‘ഗോക്കൾ മാതാവ്, കശാപ്പ് അനുവദിക്കില്ല’: ഗോവധ നിരോധനത്തിന് കർണാടക
Mail This Article
ബെംഗളൂരു∙ ഗോവധ നിരോധനനിയമം നടപ്പാക്കാൻ ഒരുങ്ങി കർണാടക. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് വെള്ളിയാഴ്ച ബെംഗളൂരുവിൽ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ മാധ്യമങ്ങളോട് പറഞ്ഞു.
‘വിഷയം ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്തു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിയമത്തിലെ വ്യവസ്ഥകൾ ഇതിന് ശേഷം അറിയിക്കും. ഈ സർക്കാർ വന്നതിനു ശേഷം ഞങ്ങൾ ഉറപ്പുനൽകിയിരുന്നു– ഗോക്കൾ നമ്മുടെ മാതാവാണ്. അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ല എന്ന്. ബിൽ നൂറു ശതമാനവും അടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ചിരിക്കും.’ – പ്രഭു ചവാൻ പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച തുടരുകയാണ്. നിയമം മുൻപു നടപ്പാക്കിയ ഗുജറാത്ത്, യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കും. പ്രധാന കാര്യം ഇത് ഗോമാതാവിനെ സംരക്ഷിക്കാനുള്ളതാണ് എന്നതാണ്. വ്യത്യസവും സുന്ദരവുമായ നിയമമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ‘ലവ് ജിഹാദ്’, ‘ഗോവധം’ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തുന്നതെന്നും തിരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. പശുക്കളെ കശാപ്പ് ചെയ്യുന്നതിൽ ബിജെപിക്ക് വ്യക്തമായ നിലപാടില്ലെന്നും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും ഇതു ചെയ്യുന്ന പലരും ബിജെപി നേതാക്കൾ ആണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
English Summary: Karnataka All Set To Ban Cow Slaughter With New Bill