അജയ്യരാകാൻ ഇന്ത്യ: കപ്പല്‍ വേധ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം
Mail This Article
ന്യൂഡൽഹി∙ ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പർസോണിക് മിസൈൽ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ചു. ചൊവ്വാഴ്ച നാവികസേനയുടെ ഐഎന്‍എസ് രണ്‍വിജയ് എന്ന പടക്കപ്പലില്‍നിന്നാണ് മിസൈല്‍ തൊടുത്തത്. ബംഗാള്‍ ഉള്‍ക്കടലിലെ കാര്‍ നിക്കോബാര്‍ ദ്വീപിനു സമീപത്തുണ്ടായിരുന്ന കപ്പലിനെ മിസൈല്‍ കൃത്യമായി തകര്‍ത്തു.
ശബ്ദത്തെക്കാൾ 2.8 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നതും കുതിച്ചുയർന്ന ശേഷം ദിശ മാറാനും കെൽപുള്ളതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിനു തൊട്ടുപിന്നാലെയാണ് ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പർസോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.
ഇന്ത്യൻ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് പരീക്ഷണം വിജയകരമാക്കിയതെന്നു നാവികസേന പത്രക്കുറിപ്പിൽ അറിയിച്ചു. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പർസോണിക് മിസൈൽ ആണ് ഇന്ന് വിക്ഷേപിച്ചത്.
ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയില്‍ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യൻ പരീക്ഷണം. മൂന്ന് സേനകൾക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) യും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈൽ സംവിധാനത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങളാണ് നടക്കുന്നത്.
അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തിയിരുന്നു. മിസൈൽ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ സേവനങ്ങളെ നിലവിൽ നടക്കുന്ന പരീക്ഷണങ്ങൾ സഹായിക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
English Summary: India test-fires anti-ship version of BrahMos supersonic cruise missile