ADVERTISEMENT

വാഷിങ്ടൻ∙ ഗൽവാൻ താഴ്‌വരയില്‍ ജൂണില്‍ ഇന്ത്യ– ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് യുഎസ് കമ്മിഷന്റെ റിപ്പോർട്ട്. യഥാർഥ നിയന്ത്രണരേഖയിൽ എട്ടു മാസത്തോളമായി നിലനിൽക്കുന്ന സംഘർഷങ്ങളാണ് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ അതിർത്തി പ്രശ്നമെന്ന് യുഎസ് – ചൈന ഇക്കോണമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.

ജൂൺ 15ന് 20 ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായ സൈനിക ഏറ്റുമുട്ടൽ ചൈനീസ് സർക്കാർ ആസൂത്രണം ചെയ്തതാണെന്നതിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടെയുള്ള മരണങ്ങള്‍ പോലും അവർ പദ്ധതിയിട്ടതിൻ പ്രകാരമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘർഷം ഉണ്ടാകുന്നതിന് ആഴ്ചകൾക്കു മുൻപ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഗെ സ്ഥിരതയ്ക്കായി ആക്രമണം ഉപയോഗപ്പെടുത്തണമെന്നു പറഞ്ഞത് ഇതിനു തെളിവായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംഘർഷത്തിന് ഒരാഴ്ച മുൻപ് ഗൽവാൻ താഴ്‌വരയിൽ ആയിരത്തോളം ചൈനീസ് സൈനികരെ അണിനിരത്തിയുള്ള തയാറെടുപ്പ് നടന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിൽനിന്ന് വ്യക്തമായിരുന്നു. യുഎസിന്റെയും ചൈനയുടെയും ശത്രുതയിൽ ഇടപെട്ടാൽ തങ്ങളുമായുള്ള വാണിജ്യ, സാമ്പത്തിക ഇടപാടിൽ ഇന്ത്യയ്ക്ക് വിനാശകരമായ പ്രഹരം ഏൽക്കേണ്ടതായി വരുമെന്ന് ഔദ്യോഗിക ദിനപ്പത്രമായ ഗ്ലോബൽ ടൈംസ് രണ്ടാഴ്ച മുൻപ് മുഖപ്രസംഗം എഴുതിയിരുന്നതും ചൈനയുടെ ഇടപെടലിന്റെ തെളിവായി യുഎസ് ചൂണ്ടിക്കാണിക്കുന്നു.

ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടൽ എൽ‌എസിയുടെ ഒന്നിലധികം മേഖലകളിൽ മേയ് തുടക്കത്തിൽ ആരംഭിച്ച ഏറ്റുമുട്ടലുകളെ തുടർന്നാണെന്ന് യു‌എസ് കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞത് 20 ഇന്ത്യൻ സൈനികരുടെ മരണങ്ങൾക്കും സ്ഥിരീകരിക്കാത്ത എണ്ണം ചൈനീസ് അപകടങ്ങൾക്കും ഇതു കാരണമായെന്നും അവർ വ്യക്തമാക്കുന്നു. സിക്കിം, ലഡാക്ക് സെക്ടറുകളിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലാണ് അതിർത്തി പ്രശ്നങ്ങൾക്ക് കാരണമായത്.

English Summary: China ‘planned’ Galwan Valley clash, US commission says in report to Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com