ADVERTISEMENT

ടെഹ്റാൻ ∙ ‘ദുഷ്ടരും ദുരാഗ്രഹികളുമായ ശത്രുക്കളുടെ കൈകൾ ഇതാ ഇറാന്റെ ഒരു പ്രിയപുത്രന്റെ കൂടി ചോര ചിന്തിയിരിക്കുന്നു. ഈ ധിക്കാരത്തിന് ഇറാൻ മറുപടി നൽകാതിരിക്കില്ല. യുഎസും ഇസ്രയേലും ഇറാനെതിരെയെടുക്കുന്ന സാഹസികമായ നടപടികൾക്ക് കനത്ത തിരിച്ചടി നൽകുക തന്നെ ചെയ്യും. യുഎസിന്റെ കയ്യാളായി ഇറാനിൽ ഇസ്രയേൽ നടത്തുന്ന കടന്നുകയറ്റത്തിനു മറുപടി പറയുക തന്നെ വേണം.’– ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനുമായ മൊഹ്‌സീന്‍ ഫക്രിസാദേ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ കണ്ണീർ നനവുള്ള വാക്കുകൾ. 

മൊഹ്‌സീന്റെ കൊലപാതകത്തിൽ പ്രതി ഇസ്രയേലാണെന്ന് ഉറപ്പിക്കുകയാണ് ഇറാൻ. ഇറാന്റെ മണ്ണിൽ അടുത്തിടെ നാല് ശാസ്ത്രജ്ഞരെയാണ് ഇസ്രയേൽ കൊന്നു തള്ളിയത്. ഈ സംഭവങ്ങളിൽ  ഇസ്രയേൽ ആരോപണങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ഭരണകൂടത്തിന്റെ അവസാന നാളുകളിൽ ഇറാന്റെ താത്പര്യങ്ങളെ ഹനിക്കുന്ന നടപടികൾ ഉണ്ടാകുമെന്നു ഞങ്ങൾ ഉറപ്പിച്ചിരുന്നു. മൊഹ്‌സീന്റെ കൊലയ്ക്കു പിന്നാല്‍ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സംഘടനയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ജാവദ് ഷരീഫ് പറയുന്നു. 

മൊഹ്‌സീനെ ഇല്ലാതാക്കിയതു കൊണ്ടു ഇറാന്റെ ആണവ രംഗത്തെ കുതിപ്പ് തടയാൻ ആർക്കും കഴിയില്ലെന്നും ഹസൻ റൂഹാനി പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ നിങ്ങളുടെ വെല്ലുവിളികളെ സധൈര്യം നേരിട്ടു കൊണ്ട് മുന്നോട്ടു പോകുക തന്നെ ചെയ്യും. നിങ്ങൾ കഴിവില്ലാത്തവരും ദുർബലരുമാണെന്നു ഒരിക്കൽ കൂടി നിങ്ങൾ തെളിയിക്കുകയാണ്.

ഇസ്രയേലിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള വിവേകം ഞങ്ങൾക്കുണ്ട്. ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ ഞങ്ങളുടെ പ്രിയ പുത്രന്റെ രക്തസാക്ഷിത്വത്തിനു തിരിച്ചടി നൽകിയിരിക്കും– ഹസൻ റൂഹാനി പറയുന്നു. മൊഹ്‌സീന്റെ മരണത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വ്യക്തമാക്കി.

മൊഹ്‌സീന്‍  പോയ വാഹനത്തിനു നേരെ അബ്സാദിൽ വച്ച് അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ മൊഹ്‌സീന്‍ ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു.

iran-mohsen
മൊഹ്സെൻ ഫക്രിസാദെഹ് ( ചിത്രം എഎഫ്പി)

ഇസ്‍ലാമിക് റവലൂഷനറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ മൊഹ്‌സീന്‍ ഫിസിക്സ് പ്രഫസറായിരുന്നു. 2018ൽ ഇറാന്റെ ആണവ പദ്ധതികളെപ്പറ്റിയുള്ള അവതരണത്തിൽ മൊഹ്‌സീന്റെ പേര് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രത്യേകം പരാമർ‌ശിച്ചിരുന്നു. 

English Summary: Global Arrogance": Iran Slams Israel, US After Top Scientist's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com