'ചാര'കണ്ണുകള്‍ നിയന്ത്രിച്ച് കരുത്തോടെ വനിതകള്‍;മൊസാദ് ഹൈക്കമാന്‍ഡിലും 2 പേര്
Mail This Article
രഹസ്യദൗത്യങ്ങൾ ഫീൽഡിലിറങ്ങി ചെയ്ത് പരിചയമില്ല, പക്ഷേ, യുഎസിന്റെ നാഷനൽ ഇന്റലിജൻസിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെത്തുമ്പോൾ ചാരസംഘടനകൾ മാത്രമല്ല, ലോകം മുഴുവനും ഉറ്റുനോക്കുകയാണ് അവ്റിൽ ഹെയ്ൻസ് എന്ന 51കാരിയെ. യുഎസിന്റെ ചാരസംഘടനയായ സിഐഎയുടെ തലപ്പത്തും ഒരു വനിതയാണ് – ജിന ഹേസ്പെൽ. ഇവർക്കൊപ്പം ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ‘ഹൈക്കമാൻഡി’ലെ ഉയർന്ന ഉദ്യോഗസ്ഥരായ രണ്ടു വനിതകളും ചേരുമ്പോൾ ലോകത്തെ പ്രബലമായ രണ്ടു രാജ്യങ്ങളുടെ ചാരക്കണ്ണുകളുടെ നിയന്ത്രണം സ്ത്രീകളിലേക്ക് എത്തുകയാണ്.
ഒബാമ ഭരണകൂടത്തിനു കീഴിൽ സിഐഎ ഉപമേധാവിയും ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു അവ്റിൽ ഹെയ്ൻസ്. 2013ൽ സിഐഎ ഉപമേധാവിയായി ഹെയ്ൻസിനെ നിയമിച്ചപ്പോഴും ആ റാങ്കിലെത്തിയ ആദ്യ വനിതയായിരുന്നു അവർ. പിന്നീട് ഹേസ്പെൽ ഉപമേധാവിയാകുകയും 2018ൽ സിഐഎ ഡയറക്ടറാകുകയും ചെയ്തു. ഹേസ്പെലിന്റെ പിന്തുണയിൽ നിരവധി വനിതകൾ സിഐഎയിൽ നേട്ടമുണ്ടാക്കുന്നുണ്ട്. സ്ത്രീകൾ മുന്നോട്ടുവരാൻ ഹേസ്പെൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പരിശീലനം സിദ്ധിച്ച ഒരു ചാരവനിതയല്ല ഹെയ്ൻസ്. പക്ഷേ, ബറാക് ഒബാമയുടെ കാലത്തെ സേവന കാലയളവിൽ നിരവധി സുരക്ഷാ വിഷയങ്ങൾ കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തുണ്ട് അവർക്ക്. മൊസാദിലെ കാര്യവും വ്യത്യസ്തമല്ല. ചാരസംഘടനകളെ സ്ത്രീകൾ നയിക്കുന്നതിനെ വളരെ ആവേശത്തോടെയാണ് മൊസാദ് ഡയറക്ടർ യോസ്സി കോഹനും കാണുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഭൗതികശാസ്ത്രവും നിയമവും അറിയാം – ഇത് ഹെയ്ൻസ്
പുതിയ കാര്യങ്ങൾ പഠിക്കാനും അറിയാനും ചെയ്യാനും വളരെ താൽപര്യമുള്ളയാളാണ് ഹെയ്ൻസ്. ഹെയ്ൻസിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞതിങ്ങനെ – ‘ബുദ്ധിമതിയും വിനയമുള്ളയാളുമാണ്. സാഹിത്യത്തെക്കുറിച്ചും തിയററ്റിക്കൽ ഫിസിക്സിനെക്കുറിച്ചും സംസാരിക്കാനറിയാം, കാറുകൾ ശരിയാക്കാനും വിമാനം പറത്താനും അറിയാം, ബുക്സ്റ്റോറും കഫെയും നടത്തിയിട്ടുണ്ട്. ഇവർ എല്ലാം ചെയ്തിട്ടുണ്ട്’.
ന്യൂയോർക്കിൽ മാതാപിതാക്കളുടെ ഏകമകളായി ജനിച്ചുവളർന്ന ഹെയ്ൻസിന്റെ കൗമാരം രോഗിയായ അമ്മയെ ശുശ്രൂഷിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. അവർക്ക് 15 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം സാഹസിക കാര്യങ്ങൾ ചെയ്യാനായിരുന്നു താൽപര്യം. ജപ്പാനിലെ പ്രമുഖ ജൂഡോ അക്കാഡമിയായ കൊഡോകാനിൽനിന്ന് ബ്രൗൺ ബെൽറ്റ് കരസ്ഥമാക്കിയ ഹെയ്ൻസ് പിന്നീട് ഷിക്കാഗോ സർവകലാശാലയിൽ തിയററ്റിക്കൽ ഫിസിക്സ് പഠിക്കാനായി ചേർന്നു. അക്കാലത്ത് പുരുഷൻമാരായിരുന്നു ആ മേഖല കൂടുതലും തിരഞ്ഞെടുത്തിരുന്നത്. പിന്നീട് ഹൈഡ് പാർക്കിലെ ഒരു വർക്‌ഷോപ്പിൽനിന്ന് കാർ എൻജിനുകൾ നന്നാക്കാൻ പഠിച്ചു. 1991 ൽ ന്യൂജഴ്സിയിൽ വച്ചാണ് വിമാനം പറത്താൻ പഠിച്ചത്. പിന്നീട് കാമുകനും ഭർത്താവുമായ ഡേവിഡ് ഡേവിഘിയെ പരിചയപ്പെട്ടത് അക്കാലത്താണ്. 92ൽ ഫിസിക്സിൽ ബിരുദമെടുത്തു.
