മറഡോണയുടെ അക്കൗണ്ടിൽ ഒന്നും കാണില്ല; കുട്ടികളുടെ സ്വഭാവം: ബോബി ചെമ്മണ്ണൂർ
Mail This Article
കൊച്ചി ∙ സമ്പാദിക്കാനറിയാത്ത, പണത്തോട് ആർത്തിയില്ലാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. മറഡോണയെ കേരളത്തിലെത്തിച്ച ഓർമകളും അദ്ദേഹം മനോരമ ന്യൂസുമായി പങ്കുവച്ചു. വെറും ഫുട്ബോളറല്ല അദ്ദേഹമെന്ന് മറഡോണയോട് കൂടി താമസിച്ചപ്പോൾ മനസ്സിലായെന്ന് ബോബി അനുസ്മരിച്ചു. ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്നേഹവും കൂടിയതെന്നും ബോബി പറഞ്ഞു.
അദ്ദേഹം പൊട്ടിക്കരയുന്ന ഒരു നിമിഷം ഓർക്കുകയാണ്. ഭക്ഷണം കഴിച്ച് അൽപം മദ്യം കഴിച്ചിരിക്കുമ്പോൾ, അദ്ദേഹം ഡ്രഗ്സ് യൂസ് ചെയ്തെന്നു പറഞ്ഞ് കളിയിൽ നിന്ന് പുറത്താക്കപ്പെട്ടത് മറഡോണ ഓർത്തു. അത് ചതിയാണ് ബോബി, ഞാൻ ഇന്നസന്റായിരുന്നു. എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ അതിനു മരുന്നു കൊടുത്തപ്പോൾ ബാൻഡ് ആയ മരുന്ന് അദ്ദേഹം അറിയാതെ കൊടുക്കുകയും അത് ഒറ്റിക്കൊടുക്കുകയും അത് പിടിക്കപ്പെടുകയും അത് ഫുട്ബോൾ ലോബിയുടെ ചതിയായിരുന്നുവെന്നും പറഞ്ഞ് മറഡോണ പൊട്ടിക്കരഞ്ഞതായും ബോബി ഓർമിച്ചു.
ഒരു ബ്രാൻഡ് അംബാസിഡർ എന്നതിലേറെ മറഡോണയുമായി അടുക്കാൻ സാധിച്ചിരുന്നതായും ബോബി അനുസ്മരിച്ചു. ഇന്ന് ഫുട്ബോൾ ലോകത്ത് പലരും പതിനായിരക്കണക്കിനു കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഒന്നും കാണില്ലെന്ന് ബോബി പറഞ്ഞു.
പൈസയ്ക്കു വേണ്ടി ഇത്ര കോടി കിട്ടിയാലെ ഇന്നതു ചെയ്യൂ എന്ന് പിടിവാശിയില്ലാത്ത മനുഷ്യനായിരുന്നു മറഡോണയെന്ന് ബോബി വിശദീകരിച്ചു. മറഡോണയുടെ വിയോഗത്തിൽ അതിയായ വിഷമമുണ്ടെന്നും എംബസി വഴി സ്പെഷൽ പെർമിഷനെടുത്ത് അങ്ങോട്ടു പോകാൻ ശ്രമിക്കുകയാണെന്നും അതു നടക്കുമോ എന്നതറിയില്ലെന്നും ബോബി കൂട്ടിച്ചേർത്തു.
English Summary: Bobby Chemmannur on Maradona