 മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പാക്കിസ്ഥാന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഈ മാറ്റം തെളിഞ്ഞുകണ്ടു. ഏകപക്ഷീയ ആക്രമണങ്ങള്‍ നടത്തിയിരുന്ന പാക്കിസ്ഥാന്‍ സമീപകാലത്തായി ഇന്ത്യയ്ക്കുമേല്‍ കുറ്റങ്ങള്‍ ചാര്‍ത്തിത്തുടങ്ങി. ഇന്ത്യ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ മറുപടിയെന്നോണമാണു ഭീകരരുടെ നുഴഞ്ഞുകയറ്റമെന്ന് അഭിപ്രായമുണ്ടായി. എങ്കിലും ഇന്ത്യ പാക്കിസ്ഥാനെതിരെ മുന്നോട്ടുവയ്ക്കുന്ന ശക്തമായ തെളിവുകള്‍ പോലെ യാതൊന്നും ആരോപണത്തിനു ബലമേകാന്‍ പാക്കിസ്ഥാന്റെ കൈവശമില്ലായിരുന്നു. പാക്കിസ്ഥാനികള്‍ പ്രചരിപ്പിക്കുന്ന കഥ വിശ്വാസത്തിലെടുത്താല്‍, ഇന്ത്യ കണക്കറ്റ് അവരെ പ്രഹരിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.

ഔദ്യോഗികവും അനൗദ്യോഗികവുമായുള്ള ഈ പ്രഹരം വലിയ തോതില്‍ പാക്കിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നാണു നിഗമനം. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പതിറ്റാണ്ടുകളായുള്ള അനുഭവ ജ്ഞാനത്തിനൊപ്പം ശത്രുവിന്റെ പാളിച്ചകള്‍ ചൂഷണം ചെയ്തു തിരിച്ചടിക്കാനുള്ള കഴിവും ഇന്ത്യയ്ക്കു പാക്കിസ്ഥാനില്‍ പുതിയമുഖം നല്‍കുന്നു. പുറമേയ്ക്ക് അംഗീകരിച്ചില്ലെങ്കിലും ശത്രു ഭയപ്പെടുന്ന നിലയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. ആക്രമണ ശൈലിയില്‍നിന്ന് അവര്‍ക്കു പ്രതിരോധത്തിലേക്ക് പിന്‍വലിയേണ്ടി വന്നു. മാനസികമായ മുന്‍തൂക്കം ഇന്ത്യയ്ക്കു കിട്ടിയപ്പോള്‍, രാജ്യത്തിനുള്ളില്‍ പ്രതിഷേധങ്ങളും കലാപങ്ങളും ഉള്‍പ്പെടെ അനേകം വിഷയങ്ങളിലേക്കു പാക്കിസ്ഥാന്റെ ശ്രദ്ധ ചിതറി.

ഇങ്ങനെ രാജ്യത്തിന്റെ 'ശല്യകാരണം' ആയി ഏതാനും വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ കാണുന്ന ഒരാളുണ്ട്, ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍. ഏറെ മുന്‍പ് ഡോവല്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ചത് പാക്കിസ്ഥാനികള്‍ പറയാറുണ്ട്. പാക്ക് ഭീകരത നേരിടാന്‍ തന്ത്രപരമായ നിലപാട് ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട് എന്നായിരുന്നു പ്രസംഗത്തിന്റെ കാതല്‍. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ ഡോവലിനെ എന്‍എസ്എ ആക്കി. 'ആക്രമണം എവിടെനിന്നാണോ വരുന്നത് അവിടെപ്പോയി ആക്രമിക്കുക' എന്ന ശത്രുനിവാരണ തന്ത്രം തന്റെ സ്ഥാനലബ്ധിയോടെ ഡോവല്‍ നടപ്പാക്കിയെന്നാണു പാക്ക് വിദഗ്ധര്‍ പറയുന്നതത്രെ.

