ചൈനയെ വിമർശിച്ചു: മാധ്യമ മേധാവിയെ ജയിലിലടച്ച് ഹോങ്കോങ്
Mail This Article
ഹോങ്കോങ്∙ മാധ്യമ മേധാവിയും വ്യവസായിയും ജനാധിപത്യ അനുഭാവിയുമായ ജിമ്മി ലായിയെ അടുത്ത വർഷം ഏപ്രിൽ വരെ ജയിലിലടച്ചു. വഞ്ചന കുറ്റം ചുമത്തിയാണ് ജയിലിലടച്ചത്. വ്യാഴാഴ്ച കോടതി ജാമ്യം നിഷേധിക്കുകയും അടുത്ത വർഷം ഏപ്രിലിൽ വാദം േകൾക്കുന്നതുവരെ ജയിലിലടയ്ക്കാനും ഉത്തരവിടുകയായിരുന്നു.
ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ടാണ് കേസ് ഉയർന്നു വന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഈ വർഷം ആദ്യം ജിമ്മി ലായിയെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. മാധ്യമ സ്ഥാപനമായ നെക്സ്റ്റ് ഡിജിറ്റലിൽ നിന്നാണ് ലായിയേയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരേയും ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നെക്സ്റ്റ് ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിന്റെ സ്ഥാപകനാണ് ലായി. സ്ഥാപനം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന കേസിനെത്തുടർന്നാണ് അറസ്റ്റ്.
മറ്റു രണ്ട് പേർക്കും ജാമ്യം നൽകിയെങ്കിലും ലായിക്ക് ജാമ്യം നിഷേധിച്ചു. കടന്നുകളയാൻ സാധ്യതയുണ്ടെന്നറിയിച്ചാണ് ലായിയെ ജയിലിലടച്ചത്. വസ്ത്ര വ്യാപാരിയായിരുന്ന ലായി പിന്നീട് മാധ്യമ സ്ഥാപനം ആരംഭിക്കുകയായിരുന്നു. ചൈനയുടെ നേതൃത്വത്തെ ലായി മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. ഹോങ്കോങ്ങിലുള്ളവർക്ക് ലായി വീരപുരുഷനാണ്. എന്നാൽ ചൈന ലായിയെ വഞ്ചകനായാണ് കണക്കാക്കുന്നത്.
Content highlights: Hong Kong pro-democracy tycoon Jimmy Lai detained