ബാറുടമകള്‍ 27.79 കോടി പിരിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ്
Mail This Article
തിരുവനന്തപുരം ∙ ബാര്‍ ഉടമകള്‍ പണം പിരിച്ചിരുന്നില്ലെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബിജു മനോരമ ന്യൂസിനോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന വാദം ബിജു രമേശ് ഉയര്‍ത്തിയതോടെയാണ് അതു നിഷേധിച്ച് അസോസിയേഷന്‍ നേതാവ് വി.സുനിൽകുമാർ രംഗത്തെത്തിയത്. എന്നാല്‍ ആ സമയത്ത് സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും അന്നത്തെ ഭാരവാഹികള്‍ താന്‍ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു പറഞ്ഞു.
മുൻ മന്ത്രി കെ.ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുനിലിനു വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു.
English Summary: Revelations on bar bribery stir up a controversy: Biju Ramesh released vigilance report