nsa-ajit-doval
അജിത് ഡോവൽ

∙ പ്രതിരോധ രംഗത്തെ താക്കോല്‍സ്ഥാനം 

പ്രതിരോധരംഗത്തെ നയതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണു ഡോവലിന്റെ വരവോടെ ഡല്‍ഹി സാക്ഷിയായത്. കാബിനറ്റ് റാങ്കോടെ കൂടുതല്‍ അധികാരങ്ങളുമായിട്ടായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിയമനം. പ്രധാനമന്ത്രിക്കു നേരിട്ട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതും കാബിനറ്റ് സെക്രട്ടറിക്കു പകരമായി സേനാ തലവന്മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതും ഡോവലാണ്. നിതി ആയോഗ് ചെയര്‍മാന്‍, കാബിനറ്റ് സെക്രട്ടറി, ആര്‍ബിഐ ഗവര്‍ണര്‍, മൂന്നു സൈനിക മേധാവികള്‍, ആഭ്യന്തര സെക്രട്ടറി, ധനകാര്യ- പ്രതിരോധ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന ഉന്നതരുടെ കൂട്ടായ്മയും ഡോവലിനു കീഴിലുണ്ട്.

ഉന്നത നയതന്ത്ര സംഘം അഥവാ എസ്പിജി എന്നുവിളിക്കുന്ന ഈ ഉന്നത ഉദ്യോഗസ്ഥ സംഘത്തില്‍ പ്രതിരോധ ആയുധങ്ങളുടെ നിര്‍മാണവും വിതരണവും ചുമതലയുള്ള സെക്രട്ടറി, പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി, റവന്യു- ബഹിരാകാശ- ഐബി- ഊര്‍ജ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയിട്ടുണ്ട്. വാജ്പേയിയുടെ കാലം മുതലേ എസ്പിജി നിലവിലുണ്ട്. എന്നാല്‍ ഡോവലിന് എസ്പിജിയുടെ ചുമതല കൂടി നല്‍കിയതു സുപ്രധാനമായിരുന്നു. കാബിനറ്റ് സെക്രട്ടറിയെന്നത് സര്‍ക്കാര്‍ പദവിയാണെങ്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നതു രാഷ്ട്രീയ നേതൃത്വമാണ്.

Modi-Ajit-Doval
നരേന്ദ്ര മോദി, അജിത് ഡോവൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുകളിലായുള്ള രാഷ്ട്രീയ നിയമനമായിരുന്നു ഡോവലിന്റേത്. ഉന്നത നയതന്ത്ര യോഗങ്ങള്‍ ചേരാറില്ലെന്ന കുറവ് പരിഹരിക്കുകയായിരുന്നു ഡോവലിന്റെ ആദ്യപണി. കാബിനറ്റ് പദവി നല്‍കിയതോടെ സേനാ തലവന്മാരും സെക്രട്ടറിമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതില്‍ നിയമതടസവുമുണ്ടായില്ല. ഡോവലിന്റെ നിയമനം മോദി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു. രണ്ടാം മോദി സര്‍ക്കാരിലും ഡോവല്‍ തുടരുന്നത് അദ്ദേഹത്തില്‍ പ്രധാനമന്ത്രിക്കുള്ള വിശ്വാസം വര്‍ധിച്ചതിന്റെ തെളിവാണ്. ഇന്ത്യന്‍ പ്രതിരോധ രംഗത്തെ താക്കോല്‍സ്ഥാനത്താണു സര്‍ക്കാരും സേനകളും ഡോവലിനെ കാണുന്നത്.

