ശമ്പളം വാങ്ങിക്കുന്നതിന് ബാങ്ക് അക്കൗണ്ടില്ല; വീട്ടിൽ പണത്തിന്റെ കൂമ്പാരം: കാരി ലാം
Mail This Article
ഹോങ്കോങ്∙ ബാങ്ക് അക്കൗണ്ടില്ലാത്തതിനാൽ ശമ്പളം കിട്ടുന്ന പണം വീട്ടിൽ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം. യുഎസ് ട്രഷറി ഏർപ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണമെന്നും ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ഹോങ്കോങ്ങിനുമേലുള്ള ചൈനയുടെ പുതിയ സുരക്ഷാ നിയമത്തിന് മറുപടിയായാണ് ലാമിനും മറ്റു ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തിയത്. ‘എല്ലാത്തിനും എല്ലാ ദിവസവും പണം ഉപയോഗിക്കുന്നു. നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് ഹോങ്കോങ് എസ്‌എആറിന്റെ (സ്പെഷൽ അഡ്മിനിസ്ട്രേറ്റീവ് റീജിയൻ) ചീഫ് എക്സിക്യൂട്ടീവ് ആണ്.
അവർക്ക് ബാങ്കിങ് സേവനമൊന്നും ലഭ്യമാക്കിയിട്ടില്ല. വീട്ടിൽ പണത്തിന്റെ കൂമ്പാരമുണ്ട്. എന്റെ ശമ്പളം സർക്കാർ എനിക്ക് പണമായി നൽകുന്നു’– അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളിൽ ഒരാളാണ് കാരി ലാം.
English Summary: Carrie Lam: Hong Kong's leader says she has to keep piles of cash at home