ഹൈദരാബാദില്‍ ത്രിശങ്കു; ടിആര്‍എസിനെ ഒവൈസി പിന്തുണച്ചേക്കും, കുതിച്ച് ബിജെപി
Mail This Article
ഹൈദരാബാദ് ∙ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 137ല്‍ 56 വാര്‍ഡുകളിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വിജയിച്ചപ്പോള്‍, 46 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി നേട്ടമുണ്ടാക്കി. കഴിഞ്ഞ ഭരണസമിതിയില്‍ 4 അംഗങ്ങള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്.
അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) 43 സീറ്റിലും കോണ്‍ഗ്രസ് 2 സീറ്റിലും ജയിച്ചു. 150 വാര്‍ഡുകളുള്ള ഹൈദരാബാദ് കോര്‍പറേഷനില്‍ 76 പേരുടെ പിന്തുണയാണ് ഭരണം പിടിക്കാന്‍ വേണ്ടത്.
ടിആര്‍എസിനെ ഒവൈസിയുടെ എഐഎംഐഎം പിന്തുണച്ചേക്കും. തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചു. 4 വർഷം മുൻപു നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ ടിആർഎസ് 99 സീറ്റുകൾ നേടിയിരുന്നു. ഡിസംബർ ഒന്നിനു നടന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്.
പ്രചാരണരംഗത്ത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രചാരണത്തിൽ സജീവമായത്. 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്-ബിജെപി നേരിട്ടുള്ള പോരാട്ടമായിരുന്നു.
Content Highlight: Hyderabad election results