∙ അതേ നാണയത്തില്‍, ചുട്ട മറുപടി

'ശത്രുനിവാരണ പ്രതിരോധം' എന്ന ഡോവലിന്റെ പ്രമാണമാണു ചുട്ട മറുപടികള്‍ക്കും കനത്ത പ്രത്യാക്രമണങ്ങള്‍ക്കും ഇന്ത്യയെ പ്രാപ്തമാക്കുന്നതെന്നു പാക്കിസ്ഥാന്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഭീകരവാദത്തിന്റെ മറുപതിപ്പ് തിരിച്ച് ഇന്ത്യയും പ്രയോഗിക്കുന്നു. എന്‍എസ്എ ആയതുമുതല്‍ പാക്കിസ്ഥാനെ വിറപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു ഡോവല്‍. വിരമിച്ച ചില പാക്ക് പട്ടാളക്കാര്‍ എഴുതിയ ലേഖനങ്ങളില്‍, പാക്കിസ്ഥാനെ തകര്‍ക്കാനും താറുമാറാക്കാനും വിഘടിപ്പിക്കാനും ശ്രമിക്കുന്ന ഒറ്റയാള്‍ പട്ടാളമായാണു ഡോവലിനെ ചിത്രീകരിക്കുന്നത്.

അങ്ങനെ ഡോവലിന്റെ പ്രമാണം പാക്ക് തന്ത്രങ്ങള്‍ മെനയുന്നതിലെ നിര്‍ണായക ഘടകമാകുന്നു. 'അഞ്ചാം തലമുറ യുദ്ധത്തിന്റെ' മൂര്‍ത്ത രൂപമായാണ് ഡോവല്‍ പ്രമാണത്തെ പാക്ക് പട്ടാളം കാണുന്നത്. രാജ്യാന്തര സമൂഹത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ മോശപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെടുകയാണ്. ഭീകരതയുടെ വിളഭൂമിയായി പാക്കിസ്ഥാന്‍ അവരുടെ പ്രവൃത്തികളിലൂടെ വിളംബരം ചെയ്യുന്നു, ലോകത്ത് ഒറ്റപ്പെടുന്നു. 2016ലെ മിന്നലാക്രമണവും 2019ലെ ബാലാക്കോട്ട് ആക്രമണവും എല്ലാം ഇന്ത്യയെക്കുറിച്ചുള്ള ധാരണകളെ തിരുത്താനും പാക്കിസ്ഥാനു പ്രേരകമായി. ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ നീക്കത്തിനു ലോകത്തിന്റെ പിന്തുണയും കിട്ടി.

പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ നിഴല്‍യുദ്ധമോ ഭീകരതയോ ഉപയോഗിക്കുക രാജ്യത്തിന്റെ നയമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും ഇന്ത്യന്‍ ഭൂപ്രദേശത്തേക്കുള്ള കടന്നുകയറ്റവും തടയുകയും നേരിടുകയും ചെയ്യുമെന്ന നിലപാട് മുറുകെ പിടിക്കുകയും ചെയ്യുന്നു. മിന്നലാക്രമണവും ബാലാക്കോട്ട് ആക്രമണവും വിമര്‍ശനാതീതമായി തുടരാന്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നിലപാടുകളിലെ വ്യത്യാസം സഹായിച്ചു. സൂക്ഷ്മമായ ഈ തന്ത്രപരത ഡോവലിന്റെ ബുദ്ധി കൂടി ചേര്‍ന്നതാണെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

