ഉത്രയെ പാമ്പുകടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബർ ഒന്നിന് തുടങ്ങും
Mail This Article
കൊല്ലം ∙ അഞ്ചൽ സ്വദേശി ഉത്രയെ (25) ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നെന്ന കേസിന്റെ വിചാരണ ഡിസംബർ ഒന്നിന് ആരംഭിക്കും. കേസിലെ മാപ്പുസാക്ഷിയും സൂരജിനു പാമ്പിനെ വിലയ്ക്കു നൽകുകയും ചെയ്ത പാരിപ്പള്ളി കുളത്തൂർക്കോണം സ്വദേശി ചാവരുകാവ് സുരേഷിനെ ആണ് ആദ്യം വിസ്തരിക്കുക. ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെയാണു വിചാരണ.
പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടർന്നു പ്രതിയെ കോടതിയിൽ ഹാജരാക്കും. കുറ്റപത്രം വായിച്ചു കേൾപ്പിച്ചത് ഉൾപ്പെടെയുള്ള നടപടികൾ വിഡിയോ കോൺഫറൻസിലൂടെ ആയിരുന്നു നടത്തിയത്. കേസിൽ 217 സാക്ഷികളുണ്ട്. ചാവരുകാവ് സുരേഷിന്റെ വിചാരണ പൂർത്തിയായ ശേഷമേ മറ്റു സാക്ഷികൾക്കു സമൻസ് അയയ്ക്കൂ. ഉത്രയ്ക്കു കഴിഞ്ഞ മേയ് 6ന് ആയിരുന്നു വീട്ടിൽവച്ച് പാമ്പു കടിയേറ്റത്.
പാമ്പു പിടിത്തക്കാരൻ സുരേഷിന്റെ കയ്യിൽനിന്നും വാങ്ങിയ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. അതിനുമുൻപ് അണലിയെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്നുള്ള പരിചരണത്തിന്റെ ഭാഗമായി കുടുംബവീട്ടിൽ കഴിയുമ്പോഴാണു വീണ്ടും പാമ്പുകടിയേറ്റത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് കോടതിയിൽ ഹാജരാകും.
Content Highlights: Anchal Uthra Murder, Snakebite Murder Follow Up