ADVERTISEMENT

കൊൽക്കത്ത ∙ കേന്ദ്ര നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗാളിൽ ‘ലിറ്റ്മസ് ടെസ്റ്റ്’ ആകുമെന്ന കണക്കുകൂട്ടലിൽ രാഷ്ട്രീയ പാർട്ടികൾ. ബംഗാളിൽ വൻതിരിച്ചുവരവിന് ഒരുങ്ങുന്ന ഇടതുപാർട്ടികളാണു പണിമുടക്ക് രാഷ്ട്രീയലാഭം ഉണ്ടാക്കിത്തരുമെന്ന് കരുതുന്നത്, ഒപ്പം കോൺഗ്രസും. നിയമസഭാ തിര‍ഞ്ഞെടുപ്പ് തൂത്തുവാരാൻ ബിജെപി കച്ചകെട്ടിയിരിക്കുകയും ഭരണത്തിൽ തുടരാൻ തൃണമൂൽ കോൺഗ്രസ് പരിശ്രമിക്കുകയും ചെയ്യുമ്പോൾ ഇടതു പാർട്ടികൾക്കും കോൺഗ്രസിനും ആത്മപരിശോധനയ്ക്കും ശക്തി തെളിയിക്കാനും പണിമുടക്ക് സഹായകമായി.

10 തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ സമരത്തിൽ 25 കോടിയിലേറെ പേർ പങ്കെടുത്തെന്നാണു ട്രേഡ് യൂണിയനുകളുടെ അവകാശവാദം. പിന്തുണ പ്രഖ്യാപിച്ച് ഇടതുപാർട്ടികളും കർഷക സംഘടനകളും രംഗത്തിറങ്ങിയതോടെ പണിമുടക്ക് ബംഗാൾ, തമിഴ്നാട്, ത്രിപുര, ഒഡിഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനജീവിതത്തെ ബാധിച്ചു. പലയിടത്തും ബസ് – ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ വ്യവസായ മേഖലകളെയും കൊൽക്കത്ത, ചെന്നൈ, തൂത്തുക്കുടി, വിശാഖപട്ടണം തുറമുഖങ്ങളെയും പണിമുടക്ക് ബാധിച്ചു.

കോവിഡ് ലോക്ഡൗണിനു ശേഷമുള്ള ആദ്യ പണിമുടക്ക് ബംഗാളിൽ ‘പൂർണവിജയം’ ആണെന്നാണു സിപിഎം അവകാശവാദം. കൊൽക്കത്തയിലടക്കം സംസ്ഥാനത്തിന്റെ പലയിടത്തും ഇടതു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. 450ഓളം പേർ അറസ്റ്റിലായി, ഇതിൽ 140ഉം കൊൽക്കത്തയിലാണെന്നു പൊലീസ് പറഞ്ഞു. കോൺഗ്രസിന്റെ കൂടി പിന്തുണയോടെ നടത്തിയ 24 മണിക്കൂർ പണിമുടക്കിനു സംസ്ഥാനത്തു നല്ല പിന്തുണയാണു കിട്ടിയതെന്ന് ഇടതുകേന്ദ്രങ്ങൾ വിലയിരുത്തി. ബംഗാളിൽ സഖ്യമായി മത്സരിക്കുന്ന സിപിഎമ്മിനും കോൺഗ്രസിനും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള നിലമൊരുക്കൽ കൂടിയായി സമരം മാറി.

MamataBanerjee
മമത ബാനർജി

തൊഴിലാളിവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കോവിഡ് കണക്കിലെടുത്ത് പ്രതിമാസം 7500 രൂപ സഹായധനം അനുവദിക്കുക, തൊഴിലുറപ്പു ദിനങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു. ബാങ്കിങ് മേഖലയിലെ ചില സംഘടനകൾ പണിമുടക്കിയതിനാൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ബംഗാളിലെ ജാദവ്പുർ, ഗാരിയ, കമൽഗാസി, ദുംദും പ്രദേശങ്ങളിൽ സിപിഎമ്മിന്റെയും സിഐടിയു, ഡിവൈഎഫ്ഐ എന്നിവയുടെയും നേതൃത്വത്തിൽ റാലികൾ സംഘടിപ്പിച്ചു.

സംസ്ഥാനത്തുടനീളം വാഹന ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാർ, തുറന്ന കടകൾ ബലമായി അടപ്പിച്ചതായി പൊലീസ് പറഞ്ഞു. ഹൗറ റെയിൽവേ സ്റ്റേഷനു പുറത്തു സമരക്കാർ പിക്കറ്റിങ് നടത്തി. ഇവിടെ സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി. എന്നാൽ കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചതിനാൽ വലിയ പ്രയാസമില്ലാതെ വാഹന ഗതാഗതം തുടർന്നു. ഇടതു പ്രവർത്തകർ കൊൽക്കത്തയിലെ സെൻട്രൽ അവന്യു, ശ്യാം ബസാർ, മൗലാലി എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചു. ബുറാബസാർ പ്രദേശത്ത് കടകൾ അടപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകരും മുന്നിൽനിന്നു.

