ADVERTISEMENT

ന്യൂഡൽഹി ∙ പാർക്കിൻസൺസ് രോഗം മൂലം കൈവിറയ്ക്കുന്നതിനാൽ വെള്ളം വലിച്ചു കുടിക്കാനുള്ള സിപ്പർ കപ്പും സ്ട്രോയും ജയിലിൽ അനുവദിക്കണമെന്ന ഫാ. സ്റ്റാൻ സ്വാമിയുടെ (83) അപേക്ഷ എൻഐഎ കോടതി നിരസിച്ചു. അന്വേഷണ ഏജൻസിയായ എൻഐഎയുടെ വിശദമായ മറുപടിയെ തുടർന്നാണു കോടതിയുടെ തീരുമാനം. ഭീമ–കൊറേഗാവ് ദലിത്–മറാഠ കലാപക്കേസിലാണു സ്വാമി അറസ്റ്റിലായത്.

എൻഐഎയുടെ കൈവശമുള്ള തന്റെ കപ്പുംമറ്റും ജയിലിൽ എത്തിക്കണമെന്നാണു സ്റ്റാൻ സ്വാമി അപേക്ഷിച്ചത്. 10 പോയിന്റുകളായി വിഭജിച്ച 473 വാക്കുകളുള്ള വാർത്താക്കുറിപ്പിൽ തങ്ങൾക്കെതിരായ ആരോപണങ്ങളെ എൻഐഎ നിഷേധിച്ചു. രണ്ടുമാസം മുൻപ് ഇദ്ദേഹത്തെ അറസ്റ്റുചെയ്ത സമയത്തു സിപ്പർ കപ്പും സ്ട്രോയും കണ്ടുകെട്ടിയിട്ടില്ലെന്ന് എൻഐഎ പറയുന്നു. സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ എൻ‌ഐ‌എ തിരച്ചിൽ നടത്തിയെങ്കിലും അത്തരം വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ, അദ്ദേഹവും മഹാരാഷ്ട്ര സർക്കാരിന്റെ കീഴിലുള്ള ജയിൽ അധികൃതരും തമ്മിലായിരുന്നു ഇക്കാര്യങ്ങൾ സംസാരിക്കേണ്ടിയിരുന്നത്. തലോജ സെൻട്രൽ ജയിലിൽ സിപ്പർ കപ്പും സ്ട്രോയും അനുവദിക്കണമെന്ന സ്റ്റാൻ സ്വാമിയുടെ അപേക്ഷയോട് പ്രതികരിക്കാൻ എൻഐഎ 20 ദിവസം ആവശ്യപ്പെട്ടെന്നതും പ്രതിയിൽനിന്ന് ഇവ കണ്ടെടുത്തുവെന്നതുമായ റിപ്പോർട്ട് വ്യാജമാണെന്നും എൻഐഎ ചൂണ്ടിക്കാട്ടി. നാല് ആഴ്ചയിലേറെയായി സിപ്പർ കപ്പും സ്ട്രോയും സ്റ്റാൻ സ്വാമി ആവശ്യപ്പെടുന്നുണ്ട്. 

നവംബർ ആറിനു സ്വാമി കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് എൻ‌ഐ‌എയുടെ അഭിഭാഷകൻ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ സമയം തേടി. 20 ദിവസത്തിനുശേഷം നൽകിയ മറുപടിയിൽ, എൻഐഎ സിപ്പർ കപ്പും സ്ട്രോയും കണ്ടെടുത്തില്ലെന്നും അറിയിച്ചു. എൻഐഎയുടെ മറുപടി പരിശോധിച്ച പ്രത്യേക കോടതി സ്വാമിയുടെ അപേക്ഷ നിരസിച്ചു. ജയിലിനുള്ളിൽ സിപ്പർ കപ്പും സ്ട്രോയും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാൻ അനുമതി തേടി സ്വാമി പുതിയ അപേക്ഷ നൽകി.

ഇതിൽ ജയിൽ അധികൃതരുടെ പ്രതികരണം തേടിയ കോടതി ഡിസംബർ 4 വരെ ഹർജി മാറ്റിവച്ചു. അതേസമയം, സ്വാമിക്കു സിപ്പറും മറ്റ് സൗകര്യങ്ങളും നൽകുന്നുണ്ടെന്നു ജയിൽ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. വീൽചെയർ, വാക്കിങ് സ്റ്റിക്ക്, വാക്കർ, രണ്ട് പരിചാരകർ എന്നിവയും അദ്ദേഹത്തിന് നൽകുന്നുണ്ട് എന്നായിരുന്നു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം പ്രത്യേക എൻ‌ഐ‌എ കോടതി തള്ളിയിരുന്നു.

English Summary: To Why Stan Swamy, 83, Couldn't Get A Straw, Probe Agency's 10-Point Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com