ADVERTISEMENT

രാജ്യതലസ്ഥാനം സമാനതകളില്ലാത്ത ഒരു പ്രക്ഷോഭത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയെ വളഞ്ഞിരിക്കുന്നു. ഡല്‍ഹി പൂര്‍ണമായും ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് കടക്കുന്നു. കര്‍ഷക ഉപരോധത്തില്‍ മൂന്നു അതിര്‍ത്തികള്‍ അടച്ചു.

മറ്റ് അതിര്‍ത്തികളും വളയുകയാണ് കര്‍ഷകരുടെ ലക്ഷ്യം. പഞ്ചാബിലും ഹരിയാനയിലും വന്‍തോതിലും മറ്റ് സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട രീതിയിലും നടന്ന കാര്‍ഷിക സമരം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് എങ്ങനെയാണ്. എന്താണ് കര്‍ഷകരെ ചൊടിപ്പിച്ച കാര്‍ഷിക നിയമങ്ങള്‍. ഡല്‍ഹി അനുഭവിക്കാനിരിക്കുന്നത് ഇനി എന്താണ്. വിശദമായി പരിശോധിക്കാം. 

കേന്ദ്രം വച്ച ചെക്ക് തിരിച്ചുവച്ച അമരീന്ദര്‍ 

പഞ്ചാബിന്റെ അന്നംമുട്ടിക്കാനും വെളിച്ചം കെടുത്താനും ശ്രമിച്ച കേന്ദ്രത്തിന് അതേ നാണയത്തില്‍ കര്‍ഷകര്‍ കൊടുത്ത തിരിച്ചടിയാണ് ദില്ലി ചലോ മാര്‍ച്ച്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് അതിന് പിന്നില്‍ കൃത്യമായ ഇടപെടല്‍ നടത്തിയതെന്നാണ് അടക്കംപറച്ചില്‍. അതായത് കേന്ദ്രംവച്ച ചെക്ക് അമരീന്ദര്‍ തിരിച്ചുവച്ചു. ആ കുരുക്കില്‍ നിന്ന് ഊരാനുള്ള തത്രപ്പാടിലാണ് കേന്ദ്രം ഇപ്പോള്‍. അതിന്റെ ചരിത്രം പറ‍ഞ്ഞാലേ കാര്യം വ്യക്തമാകൂ. വിവാദ  കാര്‍ഷിക ബില്ലുകള്‍ ഓര്‍ഡിനന്‍സായി കേന്ദ്രം പുറത്തിറക്കിയ ജൂലൈ അ‍ഞ്ചിന് തന്നെ പഞ്ചാബില്‍ പ്രതിഷേധം തുടങ്ങി.

-FARMERSPROTEST

ബില്ലുകള്‍ സെപ്റ്റംബര്‍ പകുതിയതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്ന് രാഷ്ട്രപതിയുടെ അംഗീകാരം തേടി. എന്‍ഡിഎയിലെ ദീര്‍ഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ മുന്നണി വിട്ടു. ഹര്‍മിസ്രത് കൗര്‍ബാദല്‍ മോദി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. പഞ്ചാബില്‍ കര്‍ഷക സമരം ശക്തമായി. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമം മറികടക്കാന്‍ പുതിയ നിയമനിര്‍മാണങ്ങളും പ്രമേയങ്ങളും  നിയമസഭയില്‍ പാസാക്കി.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ട്രാക്ടർ സമരത്തിന് വന്‍ജനപങ്കാളിത്തമുണ്ടായി. മുപ്പത് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി റെയിൽ തടയല്‍ അടക്കമുള്ള കടുത്ത സമരമാര്‍ഗങ്ങളിലേക്ക് നീങ്ങി. കേന്ദ്രം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചരക്ക് ട്രെയിനുകള്‍ നിലച്ചു. പഞ്ചാബ് ഒരു അര്‍ത്ഥത്തില്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു. കല്‍ക്കരി എത്താതായതോടെ താപനിലയങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായി. മൂന്നുദിവസം കൂടി  കഴിഞ്ഞാല്‍ പഞ്ചാബ് ബ്ലാക്ക് ഔട്ട് ആകുമെന്ന് കേന്ദ്ര ഊര്‍ജ, റെയില്‍ വകുപ്പുകളുടെ മന്ത്രി  പിയൂഷ് ഗോയല്‍ മുന്നറിയിപ്പ് നല്‍കി. 

റെയില്‍തടയല്‍ സമരം ഭാഗികമായി പിന്‍വലിച്ചെങ്കിലും സര്‍വീസ് തുടങ്ങാന്‍ കേന്ദ്രം പിന്നെയും അമാന്തിച്ചു. കര്‍ഷകര്‍ ഡല്‍ഹി വളഞ്ഞതോടെ രാജ്യതലസ്ഥാനത്ത് അന്നംമുട്ടാതിരിക്കാന്‍ ഉടന്‍ നടപടിയെടുക്കേണ്ട അവസ്ഥയിലാണ് കേന്ദ്രം.

