ഡോളർ കടത്ത്: സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
Mail This Article
കൊച്ചി∙ ഡോളർ കടത്ത് കേസിൽ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ചോദ്യം ചെയ്യലിനു ഹാജരാകാൻ വൈകാതെ നോട്ടിസ് നൽകും.
സ്വർണക്കടത്തിനൊപ്പം കസ്റ്റംസ് അന്വേഷിക്കുന്ന ഡോളർ വിദേശത്തേക്കു കടത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ഇരുവരെയും ചോദ്യംചെയ്യുന്നത്. സ്വപ്നയുടെ മൊഴിയിൽ കോൺസുലേറ്റ് ജീവനക്കാരനായിരുന്ന ഈജിപ്ത് പൗരൻ ഖാലിദ് ഉൾപ്പടെയുള്ളവരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഖാലിദിന് കമ്മിഷൻ നൽകാൻ സന്തോഷ് ഈപ്പൻ കരിഞ്ചന്തയിൽനിന്ന് ഡോളർ വാങ്ങിയത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാലു ലക്ഷം യുഎസ് ഡോളറായും ഒരുകോടി ഇന്ത്യൻരൂപയായും ഖാലിദിനു കമ്മിഷനായി നൽകിയെന്നാണ് കണ്ടെത്തൽ. ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഡ്രൈവറെയും ഗൺമാനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഡോളർ കടത്തു കേസിൽ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴിയിൽ വമ്പൻ സ്രാവുകളുണ്ടെന്നും മൊഴി വിവരം പുറത്തു വന്നാൽ ഇരുവരുടെയും ജീവന് ഭീഷണിയായേക്കുമെന്ന് കോടതിയും സൂചിപ്പിച്ചിരുന്നു.
English Summary: Customs questions Santhosh Eapen in Dollar smuggling case