ഞാൻ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവൻ ആ കൊച്ചിനെ കൊന്നത്: സുരേഷ് കോടതിയിൽ
Mail This Article
കൊല്ലം∙ അഞ്ചലില്‍ ഏറം വിഷു (വെള്ളശ്ശേരിൽ) ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ മാപ്പ് സാക്ഷിയുടെ വിചാരണ പൂര്‍ത്തിയായി. ഉത്രയെ കടിച്ച മൂർഖന്റെ ചിത്രങ്ങള്‍ കണ്ട്, താൻ സൂരജിന് നൽകിയ പാമ്പാണിതെന്നു പാമ്പുപിടിത്തക്കാരൻ സുരേഷ് മൊഴി നൽകി. അടുത്ത ആഴ്ച ഉത്രയുടെ ബന്ധുക്കളെ വിസ്തരിക്കും.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഉത്ര വധക്കേസിന്റെ വിചാരണ നടക്കുന്നത്. സൂരജിന് വിറ്റ അണലിയെയും മൂര്‍ഖനേയും സുരേഷ് പിടികൂടുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കേസിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയാകുകയും ചെയ്ത പാമ്പുപിടിത്തക്കാരനെ പ്രതിഭാഗവും വിസ്തരിച്ചു. നിങ്ങൾ കൊലപാതകം ചെയ്തിട്ടില്ലല്ലോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് ഞാൻ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവൻ ആ കൊച്ചിനെ കൊന്നത് എന്നായിരുന്നു സുരേഷിന്റെ മറുപടി.
വിസ്താരം പൂർത്തിയായതിനാൽ സുരേഷിനെ ജയിലിലേക്കു തിരിച്ചയച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത മൂന്നു കേസില്‍ ഒന്നിന്റെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വധക്കേസിലെ മാപ്പ് സാക്ഷിക്ക് ഉടന്‍ ജയില്‍ നിന്നു പുറത്തിറങ്ങാനാകില്ല. ഉത്രയുടെ പിതാവ് വിജയസേനൻ, സഹോദരൻ വിഷു എന്നിവരെ അടുത്ത ബുധനാഴ്ച്ച വിസ്തരിക്കും. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്.
സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. സൂരജിന്റെ കുടുംബാംഗങ്ങള്‍ പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രവും കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.
English Summary: Kerala snakebite murder case: trial of approver completes