ഡല്‍ഹി ലക്ഷ്യമാക്കി കര്‍ഷകര്‍

നവംബര്‍ 26,27 തീയതികളില്‍ രാജ്യതലസ്ഥാനത്ത് ദില്ലി ചലോ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു. സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. ഹരിയാന സര്‍ക്കാര്‍ പഞ്ചാബില്‍ നിന്നുള്ള അതിര്‍ത്തികള്‍ അടച്ചു. ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഉറപ്പാക്കി. കര്‍ഷകര്‍ കുലുങ്ങിയില്ല. പ്രതിരോധങ്ങള്‍ എല്ലാം മറികടന്ന് അവര്‍  മുന്നോട്ടുനീങ്ങുന്ന കാഴ്ചകള്‍ രാജ്യമാകെ കണ്ടു. ബിജെപിയെയും ഹരിയാനയിലെ ഖട്ടര്‍  സര്‍ക്കാരിനെയും വെട്ടിലാക്കി ഹരിയാനയിലെ ആയിരക്കണക്കിന് കര്‍ഷകരും സമരത്തില്‍ അണിച്ചേര്‍ന്നു. അംബാലയിലും ഹിസാറിലും കുരുക്ഷേത്രയിലും കര്‍ഷകരും പൊലീസും ഏറ്റുമുട്ടി.

27ന് പുലര്‍ച്ചെയോടെ കര്‍ഷകര്‍ ഡല്‍ഹി–ഹരിയാന സിംഘു അതിര്‍ത്തിയിലെത്തി. ഇവിടെ കര്‍ഷകരെ തടയാന്‍ ബിഎസ്എഫ് അടക്കം സര്‍വ  സന്നാഹങ്ങളെയും കേന്ദ്രം അണിനിരത്തി. കര്‍ഷകരും പൊലീസും ഏറ്റുമുട്ടി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും കര്‍ഷകര്‍ കുലുങ്ങിയില്ല. ഒടുവില്‍ കര്‍ഷകരെ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായി. ബുറാഡിയില്‍ നിരങ്കരി മൈതാനം തിരഞ്ഞെടുത്തു. പക്ഷേ അങ്ങനെയൊരു മൈതാനത്തേക്ക് ഒതുങ്ങാന്‍ കര്‍ഷകര്‍ വിസമ്മതിച്ചു. 

farmers-protest

ഒടുവില്‍ സിംഘു അതിര്‍ത്തി പൂര്‍ണമായും അടയ്‍ക്കേണ്ടിവന്നു. ഡല്‍ഹിയെ മറ്റൊരു അതിര്‍ത്തിയായ തിക്രിയും സമരക്കാരുടെ ആവേശത്തിന് മുന്‍പില്‍ അടച്ചിട്ടു. ഇപ്പോള്‍ യുപിയില്‍ നിന്നുള്ള കര്‍ഷകര്‍ ഉപരോധം ശക്തമാക്കിയതോടെ ഗാസിപുര്‍ അതിര്‍ത്തിയും അടച്ചു. ഭക്ഷ്യവസ്തുക്കള്‍ക്ക് ഇപ്പോള്‍ തന്നെ ക്ഷാമമുണ്ട്. അവശേഷിക്കുന്ന അതിര്‍ത്തികള്‍ കൂടി സമരക്കാര്‍ കയ്യടക്കിയാല്‍ ഡല്‍ഹി അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടും.

കാണാത്ത സമരക്കാഴ്ചകള്‍

ഡല്‍ഹി കണ്ട് പരിചരിച്ചിട്ടില്ലാത്ത സമരക്കാഴ്ചകള്‍ക്കാണ് സാക്ഷ്യംവഹിക്കുന്നത്. സിംഘുവിലും തിക്രിയിലും ട്രാക്ടറുകളിലിരുന്നും അന്തിയുറങ്ങിയുമാണ് കര്‍ഷകരുടെ പ്രതിഷേധം. ആയിരക്കണക്കിന് ട്രാക്ടറുകളും ദേശീയപാതകളില്‍ നിരനിരയായി കിടക്കുകയാണ്. പതിനായിരക്കണക്കിന് കര്‍ഷകരും. ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുമായാണ് ഓരോ ട്രാക്ടറും എത്തിയിട്ടുള്ളത്. അതിലും നീണ്ടാല്‍ അതും നേരിടാന്‍ കര്‍ഷകര്‍ തയാറുമാണ്. ഈ പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിന് കേന്ദ്രം അടിയന്തര ശ്രമങ്ങള്‍ നടത്തുന്നത്.

