ADVERTISEMENT

കെവാഡിയ∙ ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ (സ്റ്റാച്യു ഓഫ് യൂണിറ്റി) ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാൾ സന്ദർശകരെ ആകർഷിക്കുന്നതായി അവകാശവാദം. കോവിഡ് വ്യാപനത്തിനു മുമ്പ് ‘ഏകതാപ്രതിമ’ സന്ദർശിക്കാൻ ദിനംപ്രതി പതിമൂവായിരത്തോളം ആളുകൾ എത്തിയിരുന്നതായി ഗുജറാത്ത് അഡീഷണൽ സെക്രട്ടറി രാജീവ് ഗുപ്ത പറഞ്ഞു. എന്നാൽ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി കഴിഞ്ഞ മാസം സന്ദർശിച്ചവരുടെ എണ്ണം വെറും പതിനായിരം മാത്രമാണെന്നും രാജീവ് ഗുപ്ത പറയുന്നു. 

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു. അത് നിറവേറിയെന്നും രാജീവ് ഗുപ്ത പറഞ്ഞു. ഗോത്ര വിഭാഗത്തിൽ പെട്ട 3000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിച്ചുവെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. 10000 ത്തോളം ആളുകൾ പരോക്ഷമായും ‘ഏകതാപ്രതിമ’ യുമായി ബന്ധപ്പെട്ട് ഉപജീവനം നേടുന്നവരാണ്. 

ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളുടെ അഭിരുചിയ്ക്ക് അനുസൃതമായ എല്ലാ കാര്യങ്ങളും കെവാഡിയയിൽ ഒരുക്കിയിട്ടുണ്ടെന്നും ഗുജറാത്ത് ടൂറിസം സെക്രട്ടറി മമത വർമ പറയുന്നു. പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ചു കിലോമീറ്റര്‍ റോഡ്, ഭരണനിര്‍വഹണ കേന്ദ്രം തുടങ്ങിയവയും ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്. ലിഫ്റ്റില്‍ പ്രതിമയുടെ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായി ഗ്യാലറിയുണ്ട്. 200 പേര്‍ക്ക് ഒരേ‌സമയം ഗ്യാലറിയില്‍ നില്‍ക്കാം. കൂടാതെ പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്- സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കാണാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

17 ഏക്കര്‍ വിസ്തൃതിയിൽ ‘ഏകതാപ്രതിമ’യ്ക്കു സമീപത്തായി വ്യാപിച്ചു കിടക്കുന്ന ആരോഗ്യ വനപദ്ധതിയാണ് പ്രധാന ആകർഷണമെന്നും മമത വർമ പറയുന്നു. ഗുജറാത്ത് വനം വകുപ്പിന്റെ കീഴിൽ നിർമിച്ച ആരോഗ്യവനത്തില്‍ 380 വ്യത്യസ്ത ഇനത്തില്‍പ്പെട്ട അഞ്ചുലക്ഷത്തോളം സസ്യങ്ങളുണ്ട്.

ശാന്തിഗിരി വെല്‍നസ് സെന്റര്‍ എന്ന പേരിലുള്ള പാരമ്പര്യ ചികിത്സാ കേന്ദ്രമാണ് മറ്റൊരാകർഷണം. ആയുര്‍വേദം, സിദ്ധ, പഞ്ചകര്‍മ്മ, യോഗ എന്നിവ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ക്ഷേമ കേന്ദ്രമായ ആരോഗ്യ കുടീരം പദ്ധതിയുടെ ഭാഗമാണിത്. ‘ഏകതാ പ്രതിമ’യിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച സുവോളജിക്കല്‍ പാര്‍ക്കിൽ സന്ദർശകരുടെ കുത്തൊഴുക്കാണെന്നും ഇവർ പറയുന്നു. 

‘ഏകതാ പ്രതിമ’യുടെ നിര്‍മാണത്തിലൂടെ വിവിധ കോണുകളിൽ നിന്ന് കനത്ത പ്രതിഷേധവും മോദി സര്‍ക്കാരിനു നേരെ ഉയർന്നിരുന്നു. കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കോടികള്‍ മുതല്‍മുടക്കില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ശില്‍പം നിര്‍മിക്കുന്നതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. 

2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. എന്നാൽ ജനത്തിനു തുറന്നു നല്‍കി ഒരു വര്‍ഷമായപ്പോഴേക്കും കോടികള്‍ മുടക്കി നിര്‍മിച്ച പ്രതിമ ചോരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രതിമയുടെ സന്ദർശക ഗ്യാലറിയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന വിഡിയോ സന്ദര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരുന്നു. വന്യജിവി സംരക്ഷണ ചട്ടം ലംഘിച്ചാണ് പ്രതിമാ സമുച്ചയം നിര്‍മിച്ചതെന്ന ഉള്‍പ്പെടെയുള്ള നിരവധി പരാതികളും ഉയർന്നിരുന്നു.

സുവോളജിക്കല്‍ പാര്‍ക്കില്‍ കൊണ്ടുവന്ന മൃഗങ്ങള്‍ ചത്തൊടുങ്ങിയതിനെ കുറിച്ചും വാർത്തകളുണ്ടായി. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ജലവിമാന സര്‍വീസ് തുടങ്ങുന്നതിനായി 300 ഓളം മുതലകളെ ഇവിടെനിന്നും മാറ്റിയതും വിവാദത്തിനിടയാക്കി.

English Summary: More tourists at statue of Unity than statue of Liberty: Gujarat Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com