മുഹ്‌സെന്‍ വധം: ഉപയോഗിച്ചത് സാറ്റലൈറ്റ് നിയന്ത്രിത ആയുധം; റിമോട്ട് മെഷീന്‍ ഗണ്‍
Mail This Article
ടെഹ്‌റാന്∙ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സെന്‍ ഫക്രിസാദെഹിനെ വെടിവച്ചത് റിമോട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ഉപയോഗിച്ചാണെന്നു റിപ്പോര്‍ട്ട്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ വച്ചിരുന്ന റിമോട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ഉപയോഗിച്ചാണ് ഫക്രിസാദെഹിനെ വെടിവച്ചതെന്നാണ് ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അക്രമികള്‍ ആരും രംഗത്തുവരാതെ തികച്ചും ആസൂത്രിതമായാണു കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഏജന്‍സി പറയുന്നു. ഏതു തരത്തിലാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ തന്നെ വ്യത്യസ്ഥ രീതിയിലാണു വാര്‍ത്ത നല്‍കിയിരുന്നത്. സാറ്റലൈറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇസ്രയേല്‍ നിര്‍മിത ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന്റെ ലോഗോയുള്ള ആയുധം സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഭാര്യക്കൊപ്പം ഫക്രിസാദെഹ് യാത്ര ചെയ്തതെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന് കിഴക്ക് അബ്‌സാര്‍ദിലേക്കുള്ള യാത്രയില്‍ മൂന്ന് അംഗരക്ഷകരാണ് ഒപ്പമുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം ഫക്രിസാദെഹ് എത്തേണ്ട സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാനായി കുറച്ച് നേരത്തേ പോയിരുന്നു. ഈ സമയത്ത് പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഫക്രിസാദെഹിന്റെ കാര്‍ നിര്‍ത്തി. കാറിന് എന്തോ തകരാറുണ്ടെന്നു കരുതി ആക്രമണമാണെന്ന് അറിയാതെ ഫക്രിസാദെഹ് കാറില്‍നിന്ന് ഇറങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ കാറില്‍നിന്ന് 150 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍നിന്നാണ് വെടിവയ്പ് ഉണ്ടായത്.
ഫക്രിസാദെഹിനു മൂന്നു തവണ വെടിയേറ്റു. രണ്ടെണ്ണം വശത്തും ഒരെണ്ണം പിന്നിലുമാണ് കൊണ്ടത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. അംഗരക്ഷകര്‍ക്കും വെടികൊണ്ടു. തൊട്ടുപിന്നാലെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു. മൂന്നു മിനിറ്റാണ് ആക്രമണം നീണ്ടതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫക്രിസാദെഹിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യക്ക് ആക്രമണത്തില്‍ പരുക്കില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബര്‍ 29-ന് ഇറാനില്‍നിന്നു കടന്ന ഒരാളിന്റെ വാഹനത്തിലാണ് റിമോട്ട് നിയന്ത്രിത മെഷീന്‍ ഗണ്‍ സ്ഥാപിച്ചിരുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം നിരവധി ഇസ്രയേല്‍ കമാന്‍ഡോകള്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഫക്രിസാദെഹിന്റെ കാറിനു നേരെ വെടിവച്ച ശേഷം സമീപത്തു നിര്‍ത്തിയിട്ടിരുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇറാന്‍ പ്രതിരോധമന്ത്രാലയം പറയുന്നു. സ്‌ഫോടനത്തിനു ശേഷമാണ് വെടിവയ്പുണ്ടായതെന്ന് ഔദ്യോഗിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫക്രിസാദെഹിന്റെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്നും തക്കസമയത്ത് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്‍ പ്രതികരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ഇറാനില്‍ വന്‍പ്രതിഷേധമാണ് അരങ്ങേറുന്നത്. കോളജ് വിദ്യാര്‍ഥികളും യുവാക്കളും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതിക്രമിച്ചു കയറി. വിദേശകാര്യമന്ത്രാലയത്തിനു പുറത്തും പ്രതിഷേധം നടന്നു. ട്രംപിന്റെയും ബൈഡന്റെയും ചിത്രങ്ങളും യുഎസ്, ഇസ്രയേല്‍ പതാകകളും കത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ കൊലപാതകത്തെ അപലപിച്ചു. എത്രയും പെട്ടെന്ന് വസ്തുതകള്‍ കണ്ടെത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഫക്രിസാദെഹിന്റെ സംസ്‌കാരം തിങ്കളാഴ്ച നടന്നു
Englih Summary: Assassinated Iranian nuclear scientist shot with remote-controlled machine gun, news agency says