ഒരു ചെറുവിമാനം വാങ്ങി അതിന്റെ ഇലക്ട്രോണിക് സംവിധാനങ്ങൾ അഴിച്ചു പണിഞ്ഞ് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ പറക്കാൻ ഹെയ്ൻസ് ശ്രമിച്ചിരുന്നു. എന്നാൽ എൻജിൻ തകർന്ന് ന്യൂഫൗണ്ട്‌ലാൻഡിന്റെ തീരത്ത് അത് ക്രാഷ്‌ലാൻഡ് ചെയ്യുകയായിരുന്നുവെന്ന് മുൻ സിഐഎ ഓഫിസർ ഡേവിഡ് പ്രെയ്സ് പറഞ്ഞിട്ടുണ്ട്. വലിയ ദുരന്തം സംഭവിച്ചെങ്കിലും ഹെയ്ൻസിന്റെ കോ പൈലറ്റും ഫ്ലൈറ്റ് ഇൻസ്ട്രക്ടറുമായ ഡേവിഡ് ഡേവിഘിയുമായുള്ള പ്രണയത്തിന് ആ സംഭവം കാരണമായി. പിന്നീട് അവർ വിവാഹം കഴിച്ചു.
92 ൽ ജോൺസ് ഹോപ്കിന്‌സ് സർവകലാശാലയിൽ ചേർന്നെങ്കിലും ഒരുവർഷത്തിനു ശേഷം പഠനം അവസാനിപ്പിച്ച് ഡേവിഡിനൊപ്പം ബാൾട്ടിമോറിലെത്തി ഒരു ബാർ തുടങ്ങി. പിന്നീട് ഒരു പുസ്തകശാലയും കഫെയും നടത്തി. ജോർജ്ടൗൺ ലോ സ്കൂളിലെ ബിരുദ പഠനത്തിനുശേഷമാണ് സർക്കാർ മേഖലകളിൽ ഉയരാൻ തുടങ്ങിയത്.
ഭീകരരെ ഡ്രോണുകൾ ഉപയോഗിച്ചു കൊലപ്പെടുത്താനുള്ള ഒബാമ ഭരണകൂടത്തിന്റെ പദ്ധതിയുടെ സൂത്രധാരരിൽ ഒരാളായിരുന്നു ഹെയ്ൻസ്. അത്തരം ദൗത്യങ്ങൾക്കിടെ ചില സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മനുഷ്യാവകാശ സംഘടനകൾ ഹെയ്ൻസിനെതിരെ രംഗത്തുവന്നിട്ടുമുണ്ട്.
സ്ത്രീകൾക്ക് എന്തുകൊണ്ട് ഇപ്പോൾ ഇത്ര പ്രാധാന്യം?
സ്ത്രീപുരുഷ അസമത്വമില്ലാതെ, കാര്യക്ഷമതയും കൃത്യമായ ഫലവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്രഫഷനൽ യൂണിറ്റുകളാണ് ചാരസംഘടനകൾ. യുഎസിലും ഇസ്രയേലിലും ഭരണരംഗത്തേക്ക് കൂടുതൽ സ്ത്രീകൾ ഉയർന്നുവരുന്നുണ്ട്. ഈ ട്രെൻഡ് രഹസ്യാന്വേഷണ വിഭാഗത്തിലും കാണുന്നു. ദശകങ്ങൾക്കു മുൻപുതൊട്ടേ ചാര സംഘടനകളിൽ വനിതകൾ ഉണ്ടായിരുന്നെങ്കിലും അവരുടെ എണ്ണം വളരെക്കുറവായിരുന്നു.
നിലവിൽ മൊസാദിന്റെ പകുതിയോളം വനിതകളാണ്. അടുത്തിടെ നടന്ന റിക്രൂട്ട്മെന്റ് ക്യാംപെയ്നുകൾപോലും വനിതകളെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. കുടുതൽ വനിതകൾ ഉദ്യോഗസ്ഥരായുണ്ടെങ്കിൽ അവരുടെ മേധാവിയായി വനിതയെ വയ്ക്കാതിരിക്കാനും പ്രയാസമാണ്. മാത്രമല്ല, വിദഗ്ധരായ വനിതകളെ ഒഴിവാക്കി പുരുഷൻമാരെ വയ്ക്കുന്നത് പ്രഫഷനൽ സംഘടനകളുടെ മുന്നോട്ടുപോക്കിനെ ബാധിക്കുകയും ചെയ്യും.
English Summary: Female spies are taking over the spy world, Avril Haines to head US Director of National Intelligence