ശത്രു വിമാനങ്ങള്‍ ആകാശത്ത് ഭസ്മമാക്കും; 10 ആകാശ് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ ഭീഷണി നിലനിൽക്കെ തദ്ദേശീയമായി നിർമിച്ച മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ആകാശ് വ്യോമ പ്രതിരോധ മിസൈലുകളാണ് പരീക്ഷിച്ചത്. ഏത് ആക്രമണവും തടയാനാകുന്ന പത്തോളം ആകാശ് മിസൈലുകളാണ് പരീക്ഷിച്ചത്.
ആന്ധ്രപ്രദേശിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിങ് റേഞ്ചിലായിരുന്നു കഴിഞ്ഞയാഴ്ചത്തെ പരീക്ഷണങ്ങൾ. നേരിട്ടു തൊടുത്തപ്പോൾ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. ആകാശ് മിസൈലുകൾക്കൊപ്പം ഇഗ്ല മിസൈലുകളും പരീക്ഷിച്ചു. ഈ രണ്ടു മിസൈലുകളും നിലവിൽ കിഴക്കൻ ലഡാക്കിലും വിന്യസിച്ചിട്ടുണ്ട്. ആകാശ് മിസൈലുകൾ അടുത്തിടെ പരിഷ്കരിച്ചവയാണ്.
ഉയരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങൾ ഭേദിക്കാവുന്ന തരത്തിൽ ആകാശ് മിസൈലുകളെ പരിഷ്കരിക്കാനുള്ള ഗവേഷണങ്ങൾ ഡിആർഡിഒ നടത്തിവരികയാണ്. സംഘർഷ സാഹചര്യം പരിഗണിച്ച് കൂടുതൽ ഫലപ്രദമായവ മിസൈൽ സംവിധാനത്തിൽ കൊണ്ടുവരാനും ഡിആർഡിഒ ശ്രമിക്കുന്നുണ്ട്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ20 പോലുള്ളവയാണ് ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.
ഏഴു സ്ക്വാഡ്രൺ മിസൈൽ സംവിധാനങ്ങൾ സ്ഥാപിക്കാൻ വ്യോമസേനയ്ക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 5500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാക്കിസ്ഥാനും ചൈനയുമായുള്ള അതിർത്തിയിൽ ഇത്തരം മൂന്നു മിസൈൽ സംവിധാനങ്ങളാണ് വിന്യസിക്കാൻ പോകുന്നത്.
English Summary: Amid China border conflict, IAF testfires 10 Akash missiles to 'shoot down' enemy fighters