അമിത് ഷായുടെ നേതൃത്വത്തില്‍ രണ്ടു ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നുകഴി‍ഞ്ഞു. മൂന്നാംതീയതി സമരസമിതിയെ ചര്‍ചയ്ക്ക് വിളിച്ച് എങ്ങനെയും പരിഹാരം കാണാനാണ് സര്‍ക്കാർ ശ്രമിച്ചത്. എന്നാൽ സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടകൾ അറിയിച്ചതോടെ ആ നീക്കവും പാളി. അഞ്ചൂറോളം കർഷക സംഘടനകൾ രാജ്യത്തുണ്ടെന്നും 32 സംഘടകളെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചതെന്നും എല്ലാവരുമില്ലെതെ പങ്കെടുക്കില്ലെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്.

മൂന്നു വിവാദനിയമങ്ങള്‍

1. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍റ് കോമേഴ്സ് നിയമം

2. ഫര്‍മേഴ്സ് എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍റ് ഫാം സര്‍വ്വീസ് നിയമം

3. അവശ്യവസ്തു ഭേദഗതി നിയമം എന്നിവയാണ് മൂന്നുനിയമങ്ങള്‍ 

∙ കൃഷിയും കാര്‍ഷിക ചന്തകളും സംസ്ഥാനങ്ങളുടെ പരിധിയുള്ള വിഷയമാണ്. ഭരണഘടനയുടെ രണ്ടാം പട്ടിക എന്ന സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങള്‍. ഇതില്‍ ഇടപെട്ടുള്ള നിയമനിര്‍മാണം സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

∙ ഭക്ഷ്യവസ്തുക്കളുടെ വാണിജ്യം വ്യാപാരം എന്നിവ മൂന്നാം ലിസ്റ്റ് അഥവാ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണെന്നാണ് കേന്ദ്രത്തിന്റെ മറുപടി. അതായത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരു പോലെ അധികാരമുള്ള വിഷയം. എന്നാല്‍ കണ്‍കറന്റ് പട്ടികയിലെ വിഷയങ്ങളില്‍ കേന്ദ്രം നിയമം കൊണ്ടുവന്നാല്‍ സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ അപ്രസക്തമാകും. 

Farmers-protest-Delhi

∙ മൂന്നു നിയമങ്ങളും ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതിനാല്‍ ഭരണഘടനാസാധുതയില്‍ ഉത്തരം കണ്ടെത്തേണ്ടത് കോടതിയുടെ ബാധ്യതയാണ്. 

∙ താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പില്ല. താങ്ങുവില നിലനില്‍ക്കുമെന്ന് കേന്ദ്രം  ആവര്‍ത്തിച്ച് പറയുമ്പോഴും മണ്ഡിമാര്‍ക്കറ്റിലെ എ.പി.എം.സികളാണ് ഇത് ഉറപ്പുവരുത്തേണ്ടത്. എ.പി.എം.സി ഇല്ലാതാകുമ്പോള്‍ ആര് ഉറപ്പുവരുത്തുമെന്ന  ആശങ്കയാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

∙കരാര്‍കൃഷിയില്‍ വന്‍കിട കോര്‍പ്പറേറ്റുകളും കൃഷിക്കാരുമാണ് കക്ഷികളാകുന്നത്. കരാര്‍ ലംഘനമുണ്ടായാല്‍ കര്‍ഷകര്‍ നിയമപോരാട്ടം നടത്തേണ്ടിവരിക വന്‍കിട കോര്‍പ്പറേറ്റുകളുമായാണ്. ഇതും നിയമസംവിധാനം ഉണ്ടെന്ന് പറയുമ്പോഴും കര്‍ഷകരുടെ  ആശങ്ക അകന്നിട്ടില്ല. 

Farmers-protest-Delhi-1

∙അവശ്യവ്സ്തുക്കളുടെ പട്ടികയില്‍ നിന്ന് ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരു, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ ഇവ ശേഖരിച്ചുവയ്‍ക്കുന്നതിനുള്ള പരിധി ഇല്ലാതാകും. ഇത് പൂഴ്‍ത്തിവയ്‍പ്പിനും വിലക്കയറ്റത്തിനും ഇടയാകും. കര്‍ഷകര്‍ എന്നതിലുപരി ഓരോ സാധാരണക്കാരനെയും  നേരിട്ട് ബാധിക്കുന്നതായിരിക്കും ഇത്. 

ഇനി എന്ത്..?

ഈ ആശങ്കകള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമേ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറു. വിവാദ കാര്‍ഷിക നിയമങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആശങ്കകള്‍ കണക്കിലെടുക്കുന്ന പുതിയ നിയമനിര്‍മാണം എന്ന പോംവഴിയും കര്‍ഷകര്‍ മുന്നോട്ടുവയ്‍ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കിയ ബില്ലുകളാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഫലത്തില്‍ ഇനി കേന്ദ്രത്തിന്റെ കൈകളിലാണ്.

Content Highlights : Delhi Chalo, Farmers Protest, Farm Laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com