ജനങ്ങളുടെ പ്രതിഷേധത്തെ ബലം പ്രയോഗിച്ചു തടയാനാണു തൃണമൂൽ കോൺഗ്രസ് സർക്കാർ ശ്രമിച്ചതെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് കുറ്റപ്പെടുത്തി. മല്ലിക്ബസാർ ക്രോസിങ്ങിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തകർ ഗതാഗതം തടഞ്ഞത്. ജാദവ്പുർ 8ബി ബസ് ടെർമിനസിന്റെ പ്രദേശത്തെ റോഡിലേക്കുള്ള പ്രവേശനം തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർ അവിടെ ഫുട്ബോളും ടേബിൾ ടെന്നിസും കളിച്ചു. നോർത്ത് 24 പർഗനാസിലെ ബറാസത്ത്, ബെൽഘാരിയ, പശ്ചിമ ബർദ്ധമാൻസിലെ ദുർഗാപുർ, കൂച്ച്ബെഹാറിലെ മാതാഭംഗ, ജൽപൈഗുരിയിലെ ധുപ്ഗുരി, മിഡ്നാപുർ ടൗൺ എന്നിവിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി.

നിരവധി റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ സമരക്കാർ കുത്തിയിരുന്നതിനെ തുടർന്നു ട്രെയിൻ ഗതാഗതം പലയിടത്തും നിർത്തിവച്ചു. എന്നാൽ കൊൽക്കത്ത മെട്രോ സർവീസിനെ സമരം ബാധിച്ചില്ല. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തി. ശാഖകളും എടിഎമ്മുകളും അടയ്ക്കേണ്ടി വന്നതിനാൽ ബാങ്കിങ് മേഖല ഭാഗികമായി തടസ്സപ്പെട്ടു. ശ്യാമപ്രസാദ് മുഖർജി തുറമുഖത്തെ കൊൽക്കത്ത ഡോക്ക് സിസ്റ്റത്തെയും സമരം ബാധിച്ചു. സ്ഥിരം ജീവനക്കാരിൽ 70 ശതമാനവും കരാർ തൊഴിലാളികളിൽ 50 ശതമാനവും ജോലിക്ക് എത്തിയില്ല.

Dilip-Ghosh
ദിലിപ് ഘോഷ്

സംസ്ഥാനത്തെ ചണ വ്യവസായത്തെയും പ്രതിഷേധം ബുദ്ധിമുട്ടിലാക്കി. ഭൂരിഭാഗം മില്ലുകളും അടഞ്ഞുകിടന്നു. തുറന്ന മില്ലുകളിൽ 30–50 ശതമാനം ജീവനക്കാരെ എത്തിയുള്ളൂവെന്ന് ഇന്ത്യൻ ജൂട്ട് മിൽസ് അസോസിയേഷൻ പറഞ്ഞു. വടക്കൻ ബംഗാളിലെ മിക്ക തേയിലത്തോട്ടങ്ങളും സമരത്തിൽ സ്തംഭിച്ചപ്പോൾ ഡാർജലിങ്ങിൽ കുറച്ചു തൊഴിലാളികളേ പ്രതിഷേധത്തിൽ പങ്കാളികളായുള്ളൂവെന്നു യൂണിയൻ നേതാവ് പറഞ്ഞു. പടിഞ്ഞാറൻ ഭാഗത്തുള്ള ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റിഡിലെ കൽക്കരി ഉൽപാദനം നിലച്ചു. സമരത്തിനു പിന്തുണയില്ലെങ്കിലും സമരക്കാരുയർത്തുന്ന വിഷയങ്ങളെ പിന്തുണയ്ക്കുന്നെന്ന നിലപാടാണു ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്വീകരിച്ചത്.

‘എല്ലാത്തരം ബന്ദിനെയും ഞങ്ങൾ എതിർക്കുന്നു. ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. പക്ഷേ, പണിമുടക്കിന് ആഹ്വാനം ചെയ്യാനിടയായ കാരണങ്ങളെ പിന്തുണയ്ക്കുന്നു’– മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ‘ഏതുവിധേനയും പ്രതിഷേധത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചത് തൃണമൂലും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയ്ക്കു തെളിവാണ്. പണിമുടക്കിന്റെ വിജയത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെയും ബിജെപി പ്രതിഷേധത്തിലൂടെയും ശ്രമിച്ചത്’– സിപിഎം പിബി അംഗം മുഹമ്മദ് സലിം പറഞ്ഞു. ആരോപണങ്ങൾ നിഷേധിച്ച ബംഗാൾ ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷ്, മഹാസഖ്യത്തെ ബിഹാറിൽ തോൽപ്പിച്ചതുപോലെ ബംഗാളിലും ആവർത്തിക്കുമെന്നു പ്രതികരിച്ചു.

English Summary: Litmus Test for 2021? Bengal Union 'Bandh' Against Centre's Policies Sees Clashes, Varied Reponses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com