∙ അജിത് ഡോവല്‍ എന്ന ഇന്ത്യന്‍ ബോണ്ട്

ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. വൈകാരികമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു സൈനിക നീക്കം. ഡോവലായിരുന്നു ബുദ്ധികേന്ദ്രം. എല്ലാം രഹസ്യമാക്കി വച്ചു. ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയ നീക്കങ്ങള്‍ പുറംലോകം അറിഞ്ഞില്ല. ഡോവലിന്റെ കൃത്യമായ പദ്ധതികള്‍ കമാന്‍ഡോകള്‍ നടപ്പിലാക്കി. ഡോവല്‍ മുസ്ലിം വേഷത്തില്‍ ഏഴു വര്‍ഷത്തോളം പാക്കിസ്ഥാനില്‍ ചാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. റോയ്ക്ക് വേണ്ടി പാക്കിസ്ഥാനിലെ തന്ത്രപ്രധാന വിവരങ്ങളെല്ലാം ഡോവല്‍ ഇന്ത്യയിലേക്ക് കൈമാറിയിരുന്നു.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയില്‍ കൊണ്ടുവരാനുളള നീക്കവും നടത്തിയിരുന്നു. ആറു വര്‍ഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മിഷണറായും പ്രവര്‍ത്തിച്ചു. ഇത്രയും നാളത്തെ ജോലിപരിചയത്തിലൂടെ പാക്കിസ്ഥാനിലെ ഓരോ വഴികളും അറിയാവുന്ന വ്യക്തി എന്നതും ഡോവലിന്റെ പ്രത്യേകതയാണ്. രാജ്യത്തിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ വ്യക്തി ആദ്യമായാണു ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത്. 1968ല്‍ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവല്‍ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 33 വര്‍ഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലെ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറിനു പിന്നിലും ഡോവലായിരുന്നു. അന്ന് ഐഎസ്‌ഐ ചാരനെ പിടികൂടിയ ഡോവല്‍ ചാരന്റെ വേഷത്തില്‍ സുവര്‍ണ ക്ഷേത്രത്തിലെത്തി കാര്യങ്ങള്‍ നിര്‍വഹിച്ചു. മിസോറം നാഷനല്‍ ഫ്രണ്ടില്‍ നുഴഞ്ഞുകയറിയും ആക്രമണം നടത്തിയിട്ടുണ്ട്. അവരില്‍ ഒരാളായി ചേര്‍ന്നാണ് അന്ന് ആക്രമണം നടത്തിയത്. 1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരരുമായി വിലപേശല്‍ നടത്തി. ഇറാഖില്‍നിന്നു നഴ്‌സുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിച്ചതും ഡോവലിന്റെ നീക്കങ്ങളായിരുന്നു. പ്രത്യേക പദവി റദ്ദാക്കപ്പെട്ട കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

Ajit Doval
അജിത് ഡോവൽ

മോദിയുടെ വലംകൈ ആയാണ് ഡോവലിനെ പാക്കിസ്ഥാന്‍ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളില്‍ അംഗമായിരുന്നു ഡോവല്‍. കൂടുതല്‍ ബഹളമുണ്ടാക്കുന്ന, പരുക്കനായ, അന്തരീക്ഷത്തിന്റെ ചൂടേറ്റുന്ന ഉദ്യോഗസ്ഥനാണു ഡോവല്‍ എന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത്, പാക്ക് ചാരസംഘടന ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മുന്‍ മേധാവി ലഫ്. ജനറല്‍ അസദ് ദുറാനി എന്നിവര്‍ ചേര്‍ന്നെഴുതിയ 'ചാരവൃത്തിയുടെ ഇതിഹാസം' (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലെ ചൂടന്‍ വര്‍ത്തമാനമാണു ഡോവലിന്റേതും. തന്റെ ബോസിനു വേണ്ടതാണു ഡോവല്‍ ചെയ്യുന്നത്. 1980 കളില്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഡോവല്‍ പ്രവര്‍ത്തിച്ചിരുന്നു. 'ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്' എന്നാണത്രേ അന്ന് പാക്കിസ്ഥാനും ഐഎസ്‌ഐയും വിചാരിച്ചിരുന്നത്. സഹപ്രവര്‍ത്തകനും നല്ല സുഹൃത്തുമാണു ഡോവല്‍ എന്നാണു ദുലത് പറയുന്നത്. ഈ കാലഘട്ടത്തിലെ മികവേറിയ ഉദ്യോഗസ്ഥന്‍. ആരെയും അത്രയധികം വിശ്വസിക്കാത്ത പ്രകൃതക്കാരനെന്നും വിശേഷണമുണ്ട്.

