മൂന്നാഴ്ചയായി വിട്ടുമാറാത്ത പനി; നിമിഷയുടെ ചികിത്സയ്ക്കായി അപേക്ഷിച്ച് ഭർത്താവ്
Mail This Article
കൊച്ചി∙ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശി നിമഷപ്രിയയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. മൂന്നാഴ്ചയായി ജലദോഷവും പനിയുമായിട്ടും വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നതായും അറിയിച്ചതായി ഭർത്താവ് ടോമി സേവ് നിമിഷ ആക്ഷൻകൗൺസിൽ അംഗങ്ങളെ അറിയിച്ചു. രോഗാവസ്ഥയിലും ജയിലിലെ രോഗികൾക്കു വേണ്ട നഴ്സിങ് സഹായങ്ങൾ ചെയ്യുന്നതിന് നിർബന്ധിതയായിരിക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിൽ നിമിഷയുടെ രോഗാവസ്ഥ ഗൗരവമല്ലെങ്കിലും പനി മൂന്നാഴ്ചയായിട്ടും വിട്ടുമാറാത്തത് ന്യൂമോണിയ പോലെ ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുമോ എന്ന ഭീതിയിലാണ് ബന്ധുക്കൾ. നിമിഷയുടെ ചികിത്സയ്ക്കായി ജയിൽ അധികൃതരോട് ആവശ്യപ്പെടണമെന്നു കാണിച്ച് നോർക്ക റൂട്സ് സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജിബൗട്ടി ഇന്ത്യൻ അംബാസിഡർ അശോക് കുമാർ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം നിമിഷയുമായി ഫോണിൽ ബന്ധപ്പെട്ടിട്ട് ഒരുമാസത്തിലേറെ ആയെന്നും നേരത്തേ അനുവദിച്ചിരുന്നതു പോലെ ഫോണിൽ പുറം ലോകവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും അമ്മ പ്രേമ മനോരമ ഓൺലൈനോടു പറഞ്ഞു. മകളുടെ മോചനത്തിനായി കുടുംബവുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നതെന്നും തുടർ നടപടികളെക്കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു.
ഇതിനിടെ നിമിഷയുടെ മോചനത്തിനായി ദയാധനം സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ആക്ഷൻകൗൺസിൽ മുന്നോട്ടു പോകുകയാണ്. എംബസി ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള സംഘം കഴിഞ്ഞ ഒക്ടോബറിൽ നിമിഷപ്രിയയുമായി കൂടിക്കാഴ്ച നടത്തുകയും പ്രവർത്തന പുരോഗതി അറിയിക്കുകയും ചെയ്തിരുന്നു. വധശിക്ഷയിൽ നിന്നു മോചിതയായി നാട്ടിലെത്താമെന്ന പ്രതീക്ഷയാണുള്ളതെന്ന ശുഭാപ്തിവിശ്വാസം നിമിഷ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. യെമനിലെ സാമൂഹിക പ്രവർത്തകനും തമിഴ്നാട് സ്വദേശിയുമായ സാമുവലാണ് യെമനിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
2017 ജൂലൈ 25ന് യെമൻ സ്വദേശിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്ന കേസിലാണ് ഇവർക്ക് വധശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു.
മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. നിമിഷയുടെ വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിമിഷപ്രിയ സമർപ്പിച്ച അപ്പീൽ ഓഗസ്റ്റ് 26ന് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഉത്തരവുണ്ടാകുന്നതു വരെ നിമിഷയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. നിമിഷയുടെ വധശിക്ഷയ്ക്കെതിരെയുള്ള അപ്പീലിൽ യെമൻ പ്രസിഡന്റ് അധ്യക്ഷനായ സൂപ്രീം ജുഡിഷ്യൽ കൗൺസിൽ വാദം കേൾക്കും.
English Summary : Nimishapriya's husband appealed for treatment to his wife who is in Yemen jail