2016ല്‍ ഡല്‍ഹിയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആറു മുന്‍ പാക്ക് ഹൈക്കമ്മിഷണര്‍മാരെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു. ഔദ്യോഗിക യോഗത്തിനു ചേരാത്തവിധം അസ്വഭാവികമായിരുന്നു ഡോവലിന്റെ പെരുമാറ്റം. 'ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നല്ലതല്ലാത്ത കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞാലോ പഠാന്‍കോട്ട്, മുംബൈ ഭീകരാക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയാലോ പ്രത്യാഘാതമുണ്ടാകും' എന്നുപറഞ്ഞ് ഡോവല്‍ പുറത്തേക്കു നടന്നു. ഉദ്യോഗസ്ഥര്‍ക്കു കൈ പോലും കൊടുക്കാതെയായിരുന്നു ഡോവല്‍ മടങ്ങിയത്.

∙ ന്യൂനപക്ഷ വേട്ട നടത്തുന്ന പാക്കിസ്ഥാന്‍

അടിക്കു തിരിച്ചടി കൊടുക്കുമ്പോഴും പാക്കിസ്ഥാന്റെ വികൃതമുഖം വെളിപ്പെടുത്താനുള്ള ഒരു അവസരവും ഇന്ത്യ പാഴാക്കാറുമില്ല. പാക്കിസ്ഥാന്‍ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ജനീവയില്‍ നടന്ന 45-ാം മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ വെട്ടിത്തുറന്നു പറഞ്ഞു. പാക്കിസ്ഥാനെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിച്ച ഇന്ത്യ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ പ്രസംഗങ്ങള്‍ ആരും കേള്‍ക്കില്ലെന്നും തുറന്നടിച്ചു.

pakistan-politician-imran-khan-profile-image
ഇമ്രാൻ ഖാൻ

'നീചമായ നിയമങ്ങളിലൂടെയും നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളിലൂടെയും കൊലപാതകങ്ങള്‍, കലാപങ്ങള്‍ എന്നിവയിലൂടെയും വിശ്വാസാധിഷ്ഠിതമായ വേര്‍തിരിവുകളിലൂടെയും സാംസ്‌കാരിക- മത ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ ഇനി ഭാവിയില്ലെന്നു വിളിച്ചു പറയുകയാണ്. ആയിരക്കണക്കിനു ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ സ്ത്രീകളും പെണ്‍കുട്ടികളും ദിവസേന ക്രൂരമായ പീഡനങ്ങള്‍ക്കും നിര്‍ബന്ധിത വിവാഹത്തിനും മത പരിവര്‍ത്തനത്തിനും വിധേയരാവുന്നു. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരമായി ആക്രമിക്കപ്പെടുകയാണ്.'- ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ വാക്കുകള്‍.

ലാഹോറില്‍ ഉണ്ടായ കൂട്ടബലാല്‍സംഗത്തില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ പകുതിയോടെ തുടങ്ങിയ സ്ത്രീകളുടെ സമരം പ്രതിപക്ഷം ഏറ്റെടുത്തത്, കോവിഡിനിടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനുണ്ടായ മറ്റൊരു ഇടിത്തീയായി. ബലൂചിസ്ഥാന്‍, സിന്ധ്, പാക്ക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളില്‍ പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നാണു കശ്മീര്‍ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള 'പാക്ക് ആശങ്കയ്ക്ക്' ബലൂച് മൂവ്‌മെന്റ് സംഘാടകരുടെ മറുപടി. ഇങ്ങനെ രാജ്യത്തിനകത്തെ വിവിധങ്ങളായ പ്രതിഷേധങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ഉഴറുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യയ്‌ക്കെതിരെയുള്ള അവരുടെ ആരോപണങ്ങള്‍ക്ക് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളൊന്നും പിന്തുണയ്ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

English Summary: Pakistan's million mutinies, ghosts and Ajit Doval's doctrine of 'defensive offence'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com